അജണ്ട വെച്ചാണ് ചിലമാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചത്; വാര്‍ത്താസമ്മേളനത്തില്‍ സംഭവിച്ചതിനെക്കുറിച്ച് സജിത മഠത്തിലും ദീദി ദാമോദരനും സംസാരിക്കുന്നു
Gender Equity
അജണ്ട വെച്ചാണ് ചിലമാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചത്; വാര്‍ത്താസമ്മേളനത്തില്‍ സംഭവിച്ചതിനെക്കുറിച്ച് സജിത മഠത്തിലും ദീദി ദാമോദരനും സംസാരിക്കുന്നു
ലിനിഷ മാങ്ങാട്
Sunday, 14th October 2018, 8:02 pm

കോഴിക്കോട്: കഴിഞ്ഞ ദിവസം ഡബ്ല്യൂ.സി.സി. നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ അജണ്ട വെച്ച് സംസാരിക്കുകയായിരുന്നുവെന്ന് ഡബ്ല്യൂ.സി.സി. അംഗങ്ങളായ സജിത മഠത്തിലും ദീദി ദാമോദരനും. തങ്ങള്‍ എ.എം.എം.എ എന്ന സംഘടനയെ അവഹേളിക്കാന്‍ വേണ്ടി മാത്രമാണ് പത്രസമ്മേളനം നടത്തിയതെന്ന രീതിയിലാണ് ചില മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെന്നും അവര്‍ പറഞ്ഞു.

തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാതെ കൃത്യമായ അജണ്ട വെച്ചുകൊണ്ടാണ് ചില മാധ്യമങ്ങള്‍ തങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചത്. തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ വാക്കുകള്‍ കൊണ്ട് അക്രമിക്കുന്ന രീതിയാണ് ചില മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ചത് “സജിത മഠത്തില്‍” ഡൂള്‍ന്യുസിനോട് പറഞ്ഞു.


Read Also : നടി അര്‍ച്ചന പത്മിനിയുടെ തുറന്നുപറച്ചില്‍; അരോപണ വിധേയനെ പിന്തുണച്ചും എതിര്‍ത്തും ഫെഫ്ക്കയിലെ വാട്സാപ് ചര്‍ച്ച; ഭിന്നത രൂക്ഷം


ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്ന വിശ്വാസത്തിലാണ് പത്രസമ്മേളനം വിളിച്ചത്. എന്നാല്‍ ഞങ്ങള്‍ പത്രക്കാരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യത്തിനും ഉത്തരം പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്ന തരത്തിലാണ് അവരുടെ ചോദ്യങ്ങള്‍. ഞങ്ങള്‍ മോഹന്‍ലാലിനെ ഉപദ്രവിക്കാന്‍ വേണ്ടിയാണ് പലതും പറയുന്നതെന്നായിരുന്നു ചിലരുടെ വാദം. രണ്ടോ മൂന്നോ പേരാണ് ഇത്തരത്തില്‍ സംസാരിച്ചത്. സജിത മഠത്തില്‍ പറയുന്നു.

ഒരു തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നമ്മള്‍ കാണുന്ന “വെര്‍ബല്‍ അറ്റാക്കിന്റെ” ചെറിയ രൂപമാണ് പത്രസമ്മേളനത്തില്‍ കണ്ടത്. ഡബ്ല്യൂ.സി.സി. ഉണ്ടായതിന് ശേഷമുള്ള ആദ്യത്തെ പത്രസമ്മേളനമായിരുന്നു അത്. സമൂഹത്തിന്റെ ഒരു പരിഛേദമാണ് മാധ്യമങ്ങള്‍. ഇതിലൂടെ ഞങ്ങള്‍ പലതും പഠിക്കുകയാണ് എന്നും സജിത മഠത്തില്‍ പറഞ്ഞു.

ചില മാധ്യമങ്ങള്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നുവെന്നാണ് വഷയത്തില്‍ ദീദി ദാമോദരന്‍ ഡൂള്‍ന്യുസിനോട പ്രതികരിച്ചത്. ഡബ്ല്യൂ.സി.സി. ഇങ്ങനെ പറയുകയാണെങ്കില്‍ അത് അറ്റാക്ക് ചെയ്യപ്പെടേണ്ടതാണ് എന്ന ബോധത്തിന്റെ പുറത്താണ് അവര്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചൂഷണം ചെയ്യപ്പെട്ട സ്ത്രീകള്‍ സമൂഹത്തിന് മുന്‍പില്‍ അത് തുറന്ന് പറയുന്ന സമയമാണിത്. സിനിമയില്‍ മാത്രമല്ല എവിടെയായാലും അതിന്റെ ഗുണഭോക്താക്കള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ദീദി ദാമോദരന്‍ പറയുന്നു.

