ബെംഗളൂരുവിലെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശമെന്ന് പരാതി, ഡയലോഗ് നീക്കം ചെയ്യുമെന്ന് ടീം ലോകഃ
Malayalam Cinema
ബെംഗളൂരുവിലെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശമെന്ന് പരാതി, ഡയലോഗ് നീക്കം ചെയ്യുമെന്ന് ടീം ലോകഃ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd September 2025, 3:31 pm

കളക്ഷന്‍ റെക്കോഡുകള്‍ ഒരോന്നായി തകര്‍ത്ത് മുന്നേറുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. സൂപ്പര്‍ഹീറോ ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് ലീഡ് റോളിലെത്തിയത്. ഓണം റിലീസായെത്തിയ ചിത്രം സീസണ്‍ വിജയിച്ച് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്.

എന്നാല്‍ ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ ചിത്രത്തെ ചൊല്ലി പല വിവാദങ്ങളും ഉടലെടുത്തിരിക്കുകയാണ്. ബെംഗളൂരുവിലെ സ്ത്രീകളെ മോശമാക്കി കാണിക്കുന്ന തരത്തില്‍ ഡയലോഗുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. സാന്‍ഡ് അവതരിപ്പിച്ച നാച്ചിയപ്പ ഗൗഡ തന്റെ അമ്മയോട് പറയുന്ന ഡയലോഗാണ് വിവാദത്തിന് വഴിവെച്ചത്.

‘ഞാന്‍ കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ബെംഗളൂരുവിന് പുറത്തുള്ള പെണ്‍കുട്ടികളെയായിരിക്കും. ഈ നാട്ടിലുള്ള പെണ്ണുങ്ങളെല്ലാം ഒരു പ്രയോജനവുമില്ലാത്തവരാണ്’ എന്നായിരുന്നു ഡയലോഗ്. ഇത് ബെംഗളൂരുവിലെ സ്ത്രീകളെ മോശമായി കാണിക്കുന്നു എന്നാണ് ചിലര്‍ ആരോപിച്ചത്. ലോകഃക്കെതിരെ ഇവര്‍ രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ അനാവശ്യമായി വിവാദമുണ്ടാക്കാന്‍ താത്പര്യമില്ലാത്ത അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ആരെയും വേദനിപ്പിക്കണമെന്ന ദുരുദ്ദേശത്തോടെയല്ല ഇതെല്ലാം ചെയ്തതെന്ന് നിര്‍മാതാക്കളായ വേഫറര്‍ ഫിലിംസ് അറിയിച്ചു. ചിത്രത്തിലെ ആ ഡയലോഗ് മ്യൂട്ട് ചെയ്യുകയോ എഡിറ്റ് ചെയ്ത് മാറ്റുകയോ ചെയ്യുമെന്ന് വേഫറര്‍ ഫിലിംസ് ഉറപ്പുനല്‍കി. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിനെതിരെ തീവ്ര വലതുപക്ഷ ചായ്‌വുള്ള ചില പേജുകള്‍ എക്‌സില്‍ രംഗത്തെത്തി. ഹിന്ദുഫോബിയ നിറഞ്ഞ ചിത്രമാണ് ലോകഃ എന്നാണ് ചിലര്‍ വാദിച്ചത്. മലയാളത്തില്‍ നിന്ന് ഇറങ്ങുന്ന സിനിമകളെല്ലാം ഹിന്ദുവിരുദ്ധമാണെന്നും അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ലോകഃ എന്നും ഇത്തരക്കാര്‍ ആരോപിക്കുന്നു. മുസ്‌ലിമായ നിര്‍മാതാവും ക്രിസ്ത്യാനിയായ സംവിധായകനും ചേര്‍ന്ന് ഒരുക്കിയ ഹിന്ദുവിരുദ്ധ സിനിമയെന്നും ലോകഃയെ വിമര്‍ശിക്കുന്നവരുണ്ട്.

അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര പ്രേക്ഷകരിലേക്കെത്തിയത്. മലയാളികള്‍ കേട്ടു ശീലിച്ച കഥയെ ഇന്നത്തെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രം ഗംഭീര സിനിമാനുഭവമാണ് സമ്മാനിച്ചത്. റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് 60 കോടിക്കുമുകളില്‍ കളക്ഷന്‍ നേടാനും ലോകഃക്ക് സാധിച്ചു.

Content Highlight: Wayfarer films announced that they will remove the controversial dialogue from Lokah movie that hurts the sentiments of Karnataka people