പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം ആര്‍.എസ്.എസ് ക്രിമിനലുകള്‍ നടപ്പിലാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണ്‍ എന്ന യുവാവിനെ തല്ലിക്കൊന്ന വാര്‍ത്ത കേവലം ഒരു ആള്‍ക്കൂട്ട ആക്രമണമല്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
ഉത്തര്‍പ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള കൊലപാതകമാണ് വാളയാറില്‍ നടന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
‘നീ ബംഗ്ലാദേശുകാരനാണോ?’ എന്ന് ചോദിച്ചായിരുന്നു ആ മര്‍ദനം. കേവലം സംശയത്തിന്റെ പേരിലല്ല, മറിച്ച് വിദ്വേഷം തലയ്ക്കുപിടിച്ച ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
സംഘപരിവാര്‍ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി രാം നാരായണ്‍ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചത്. ഈ കൊലപാതകത്തില്‍ ശക്തമായ അന്വേഷണം വേണം. ഗൂഢാലോചന പുറത്തുകൊണ്ടുവരണം. പിടിയിലായ പ്രതികള്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. ഇവരുടെ ഫോണ്‍ കോളുകള്‍ അടിയന്തരമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കൊലയാളികളെ സംരക്ഷിക്കാനും നിയമത്തില്‍ നിന്ന് രക്ഷിക്കാനും ബി.ജെ.പി-ആര്‍.എസ്.എസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സജീവമായി രംഗത്തുണ്ട്. ഭരണകൂടം ഈ ഒത്തുകളി അനുവദിക്കരുത്. കേരളത്തിന്റെ മണ്ണില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വിദ്വേഷ രാഷ്ട്രീയത്തിന് വിത്തിടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതാവണം ഈ കേസ്,’ സന്ദീപ് വാര്യര്‍ കുറിച്ചു.
മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത ഈ വിദ്വേഷ പ്രത്യയശാസ്ത്രത്തെ നമുക്ക് ചെറുത്തേ മതിയാകൂ. രാം നാരായണന് നീതി ലഭിക്കും വരെ പ്രതിഷേധം തുടരും. പ്രതികളെയും അവരെ സഹായിക്കുന്ന നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
നിലവില്‍ വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, ബിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഏഴ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും വിവരമുണ്ട്.
Content Highlight: Walayar mob lynching; A blatant communal murder carried out by BJP-RSS: Sandeep Varier