ന്യൂയോര്‍ക്ക്: ഇസ്രഈലി സേനയുടെയും കുടിയേറ്റക്കാരുടെയും ആക്രമണങ്ങളെത്തുടര്‍ന്ന് 2025 ജനുവരി മുതല്‍ ഇതുവരെ വെസ്റ്റ്ബാങ്കില്‍ 40,000ഓളം ഫലസ്തീനികള്‍ പലായനം ചെയ്തതായി യു.എന്‍. മേയ് ആദ്യവാരം ഫലസ്തീന്‍ ഭവനങ്ങള്‍ ഇസ്രാഈല്‍ പൊളിച്ചുമാറ്റിയതിനെത്തുടര്‍ന്ന് മാത്രം 24 കുട്ടികളടക്കം 42 ഫലസ്തീനികള്‍ക്ക് പലായനം ചെയ്യേണ്ടി വന്നതായും യുഎന്‍ സെക്രട്ടറി ജനറലിന്‌റെ വക്താവ് ഫര്‍ഹാന്‍ ഹഖ് യു.എന്‍ ആസ്ഥാനത്ത് വ്യക്തമാക്കി.
യു.എന്‍ ഓഫീസ് ഓഫ് ദ കോഡിനേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് അഫേഴ്‌സിന്റെ (ഒ.സി.എച്ച്.എ) കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഫര്‍ഹാന്‍ ഹഖ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. വെസ്റ്റ് ബാങ്കിന്‌റെ വിവിധ ഭാഗങ്ങളില്‍ ഇസ്രാഈല്‍ കുടിയേറ്റക്കാരും സൈന്യവും നടത്തുന്ന ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈലി കുടിയേറ്റക്കാര്‍ സൈന്യത്തിന്‌റെ സംരക്ഷണത്തോടെ ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണം നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയില്‍ ഫലസ്തീനികള്‍ക്ക് സൈനിക ആക്രമണങ്ങളും അറസ്റ്റുകളും വെടിവയ്പുകളും നേരിടേണ്ടി വരുന്നതായും ഹഖ് പറഞ്ഞു.
2023 ഒക്ടോബര്‍ മുതല്‍ ഇതുവരെ വെസ്റ്റ് ബാങ്കില്‍ 1155 ഫലസ്തീനികള്‍ ഇസ്രഈലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 11750ഓളം ഫലസ്തീനികള്‍ക്ക് ഈ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, ശനിയാഴ്ചയും വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ സൈന്യം ആക്രമണം നടത്തിയതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാല്‍ഖിയക്ക് സമീപം ജയ്യൗസ് പട്ടണത്തില്‍ ഇസ്രയേലി സൈന്യത്തിന്‌റെ ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായി.
ജെനിനിലും നബ്ലസിലും സേനയുടെ ആക്രമണം നടന്നതായും ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റമല്ല മേഖലയില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ ഒരു വാഹനത്തിന് തീവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രഈല്‍ വെസ്റ്റ്ബാങ്കില്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ഫലസ്തീന്‍ മേഖലകളിലെ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര നിയമ പ്രകരം നിയമവിരുദ്ധമാണ്.
ഇസ്രഈലിന്‌റെ കുടിയേറ്റ വ്യാപനം സമാധാനത്തിന് തടസമാണെന്ന് യു.എന്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlight: UN says Israeli attacks displaced 40,000 Palestinians in occupied West Bank