തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന മോഹന്‍ ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് ഗായകന്‍ വി.ടി മുരളി.
മാന്യതയുണ്ടായിരുന്നുവെങ്കില്‍ മോഹന്‍ലാലിനോ അല്ലെങ്കില്‍ ആ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന ചാനലിനോ തെറ്റു തിരുത്താമായിരുന്നെന്നും മുരളി പറഞ്ഞു. അഴിമുഖത്തിനോടായിരുന്നു വി.ടി മുരളി പ്രതികരിച്ചത്.
എത്ര വലിയ നടന്റെ ചോറ്റുപട്ടാളം വന്നു വെല്ലുവിളിച്ചാലും തെറി വിളിച്ചാലും തന്നെയത് ഭയപ്പെടുത്തില്ല എന്നും വി.ടി മുരളി പറഞ്ഞു.
മാതള തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ എന്ന പാട്ട് താനാണ് പാടിയതെന്ന് മോഹന്‍ലാല്‍ ഒരു ചാനലില്‍ പറഞ്ഞപ്പോള്‍, താനതിനെതിരെ മാന്യമായി പ്രതികരിക്കുകമാത്രമാണ് ചെയ്തതെന്നും എന്നാല്‍ ഫാന്‍സ് എന്നു പറയുന്ന വാനരക്കൂട്ടം തന്നെ തെറി പറയാന്‍ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
”എത്രമാത്രം മോശമായ ഭാഷയാണ് അവരുപയോഗിച്ചിരിക്കുന്നത്. അത് തടയാന്‍ പോലും ആ നടന്‍ മുന്നോട്ടു വരുന്നില്ല. എനിക്കെതിരേ നടത്തിയിരിക്കുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വില്‍ക്കാന്‍, അത് ചെയ്യുന്നവര്‍ തയ്യാറാകാത്ത പക്ഷം നിയമത്തിന്റെ വഴി തേടാന്‍ തീരുമാനിച്ചിരിക്കുന്നത്, എനിക്ക് എന്നോട് തന്നെ നീതി പുലര്‍ത്തേണ്ടതുള്ളതുകൊണ്ടാണ്.” വി.ടി മുരളി പറഞ്ഞു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ ‘മാതളത്തേനുണ്ണാന്‍ പാറിപ്പറിന്നു വന്ന മാണിക്യകുയിലാളേ’ എന്ന പാട്ട് പാടിയത് താനാണെന്ന് അവകാശപ്പെട്ട മോഹന്‍ലാലിനെതിരെ വി.ടി മുരളി രംഗത്തെത്തിയിരുന്നു.