ഡെലിവറി പാര്‍ടണര്‍ എന്നത് വിളിയില്‍ മാത്രം, അടിമകളെപ്പോലെയാണ് ഞങ്ങളെ കണക്കാക്കുന്നത്; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കുമെതിരെ ഡെലിവറി ബോയ്‌സ്
national news
ഡെലിവറി പാര്‍ടണര്‍ എന്നത് വിളിയില്‍ മാത്രം, അടിമകളെപ്പോലെയാണ് ഞങ്ങളെ കണക്കാക്കുന്നത്; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കുമെതിരെ ഡെലിവറി ബോയ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th August 2021, 3:45 pm

മുംബൈ: ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെലിവറി ബോയ്‌സ്. ഒരു കൂട്ടം ഡെലിവെറി ബോയ്‌സാണ് കമ്പനികള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

സ്വിഗ്ഗിക്കെതിരെ നേരത്തെ തന്നെ ആരോപണം ഉയര്‍ന്നുവന്നിരുന്നു. സ്വിഗ്ഗി ഡേ എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നാണ് ആദ്യം ആരോപണം ഉയര്‍ന്നുവന്നത്. ഇപ്പോള്‍ ഡെലിവറി ബോയ് എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നാണ് പുതിയ ആരോപണം.

സൊമാറ്റോ സ്ഥാപകന്‍ ദീപിന്ദര്‍ ഗോയലിനേയും സ്വിഗ്ഗിയുടെ ശ്രീഹര്‍ഷ മജെട്ടിയേയും ഡെലിവറി ബോയ്‌സ് നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടും ഒരുതരത്തിലുമുള്ള പ്രതികരണവും അവര്‍ നടത്തിയില്ലെന്നും ഡെലിവറി ബോയ് എന്ന ട്വിറ്റര്‍ ഹാന്റിലില്‍ ആരോപിക്കുന്നു.

” ഞങ്ങളെ അവര്‍ ഡെലിവറി പാര്‍ട്‌ണേഴ്‌സ് എന്നുവിളിക്കുന്നു, പക്ഷേ അത് അങ്ങനെയല്ല. അടിമകളെ പോലെയാണ് അവര്‍ ഞങ്ങളെ കണക്കാക്കുന്നത്,” സൊമാറ്റോയിലും സ്വിഗ്ഗിയിലും ഡെലിവറി നടത്തുന്ന ഗുജറാത്തിലെ ഒരു ഡെലിവറി ബോയ് പറഞ്ഞു.

സ്വിഗ്ഗി തങ്ങളുടെ ഡെലിവറി എക്സിക്യൂട്ടീവുകളെ അമിതമായി ചൂഷണം ചെയ്യുകയാണെന്നായിരുന്നു നേരത്തെ സ്വിഗ്ഗി ഡേ ആരോപിച്ചത്.

തൊഴിലാളികളെ വഞ്ചിക്കുന്നത് ഒരു കലയാണെങ്കില്‍, അതില്‍ സ്വിഗ്ഗി ഒരു പിക്കാസോ ആണ് എന്നും സ്വിഗ്ഗി ഡേ പറഞ്ഞിരുന്നു.

ദീര്‍ഘദൂരത്തേക്കുള്ള സര്‍വീസിന് ബോണസ് തരാതിരിക്കാന്‍ ഡെലിവറി എക്സിക്യൂട്ടീവുകളുടെ സമ്മതമില്ലാതെ സോണ്‍ പരിധി വര്‍ധിപ്പിക്കുകയാണെന്നും സ്വിഗ്ഗി ഡേ പറഞ്ഞിരുന്നു. റൂട്ട് മാപ്പ് സഹിതമായിരുന്നു ട്വീറ്റ്.

എന്നാല്‍ അന്നുതന്നെ ആരോപണങ്ങള്‍ നിഷേധിച്ച് സ്വിഗ്ഗി രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍ ഉപയോക്താവ് അപൂര്‍ണമായ സ്‌ക്രീന്‍ഷോട്ട് ആണ് പങ്കുവെച്ചതെന്നും ഡെലിവറി എക്സിക്യൂട്ടീവുകള്‍ക്ക് നല്‍കുന്ന വേതനത്തിന്റെ എല്ലാ ഘടകങ്ങളും ഇതില്‍ കാണാനാകുന്നില്ലെന്നുമാണ് സ്വിഗ്ഗി പറഞ്ഞത്.

 

 

 

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘We are slaves to them’: Zomato, Swiggy delivery workers speak up against unfair practices