കേസുമായി ബന്ധമില്ല; ഭയപ്പെടുത്താനാണ് ശ്രമമെങ്കില്‍ പിണറായി മൂഢസ്വര്‍ഗത്തില്‍; അങ്ങനെ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും: കെ. സുധാകരന്‍
Kerala News
കേസുമായി ബന്ധമില്ല; ഭയപ്പെടുത്താനാണ് ശ്രമമെങ്കില്‍ പിണറായി മൂഢസ്വര്‍ഗത്തില്‍; അങ്ങനെ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th June 2023, 1:05 pm

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കേസില്‍ ഉള്‍പ്പെട്ടത് എങ്ങനെയാണെന്നതിനെ കുറിച്ച് പഠിച്ച് വരികയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മോന്‍സണിന്റെ ഇടപാടുകളില്‍ തനിക്ക് ബന്ധമില്ലെന്നും നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ലെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്നതില്‍ സംശയമില്ല. ഒരുപാട് കൊള്ളയടിച്ച കേസുകളില്‍ കുടുങ്ങി ജയിലില്‍ കിടക്കേണ്ടയാളാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്.

ഞങ്ങളത് വലിച്ച് കീറും. ഞങ്ങള്‍ ആ സത്യം ജനമധ്യത്തില്‍ കൊണ്ടുവരും. അത് തെളിയിക്കാനുള്ള നിയമപോരാട്ടത്തിലേക്ക് ഞങ്ങള്‍ പോകും. ഇപ്പോള്‍ അധികാരമുപയോഗിച്ച് തടുത്തുവെച്ചിരിക്കുന്ന മുഴുവന്‍ കേസുകളും ഇന്നോ നാളെയോ പുറത്തുവരും. അവിടെ കാണാം നമുക്ക് പിണറായി വിജയനെ.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും തന്നേയും കേസ് കാട്ടി അങ്ങ് ഭയപ്പെടുത്തിക്കളയാം എന്ന് പിണറായി വിജയന്‍ ധരിക്കുന്നുണ്ടെങ്കില്‍ മൂഢസ്വര്‍ഗത്തിലാണ് അദ്ദേഹം ജീവിക്കുന്നത് എന്ന് പറയേണ്ടി വരും. ഇതിന്റെയൊക്കെ മുന്നില്‍ വഴങ്ങിത്തരുന്നവരാണ് ഞങ്ങളെന്ന് അദ്ദേഹം കരുതിയിട്ടുണ്ടെങ്കില്‍ അദ്ദേഹം ഒരു കൂപമണ്ഡൂകമാണ്.

ആദ്യത്തെ സ്റ്റേറ്റ്‌മെന്റില്‍ പരാതിക്കാര്‍ എനിക്കെതിരെ മൊഴി നല്‍കിയിരുന്നില്ല. കണ്ണിന്റെ ചികിത്സക്കാണ് ഞാന്‍ മോന്‍സണിന്റെ വീട്ടില്‍ പോയത്. മോണ്‍സണ് ഒപ്പം ഫോട്ടോ എടുത്തതില്‍ എന്താണ് പ്രശ്‌നം. പല വി.ഐ.പികളും മോണ്‍സണ് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ട്,’ സുധാകരന്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് നോട്ടീസ് മൂന്ന് ദിവസം മുമ്പാണ് തനിക്ക് കിട്ടിയതെന്നും കെ. സുധാകരന്‍ പറഞ്ഞു. ‘ഞാന്‍ കാശ് വാങ്ങുന്നയാളാണെങ്കില്‍ വനംമന്ത്രി ആയപ്പോള്‍ കോടികള്‍ സമ്പാദിച്ചേനെ. കെ. സുധാകരന്‍ ആരോടും പണം വാങ്ങിയിട്ടില്ല. അങ്ങനെ നിങ്ങള്‍ക്ക് തെളിയിക്കാന്‍ സാധിച്ചാല്‍ പൊതുജീവിതം ഞാന്‍ അവസാനിപ്പിക്കും.

മോന്‍സണിന്റെ വീട്ടില്‍ പോയ പൊലീസുദ്യോഗസ്ഥര്‍ക്ക് എതിരെ കേസ് എടുക്കുന്നുണ്ടെങ്കില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് എടുക്കണം. എനിക്കെതിരെ കേസെടുത്തില്‍ ഒരു ഭയപ്പാടും ഇല്ല.

പരാതിക്കാരെ എനിക്ക് അറിയില്ല. അവരെ മുഖാമുഖം കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. ഇവരുടെ പിറകില്‍ ഈ കേസ് നടത്തിക്കാന്‍ മറ്റൊരു ശക്തിയുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.

മനസാ വാചാ കര്‍മണാ ബന്ധമില്ലാത്ത ഒരു കേസില്‍ ഞാന്‍ എന്തിനാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. നാളെ കോഴിക്കോട് ഒരു ക്യാമ്പ് ഉണ്ട്,’ കെ. സുധാകരന്‍ പറഞ്ഞു.

Content Highlights: k sudhakaran replies to crime branch notice and fraud case related monson mavunkal