ഇന്ത്യയില്‍ ഇപ്പോള്‍ തുഗ്ലക്ക് ഭരണം, ഹിറ്റ്‌ലറിനേക്കാളും സ്റ്റാലിനേക്കാളും മോശം ഭരണമാണ് ബി.ജെ.പിയുടേത് : മമത ബാനര്‍ജി
national news
ഇന്ത്യയില്‍ ഇപ്പോള്‍ തുഗ്ലക്ക് ഭരണം, ഹിറ്റ്‌ലറിനേക്കാളും സ്റ്റാലിനേക്കാളും മോശം ഭരണമാണ് ബി.ജെ.പിയുടേത് : മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd May 2022, 8:02 pm

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഡോള്‍ഫ് ഹിറ്റ്‌ലറിനേക്കാളും ജോസഫ് സ്റ്റാലിനേക്കാളും ബെനിറ്റോ മുസ്സോളിനിയേക്കാളും മോശമാണ് ബി.ജെ.പിയുടെ ഭരണമെന്ന് മമത ബാനര്‍ജി പറഞ്ഞു.

ഇന്ത്യയില്‍ നിലവില്‍ തുഗ്ലക്ക് ഭരണം നിലവിലുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ബുള്‍ഡോസര്‍ ചെയ്യുകയാണെന്നും അവര്‍ അരോപിച്ചു.

‘ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണം.

ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന കാര്യങ്ങളില്‍ ഇടപെട്ട് ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ ബുള്‍ഡോസര്‍ ചെയ്യുകയാണ്. ഈ ഏജന്‍സികള്‍ക്ക് സ്വയംഭരണാധികാരം നല്‍കണം,’ മമത ബാനര്‍ജി പറഞ്ഞു.

കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനെയും മമത വിമര്‍ശിച്ചു. ബി.ജെ.പി ഇത് എല്ലാം തെരഞ്ഞെടുപ്പിന് മുമ്പും ചെയ്യുന്നതാണ്, പാവപ്പെട്ടവര്‍ എങ്ങനെയാണ് 800 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് വാങ്ങുന്നതെന്നും മമത ചോദിച്ചു.

Content Highlights:West Bengal Chief Minister Mamata Banerjee against Center government