ചണ്ഡീഗഡ്: എല്‍.പി.ജി സിലിണ്ടറിനായി ക്യൂവില്‍ നില്‍ക്കുകയായിരുന്ന 66കാരന്‍ കുഴഞ്ഞുവീണു മരിച്ചു. പഞ്ചാബിലെ ബര്‍ണാല ജില്ലയിലാണ് സംഭവം. 66കാരനായ ഭൂഷണ്‍ കുമാര്‍ മിത്തല്‍ എന്നയാളാണ് മരണപ്പെട്ടതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തേക്കുള്ള എണ്ണ, പ്രകൃതി വാതകങ്ങളുടെ വരവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. രാജ്യത്ത് എല്‍.പി.ജിക്കും ഇന്ധനത്തിനും ക്ഷാമം അനുഭവപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചാബില്‍ നിന്നുള്ള ദാരുണ വാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്.
സെഹ്‌ന ബ്ലോക്കിലുള്ള എല്‍.പി.ജി വിതരണ ഏജന്‍സിയിലേക്ക് രാവിലെ ഗ്യാസ് സിലിണ്ടര്‍ വാങ്ങാനായി പോയതായിരുന്നു മിത്തല്‍. രാവിലെ എട്ട് മണി മുതല്‍ ക്യൂവില്‍ നില്‍ക്കാന്‍ ആരംഭിച്ചിരുന്നു. 25ാം നമ്പര്‍ ടോക്കണായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചതെന്നും കണ്ട് മണിക്കൂറിലേറെ നേരെ ക്യൂവില്‍ തുടരുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് രാവിലെ പത്ത് മണിയോടെ മിത്തല്‍ കുഴഞ്ഞുവീണത്. ഉടനെ സമീപത്തുള്ള പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പെ മരണം സംഭവിച്ചിരുന്നെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്ടര്‍മാര്‍ അറയിച്ചതായി മിത്തലിന്റെ മകന്‍ ദേവ് രാജ് മാധ്യമങ്ങളോട് പറഞ്ഞു.
ദാരുണമായ ഈ സംഭവത്തിന് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ബദൗര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ സുഖ്വീന്ദര്‍ സിങ് ധാലിവാള്‍ കുറ്റപ്പെടുത്തി.
എല്‍.പി.ജി സിലിണ്ടറുമായി പൊതുജനങ്ങള്‍ക്ക് ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ടി വന്നത് ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ധാലിവാള്‍ ആവശ്യപ്പെട്ടു.
അതേസമയം, ഗ്രാമങ്ങളില്‍ എല്‍.പിജി ബുക്ക് ചെയ്യാനുള്ള ബുക്കിങ് സൈക്കിള്‍ 45 ദിവസമാക്കി ഉയര്‍ത്തി. നേരത്തെ 25 ദിവസത്തിന് ശേഷം പുതിയ സിലിണ്ടറിനായി ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു.
എല്‍.പി.ജിക്ക് രാജ്യത്ത് ഒരു ക്ഷാമവുമില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
Content Highlight: waiting for LPG cylinder; Elderly man collapses and dies in Punjab