ഗോദ എന്ന ബേസിൽ ജോസഫ് ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് വാമിക ഗബ്ബി. ജബ് വി മെറ്റ് എന്ന ഹിന്ദി ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെ ബാലതാരമായാണ് വാമിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ന് ബോളിവുഡിലും സൗത്ത് ഇന്ത്യയിലും ഒരുപോലെ തിരക്കുള്ള താരമാണ് വാമിക ഗബ്ബി.
ഇപ്പോൾ ആലിയ ഭട്ടിൽ നിന്ന് എന്താണ് മോഷ്ടിക്കാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് വാമിക. ആലിയ ഭട്ടിൽ നിന്ന് തനിക്ക് കരൺ ജോഹറെയാണ് മോഷ്ടിക്കേണ്ടതെന്ന് വാമിക പറയുന്നു. നയൻദീപ് രക്ഷിതിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. നേരത്തെ ഐശ്വര്യ റായ്, സോനാക്ഷി സിൻഹ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങൾ ആലിയയ്ക്ക് കരൺ ജോഹറിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു.
‘ആലിയയിൽ നിന്ന് കരണിനെ മോഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹം ആലിയയുടെ ഏറ്റവും വലിയ സപ്പോട്ടർ ആണ്. അത്രയും ശക്തനും കഴിവുള്ളവനുമായ ഒരാളെ സിനിമയിൽ ആ സ്ഥാനത്ത് ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.
നമ്മുടെ ജീവിതത്തിലേക്ക് ഒരു വ്യക്തി കടന്നുവരുന്നു. അയാൾക്ക് നമ്മൾ കൊടുക്കുന്ന സ്നേഹം അതേ അളവിൽ തന്നെ നമുക്ക് തിരിച്ച് കിട്ടുന്നത് ജീവിതത്തിൽ മനോഹരമായ കാര്യമല്ലേ?,’ വാമിക ഗബ്ബി പറയുന്നു.
അനന്യ പാണ്ഡെയുടെ സ്കിൻ, കീർത്തി സുരേഷിന്റെ വിനയം, വരുൺ ധവാന്റെ എനർജി, ഷാരൂഖ് ഖാന്റെ പാരമ്പര്യം, കൃതി സനോണിന്റെ ഉയരം എന്നിവ മോഷ്ടിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വാമിക ഗബ്ബി അതേ അഭിമുഖത്തിൽ പറഞ്ഞു.