ജലക്ഷാമം രൂക്ഷം; ഇറാന്‍ തലസ്ഥാനം ടെഹ്‌റാനില്‍ നിന്ന് മാറ്റേണ്ടി വരുമെന്ന് പെസസ്കിയാൻ
World
ജലക്ഷാമം രൂക്ഷം; ഇറാന്‍ തലസ്ഥാനം ടെഹ്‌റാനില്‍ നിന്ന് മാറ്റേണ്ടി വരുമെന്ന് പെസസ്കിയാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd October 2025, 1:35 pm

ടെഹ്‌റാൻ : ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാന്റെ തലസ്ഥാനം ടെഹ്റാനിൽ നിന്നും മാറ്റണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്കിയാൻ.

കടുത്ത ജലക്ഷാമം മൂലം പ്രധാന ജലസംഭരണികൾ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടെഹ്‌റാന് രാജ്യത്തിന്റെ തലസ്ഥാനമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ തീരുമാനം എടുക്കേണ്ടിവരുന്നതാണെന്ന് പെസസ്കിയാൻ പറഞ്ഞു. തലസ്ഥാനം മാറ്റുകയെന്ന ആശയം സമുന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ വർഷത്തെ സ്ഥിതി അത്രയും ഗുരുതരമാണ്. സാധാരണ 260 മില്ലിമീറ്റർ മഴ ലഭിക്കുന്നിടത്ത് കഴിഞ്ഞ വർഷം 140 മില്ലിമീറ്റർ മഴയായിരുന്നു ലഭിച്ചത്. ഏകദേശം 50 മുതൽ 60 ശതമാനം വരെ മഴ കുറഞ്ഞു,’ ഹോമോർസ്ഗാൻ പ്രവിശ്യയിൽ സംസാരിക്കവെ പെസസ്കിയാൻ പറഞ്ഞു.

ടെഹ്റാനിലെ ജനസംഖ്യാ വർധനവ്, വൈദ്യുതി ക്ഷാമം, ജലക്ഷാമം എന്നിവ കാരണം ജനുവരിയിൽ ഇറാൻ തലസ്ഥാനം തെക്കൻ തീരദേശ മേഖലയായ മക്രാനിലേക്ക് മാറ്റുമെന്ന ആവശ്യമുയർന്നിരുന്നു.

ടെഹ്‌റാനെ കൂടാതെ കരാജ്, കാസ്‌വിൻ തുടങ്ങിയ മേഖലകളിലും ജലക്ഷാമം രൂക്ഷമാകുന്നുണ്ട്.

ടെഹ്റാനിലെക്ക് വെള്ളം കൊണ്ടുപോകുന്നതിന് ഒരു ക്യൂബിക് മീറ്ററിന് ഏകദേശം 4.65 ഡോളർ വരെ ചെലവ് വരുമെന്ന് പെസസ്കിയാൻ പറഞ്ഞു.

19 പ്രധാന അണക്കെട്ടുകൾ 20 ശതമാനത്തിൽ താഴെ ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഗതാഗതക്കുരുക്കും മലിനീകരണവും മുതൽ ഭൂകമ്പ സാധ്യതയും ജലക്ഷാമവും വരെയുള്ള ഈ പ്രദേശത്തെ തലസ്ഥാന നഗരിയായി നിലനിർത്താതാൻ സാധിക്കില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.

2016 ൽ ഇതിനെക്കുറിച്ച് പഠിക്കാനായുള്ള പ്രമേയം പാർലമെന്റ് അംഗീകരിച്ചിരുന്നു. എന്നാൽ ഉയർന്ന ചെലവും രാഷ്ട്രീയ പ്രതിരോധവും കാരണം നടന്നിരുന്നില്ല.

കഴിഞ്ഞ 5 വർഷമായി രാജ്യം വരൾച്ചയെ നേരിടുന്നുണ്ടെന്ന് പരിസ്ഥിതി സംരക്ഷണ സംഘടന ഡയറക്റടർ ഷീന അൻസാരി പറഞ്ഞു.

Content Highlight: Water shortages are severe; Iran’s capital may have to be moved from Tehran, says Pessakian