മലയാളികള്‍ക്ക് മികച്ച കൊമേഴ്ഷ്യല്‍ ചിത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് വൈശാഖ്. 2010ല്‍ പോക്കിരി രാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്.
പിന്നീട് സീനിയേര്‍സ്, പുലിമുരുകന്‍, മധുര രാജ തുടങ്ങിയ സിനിമകളിലൂടെ കോമേഴ്ഷ്യല്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് സ്വന്തമാക്കാന്‍ വൈശാഖിന് സാധിച്ചു. മോഹന്‍ലാലിനെ നായകനാക്കി 2016ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പുലിമുരുകന്‍.
ഇപ്പോള്‍ ഈ സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫറായി പീറ്റര്‍ ഹെയ്‌നിനെ കൊണ്ടുവന്നത് എങ്ങനെയാണെന്ന് പറയുകയാണ് വൈശാഖ്. ആദ്യം സമീപിച്ചത് ബോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയെ ആയിരുന്നുവെന്നും എന്നാല്‍ കഥ കേട്ടപ്പോള്‍ ആറ് മാസത്തെ ഹോം വര്‍ക്ക് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും സംവിധായകന്‍ പറയുന്നു.
‘ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രം എന്ന നിലയില്‍ പുലിമുരുകന് നല്ലൊരു ആക്ഷന്‍ ഡയറക്ടര്‍ അത്യാവശ്യമായിരുന്നു. അതിന് വേണ്ടി ആരെ ചുമതലപ്പെടുത്തും എന്ന ചര്‍ച്ച തുടക്കം മുതല്‍ക്കേ തന്നെ ഉണ്ടായിരുന്നു.
ഞങ്ങള്‍ അതിനുവേണ്ടി ആദ്യം സമീപിച്ചത് ബോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയെ ആയിരുന്നു. കഥ കേട്ടപ്പോള്‍ ആറ് മാസത്തെ ഹോം വര്‍ക്ക് അദ്ദേഹം ആവശ്യപ്പെട്ടു. അത് നമുക്ക് ബുദ്ധിമുട്ടായിരുന്നു. പിന്നെയാണ് പീറ്റര്‍ ഹെയ്‌നിനെ സമീപിക്കുന്നത്.
പുലിമുരുകന്‍ എന്ന സിനിമ ഒരു ചലഞ്ച് പോലെ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. അതിനുവേണ്ടി അദ്ദേഹവും ഹോംവര്‍ക്ക് ചെയ്തു. ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കൊപ്പം പീറ്റര്‍ ഹെയ്‌നും ചേര്‍ന്നപ്പോള്‍ അതൊരു കരുത്തുറ്റ ടീമാകുകയായിരുന്നു,’ വൈശാഖ് പറയുന്നു.
മലയാള സിനിമയുടെ ഗതി മാറ്റിയ സിനിമകളിലൊന്നായിരുന്നു 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍. വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം പ്രായഭേദമന്യേ മലയാളികള്‍ എല്ലാവരും ഏറ്റെടുത്തു.
100 കോടി എന്ന മാന്ത്രിക സംഖ്യ സ്വപ്നം മാത്രം കണ്ടുകൊണ്ടിരുന്ന മലയാളസിനിമയെ 100 കോടി ക്ലബ്ബില്‍ കയറ്റിയ ചിത്രം കൂടിയായിരുന്നു പുലിമുരുകന്‍. കേരളത്തില്‍ നിന്ന് മാത്രം 75 കോടിയാണ് ഈ സിനിമ നേടിയത്.
Content Highlight: Vyshak Talks About Action Choreographer Of Pulimurugan Movie