തുറന്നുപറച്ചിലുകളെ ഭയക്കുന്ന ആണുങ്ങള്‍ എല്ലായിടത്തുമുണ്ടാകും. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന ഏത് സ്വരവും ഇല്ലാതാക്കാനുള്ള അവരുടെ ശ്രമമാണ് ഇന്നലെ ഉണ്ടായിട്ടുള്ളത്. അവര്‍ക്കതില്‍ അസ്വാസ്ഥ്യമുണ്ട്. അത് സ്വാഭാവികമാണ്. അതൊരിക്കലും അത്ഭുതപ്പെടുത്തുന്നതല്ലെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി.

“ഉറച്ച ശബ്ദമുള്ള സ്ത്രീകളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നുന്ന എല്ലാവരും അങ്ങനെയാണ് പ്രതികരിക്കുക. ഇത്തരം ഗീര്‍വാണങ്ങളെ എനിക്ക് അവരുടെ നിലവിളികളായാണ് തോന്നുന്നത്. തകര്‍ന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വിലാപങ്ങള്‍ പോലെയാണ് തോന്നുന്നത്. ഫെമിനിച്ചി വിളികളുണ്ടാകുന്നതും അവരുടെ സ്ഥാനം നഷ്ടപ്പടുന്നുവെന്ന ഭയത്തില്‍ നിന്നുമുണ്ടാവുന്നതാണ്. അത് നിവൃത്തികേടിന്റെ കരച്ചിലാണ്”. ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം കളിയാക്കലുകള്‍ കൊണ്ട് അധികകാലം പോകാന്‍ ആര്‍ക്കും പറ്റില്ല എന്ന് അവര്‍ക്കും ഇത് കണ്ടുനില്‍ക്കുന്നവര്‍ക്കും നല്ല ബോധ്യമുണ്ട്. അതില്‍ ഞങ്ങളെ പേടിപ്പിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

ഡബ്ല്യൂ.സി.സി അംഗങ്ങളുടെ വാര്‍ത്താസമ്മേളനത്തെ മാധ്യമപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് നെറ്റവര്‍ക്ക ഓഫ് വുമണ്‍ ഇന്‍ മീഡിയ ഇറക്കിയ പ്രസ്താവന

“മലയാള ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ള്യൂ സി സി എറണാകുളത്തു 13/10/2018 ശനിയാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ട രീതിക്കെതിരെ പൊതുസമൂഹത്തില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു. തങ്ങളുടെ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും തങ്ങളുടെ തന്നെ ഒരു സഹപ്രവര്‍ത്തയ്ക്ക് ഒന്നരവര്‍ഷം മുന്‍പ് നേരിട്ട അതിക്രൂര ലൈംഗിക അതിക്രമത്തിലെ അനീതികളും വിശദീകരിച്ച പത്രസമ്മേളനത്തില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ബോധപൂര്‍വമായ അപമാനശ്രമമായി എന്‍ ഡബ്ള്യൂ എം ഐ മനസ്സിലാക്കുന്നു.

ഒറ്റപ്പെട്ട ചിലര്‍ നടത്തിയ ഈ അവഹേളനശ്രമത്തില്‍ എന്‍ ഡബ്ള്യൂ എം ഐ ശക്തമായി പ്രതിഷേധിക്കുന്നു. പത്രസമ്മേളനത്തില്‍ പത്രപ്രവര്‍ത്തകര്‍ കാണിക്കേണ്ട ഔചിത്യം പാലിക്കാതിരുന്നത് മാധ്യമധര്‍മത്തെ പൊതുസമൂഹത്തിനു മുന്‍പില്‍ അവഹേളിക്കുന്നതിനു തുല്യമാണ്. ഇതിലുള്ള എന്‍ ഡബ്ള്യൂ എം ഐ യുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനോടൊപ്പം ഡബ്ള്യൂ സി സി പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ നേരിട്ട ബുദ്ധിമുട്ടിനു മാധ്യമലോകത്തിനുവേണ്ടി ഞങ്ങള്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു”


ലിനിഷ മാങ്ങാട്
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസം ഡിപ്ലോമ