ഇത് ഒരൊന്നൊന്നര യുദ്ധം തന്നെയായിരിക്കും, ക്ലാഷിന് വരുന്നവര്‍ പാടുപെടുമെന്ന് ഉറപ്പ്
Entertainment
ഇത് ഒരൊന്നൊന്നര യുദ്ധം തന്നെയായിരിക്കും, ക്ലാഷിന് വരുന്നവര്‍ പാടുപെടുമെന്ന് ഉറപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th May 2025, 12:25 pm

ബോളിവുഡ് സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വാര്‍ 2. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമായാണ് വാര്‍ 2 എത്തുന്നത്. ഈ യൂണിവേഴ്‌സില്‍ ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രമാണ് കബീര്‍. ഹൃതിക് റോഷനാണ് കബീറായി വേഷമിടുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം വന്‍ വിജയമായിരുന്നു.

സ്‌പൈ യൂണിവേഴ്‌സില്‍ പിന്നീട് വന്ന രണ്ട് സിനിമകളിലും കബീറിന്റെ റഫറന്‍സിന് വലിയ പ്രതികരണമായിരുന്നു. ഇപ്പോഴിതാ വാര്‍ 2വിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യഭാഗത്തെക്കാള്‍ വലിയ സ്‌കെയിലില്‍ ഗംഭീര ആക്ഷന്‍ ത്രില്ലറായാണ് വാര്‍ 2 ഒരുങ്ങുന്നത്. തെലുങ്ക് താരം ജൂനിയര്‍ എന്‍.ടി.ആറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തില്‍ വില്ലനായാണ് ജൂനിയര്‍ എന്‍.ടി.ആര്‍ വേഷമിടുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഹൃതിക് റോഷന്റെ സ്‌ക്രീന്‍ പ്രസന്‍സിന് മുന്നില്‍ ജൂനിയര്‍ എന്‍.ടി.ആറിന് പിടിച്ചു നില്‍ക്കാനാകുമോ എന്നാണ് പലരും ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ടൈഗര്‍ ഷ്‌റോഫിന് പോലും ഹൃതികിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

സ്‌പൈ യൂണിവേഴ്‌സിലെ മുന്‍ ചിത്രമായ ടൈഗര്‍ 3യുടെ എന്‍ഡ് ക്രെഡിറ്റില്‍ കബീര്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഡയലോഗുകളൊന്നും ഇല്ലാതിരുന്നിട്ടും തന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് ഹൃതിക് ആ രംഗം ഗംഭീരമാക്കി. അഞ്ച് വര്‍ഷത്തിന് ശേഷം സ്‌പൈ യൂണിവേഴ്‌സിലെ കരുത്തന്‍ തിരിച്ചുവരുമ്പോള്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കുമെന്ന് ഉറപ്പാണ്.

അയാന്‍ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധാനം. യേ ജവാനി ഹേ ദിവാനി, ബ്രഹ്‌മാസ്ത്ര എന്നീ ഹിറ്റുകള്‍ക്ക് ശേഷം അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കിയാര അദ്വാനിയാണ് വാര്‍ 2വില്‍ നായികയായി എത്തുന്നത്. ഈ യൂണിവേഴ്‌സിലെ മറ്റ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ അതിഥിവേഷവും വാര്‍ 2വില്‍ പലരും പ്രതീക്ഷിക്കുന്നുണ്ട്.

ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ റിലീസ്. ഇതേ ദിവസം തന്നെയാണ് രജിനികാന്തിന്റെ കൂലിയും തിയേറ്ററുകളിലെത്തുന്നത്. ലിയോ എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കന്നഡ താരം ഉപേന്ദ്ര, തെലുങ്ക് താരം നാഗാര്‍ജുന, തമിഴ് താരം സത്യരാജ് എന്നിവരോടൊപ്പം മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിറും കൂലിയുടെ ഭാഗമാകുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാനും കൂലിയില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷാകും ഓഗസ്റ്റ് 14നെന്ന് ഏറെക്കുറെ ഉറപ്പായി.

Content Highlight: War 2 movie teaser out now