എന്തൊരു നാണംകെട്ട കാര്യമാണ്; കോൺഗ്രസിന് ഇതൊന്നും ഒരു വിഷയമല്ല: കെ.കെ. ശൈലജ
Kerala
എന്തൊരു നാണംകെട്ട കാര്യമാണ്; കോൺഗ്രസിന് ഇതൊന്നും ഒരു വിഷയമല്ല: കെ.കെ. ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th November 2025, 2:37 pm

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ വാഗ്ദാനങ്ങള്‍ നല്‍കി ലൈംഗികമായി ചൂഷണം ചെയ്ത പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ

എന്തൊരു നാണംകെട്ട കാര്യമാണ് നടക്കുന്നതെന്നും ഒരു ജനപ്രതിനിധിയും പൊതുപ്രവർത്തകനായ ഒരാൾ ഇങ്ങനെ ചെയ്തത് എത്ര മോശമാണെന്നും ശൈലജ പറഞ്ഞു. എന്നാൽ കോൺഗ്രസിന് ഇതൊന്നും ഒരു വിഷയമല്ലെന്നും അവർ പറഞ്ഞു. ന്യൂസ് മലയാളം 24×7നോട് പ്രതികരിക്കുകയായിരുന്നു അവർ.

‘എന്തൊരു നാണംകെട്ട കാര്യമാണ് നടക്കുന്നത്. ഇത് സാധാരണക്കാർ ആര് ചെയ്താലും വലിയ കുഴപ്പമാണ്. അപ്പോൾ ഒരു ജനപ്രതിനിധിയും പൊതുപ്രവർത്തകനായ ഒരാൾ ഇങ്ങനെ ചെയ്തത് എത്ര മോശമാണിത്. എന്നാൽ കോൺഗ്രസിന് ഇതൊന്നും ഒരു വിഷയമല്ല,’ കെ.കെ. ശൈലജ പറഞ്ഞു.

ഇത്തരം ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഒരു വ്യക്തിയുമായാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതെന്നും ഇവർക്ക് യാതൊരു ധാർമികതയുമില്ലെന്നും അവർ പറഞ്ഞു.

‘ഇത്രത്തോളം വഞ്ചന ചെയ്ത ആളെ കോൺഗ്രസ് പുറത്താക്കിയെന്ന് പറയുന്നു. ഏത് കോൺഗ്രസിൽ നിന്നുമാണ് പുറത്താക്കിയത്. ഒരു ധാർമികതയുമില്ലാതായിട്ട് കോൺഗ്രസ് മാറിയെന്നതിന് ഉദാഹരമാണ് ഇത്,’ കെ.കെ. ശൈലജ പറഞ്ഞു.

രാഹുല്‍ ഗര്‍ഭം ധരിക്കാനായി തന്നെ നിര്‍ബന്ധിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറായില്ലെന്നും പെണ്‍കുട്ടി പുറത്തുവിട്ട ചാറ്റും കോള്‍ റെക്കോര്‍ഡിങ്ങും തെളിയിക്കുന്നു. ന്യൂസ് മലയാളം 24×7 ചാനലാണ് ചാറ്റും ഓഡിയോ റെക്കോഡിങ്ങും പുറത്തുവിട്ടിരിക്കുന്നത്.

പുറത്തെത്തിയ ചാറ്റുകളില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിക്കുന്നതായി കാണാം. പിന്നീട് ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി രാഹുലിനെ അറിയിക്കുമ്പോള്‍ ദേഷ്യപ്പെടുന്നതും തെറി വിളിക്കുന്നതുമാണ് കോള്‍ റെക്കോഡിങ്ങിലുള്ളത്.

ഗര്‍ഭിണിയാകാന്‍ തയ്യാറാകണമെന്നും നമ്മുടെ കുഞ്ഞുവേണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നുണ്ട്.

രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതായും ഒടുവില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിരുന്നെന്നും പെണ്‍കുട്ടി മുമ്പ് വെളിപ്പെടുത്തിയിരുന്നു. രാഹുലിനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തെ കോണ്‍ഗ്രസ് സസ്‌പെന്‍ഡും ചെയ്തു.

എന്നാല്‍, എം.എല്‍.എ സ്ഥാനത്ത് തന്നെ തുടര്‍ന്ന രാഹുല്‍ അല്‍പകാലം പൊതുമധ്യത്തില്‍ നിന്നും മാറി നിന്നെങ്കിലും ഇപ്പോള്‍ എം.എല്‍.എ എന്ന നിലയില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമാണ്. നിരവധി ഉദ്ഘാടന പരിപാടികളിലടക്കം പങ്കെടുക്കുന്നുണ്ട്.

Content Highlight: What a shameful thing; this is not an issue for Congress: K.K. Shailaja