'രണ്ടില്‍ ഒരു സീറ്റ് ഞങ്ങള്‍ക്ക് വേണം'; രാജ്യസഭാ സീറ്റില്‍ എല്‍.ഡി.എഫിനോട് എല്‍.ജെ.ഡി
Kerala News
'രണ്ടില്‍ ഒരു സീറ്റ് ഞങ്ങള്‍ക്ക് വേണം'; രാജ്യസഭാ സീറ്റില്‍ എല്‍.ഡി.എഫിനോട് എല്‍.ജെ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2022, 8:38 am

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒഴിവുവരുന്ന രണ്ട് സീറ്റുകളില്‍ ഒന്ന് പാര്‍ട്ടിക്ക് അനുവദിക്കണമെന്ന് എല്‍.ഡി.എഫില്‍ ആവശ്യപ്പെടാനൊരുങ്ങി എല്‍.ജെ.ഡി. കോഴിക്കോട് ചേര്‍ന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ എം.പിയുടെ രാജ്യസഭ കാലാവധി അവസാനിക്കുന്നതിനാല്‍ ഈ സീറ്റ് തുടര്‍ന്ന് പാര്‍ട്ടിക്ക് ലഭിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

യു.ഡി.എഫിനൊപ്പം ചേര്‍ന്നപ്പോള്‍ വിരേന്ദ്രകുമാറിന് ലഭിച്ച സീറ്റിന്റെ ബാക്കി കാലയളവാണ് ശ്രേയാംസ്‌കുമാറിന് ലഭിച്ചതെന്നും ഒഴിവുവരുന്ന സീറ്റില്‍ ഒന്ന് പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നുമുള്ള അഭിപ്രായമാണ് പാര്‍ട്ടി നേതൃത്വത്തിന്.

നിയമസഭ തെരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിക്ക് മതിയായ സീറ്റ് ലഭിക്കാതെ പോയതുകൊണ്ട് രാജ്യസഭയുടെ കാര്യത്തില്‍ അത് ആവര്‍ത്തിക്കരുതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

എന്നാല്‍ ഒഴിവുവരുന്ന രണ്ട് സീറ്റുകള്‍ ഏറ്റെടുക്കാന്‍ സി.പി.ഐ.എമ്മും സി.പി.ഐയും എല്‍.ജെ.ഡിക്കൊപ്പം രംഗത്തെത്തിയതോടെ ചര്‍ച്ചകളിലേക്കും മുന്നണിയോഗത്തിലേക്കും കടക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.

സി.പി.ഐ.എമ്മിലെ സോമപ്രസാദിന്റേയും ശ്രേയാംസ്‌കുമാറിന്റേയും സീറ്റാണ് എല്‍.ഡി.എഫില്‍ ഒഴിവുവരുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ എം.പിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന നിലപാടാണ് സി.പി.ഐ.എമ്മിന്.

അടുത്ത രാജ്യസഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റെങ്കിലും നേടാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമം. രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ വിജയിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് കേരളത്തിലാണ്. അതുകൊണ്ട് രണ്ട് സീറ്റെങ്കിലും കിട്ടണമെന്നാണ് സി.പി.ഐ.എമ്മിന്റെ ആവശ്യം.

എന്നാല്‍ രണ്ട് സീറ്റ് ഒഴിവുവരുമ്പോള്‍ ഒന്ന് തങ്ങള്‍ക്ക് നല്‍കാമെന്ന് ഉറപ്പ് സി.പി.ഐ.എം പാലിക്കണമെന്നാണ് സി.പി.ഐയുടെ നിലപാട്.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിമടക്കമുള്ളവര്‍ പരിഗണനയിലുണ്ട്. സംസ്ഥാന സമ്മേളന ശേഷമുള്ള ആദ്യ സംസ്ഥാന സമിതി ബുധനാഴ്ച ചേരും.


Content Highlights: We want one of two seats: LJD to LDF in Rajya Sabha seat