ന്യൂസിലാന്‍ഡിന് എതിരെയുള്ള ടി – 20 പരമ്പരക്കും ലോകകപ്പിനും ഒരുങ്ങുന്ന ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് ന്യൂസിലാന്‍ഡിന് എതിരെയുള്ള ടി – 20 പരമ്പര നഷ്ടമാവും. പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ താരം കളിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കിവീസിന് എതിരെ വഡോദരയില്‍ നടന്ന ഒന്നാം ഏകദിനത്തിനിടെയാണ് സുന്ദറിന് പരിക്കേറ്റത്. മത്സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെ താരത്തിന് ഇടത് വാരിയെല്ലിന് താഴെ അസ്വസ്ഥത അനുഭവപ്പെട്ടുകയായിരുന്നു. പിന്നാലെ ഫീല്‍ഡ് വിട്ട താരം ഇന്ത്യക്കായി ബാറ്റിങ്ങിന് എത്തിയിരുന്നു.
വാഷിങ്ടൺ സുന്ദർ. Photo: Johns/x.com
രണ്ടാം ഏകദിനത്തിന് മുന്നോടിയായി സുന്ദര്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുകയില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. സൈഡ് സ്‌ട്രെയിനുണ്ടെന്നും അതിനാല്‍ താരത്തിന് വിശ്രമം വേണമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു.
അന്ന് തന്നെ സുന്ദറിനെ കൂടുതല്‍ സ്‌കാനിങ്ങിന് വിധേയമാകുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ഇപ്പോള്‍ ഈ പരിക്കില്‍ നിന്ന് മുക്തനാവാന്‍ താരത്തിന് കൂടുതല്‍ സമയം വേണമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇതാണ് ഓള്‍റൗണ്ടര്‍ക്ക് ടി – 20 പരമ്പര നഷ്ടമാവുന്നതിന് കാരണം. താരം ഉടന്‍ തന്നെ എന്‍.സി.എയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് വിവരം.
നേരത്തെ, ന്യൂസിലാന്‍ഡിന് എതിരെയുള്ള ടി – 20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് സൂപ്പര്‍ താരം തിലക് വര്‍മ പുറത്തായിരുന്നു. വിജയ് ഹസാരെയ്ക്കിടെ വയറുവേദന അനുഭവപ്പെട്ടതോടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതാണ് താരത്തിന് ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ട്ടമാവുന്നതിലേക്ക് നയിച്ചത്.
തിലക് വര്‍മ. Photo: Johns/x.om
തിലകിന് പിന്നാലെ പരിക്കേറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് ഏകദിന പരമ്പരയില്‍ നിന്നും പുറത്തായിരുന്നു. താരത്തിന് പരിശീലനത്തിനിടെ ശരീരത്തില്‍ പന്ത് കൊള്ളുകയായിരുന്നു.
അതേസമയം, ടി – 20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ഇന്ത്യന്‍ ടീമിന് തലവേദനയാണ്. തിലക് വര്‍മയും വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയുടെ ലോകക്കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുവരും എന്ന് പരിക്ക് മാറി വരുമെന്ന കാര്യം വ്യക്തമല്ല.
ഫെബ്രുവരി ഏഴ് മുതലാണ് ലോകകപ്പിന് തുടക്കമാവുന്നത്. ശ്രീലങ്കയും ഇന്ത്യയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോര് മാര്‍ച്ച് എട്ടിനാണ് നടക്കുക.