പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മുസ്‌ലിം വോട്ടര്‍മാരെ കുറിച്ച് സംസാരിക്കുന്നതിനിടെ ബി.ജെ.പിക്ക് ‘നമക് ഹറാമുകളുടെ’ (ചതിയന്മാര്‍) വോട്ട് വേണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ശനിയാഴ്ച ബീഹാറിലെ അര്‍വാല്‍ ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം കൈപറ്റുന്ന മുസ്‌ലിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നില്ല. അവര്‍ ‘നമക് ഹറാ’മുകളാണ് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ബീഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ഗിരിരാജ് സിങ്.
‘ഒരിക്കല്‍ ഞാന്‍ ഒരു മൗലവി(മുസ്‌ലിം പുരോഹിതന്‍)യോട് ചോദിച്ചു ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടോയെന്ന്. അതിന് അയാള്‍ ഉണ്ടെന്നാണ് മറുപടി പറഞ്ഞത്.
ഈ കാര്‍ഡുകള്‍ കേന്ദ്രം ഹിന്ദു-മുസ്‌ലിം അടിസ്ഥാനത്തിലാണോ നല്‍കിയത് എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മറുപടി നല്‍കിയത്. അപ്പോള്‍ ഞാന്‍ ചോദിച്ചു. നിങ്ങള്‍ എന്നിട്ട് എനിക്ക് വോട്ട് ചെയ്‌തോ എന്ന്. ആദ്യം അതെയെന്ന് പറഞ്ഞെങ്കിലും ദൈവനാമത്തില്‍ സത്യമിടാന്‍ പറഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു അയാള്‍ പറഞ്ഞത്.
അയാള്‍ എനിക്ക് വോട്ട് ചെയ്തില്ല. മുസ്‌ലിങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്. പക്ഷെ, നമുക്ക് വോട്ട് ചെയ്യുന്നില്ല. ഇങ്ങനെയുള്ള ആളുകളെ ‘നമക് ഹറാം’ എന്നാണ് വിളിക്കേണ്ടത്. ഞാന്‍ ആ മൗലവിയോട് പറഞ്ഞു നമക് ഹറാമുകളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ടെന്ന്’, ഗിരിരാജ് സിങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങളെ അധിക്ഷേപിച്ചോ എന്നും താന്‍ മൗലവിയോട് ചോദിച്ചതായും അതിന് അദ്ദേഹം ഇല്ലെന്ന മറുപടി നല്‍കിയെന്നും ഗിരിരാജ് സിങ് പ്രസംഗത്തില്‍ അവകാശപ്പെട്ടു. മൗലവിയെ താന്‍ അപമാനിച്ചോ എന്ന ചോദ്യത്തിനും അദ്ദേഹം ഇല്ല എന്നാണ് മറുപടി നല്‍കിയതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
‘എനിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ മാത്രം എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് ചോദിച്ചു. കേന്ദ്രത്തിന്റെ കാരുണ്യത്തെ പോലും അംഗീകരിക്കാത്ത ഒരാളെ ‘നമക് ഹറാം’ എന്ന് തന്നെയാണ് വിളിക്കേണ്ടത്’, ഗിരിരാജ് പറഞ്ഞു.
ബീഹാറിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി എന്‍.ഡി.എ നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. വികസനപദ്ധതികള്‍ നടപ്പാക്കി. ബീഹാറില്‍ റോഡുകള്‍ ഉണ്ടാക്കുന്നത് എന്‍.ഡി.എ നേതാക്കള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയല്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ്. സമൂഹത്തിന് വേണ്ടി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നിട്ടും മുസ്‌ലിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നില്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു.
അതേസമയം, ബി.ജെ.പി നേതാവിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ആര്‍.ജെ.ഡി രംഗത്തെത്തി. ബി.ജെ.പി നേതാക്കള്‍ക്ക് ഹിന്ദു-മുസ്‌ലിം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, മികച്ച വിദ്യാഭ്യാസം, ആരോഗ്യരംഗത്തെ സൗകര്യങ്ങള്‍ എന്നിവയെ കുറിച്ച് അവര്‍ക്ക് സംസാരിക്കാന്‍ സാധിക്കുന്നില്ല.
വികസനത്തെ കുറിച്ച് സംസാരിക്കുമ്പോഴും ബി.ജെ.പിക്ക് പറയാനുള്ളത് ഹിന്ദു-മുസ്‌ലിം വിഷയങ്ങളാണ്. പ്രധാനവിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് അവരെന്നും ആര്‍.ജെ.ഡി സംസ്ഥാന വക്താവ് മൃത്യുഞ്ജയ് തിവാരി പി.ടി.എയോട് പ്രതികരിച്ചു.
അതേസമയം, 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 6നും 11നും രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം നവംബര്‍ 14ന് പ്രഖ്യാപിക്കും.
Content Highlight: We don’t need the votes of ‘Namak Haram’; Union Minister makes anti-Muslim speech in Bihar