കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് സി.പി.ഐ.എം: വി.ടി. ബല്‍റാം
Kerala News
കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് സി.പി.ഐ.എം: വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th April 2022, 8:50 pm

കോഴിക്കോട്: കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം. തോമസാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ജോര്‍ജ് എം. തോമസ് പറഞ്ഞതിന് പിന്നാലെയാണ് വി.ടി. ബല്‍റാമിന്റെ പ്രതികരണം.

‘കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് തിരുവമ്പാടിയിലെ മുന്‍ സി.പി.ഐ.എം എം.എല്‍.എ ജോര്‍ജ് എം. തോമസ്.

രാജ്യം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാരുടെ കുടുംബചരിത്രം വക്രീകരിച്ച് അപമാനിക്കുന്ന സംഘ് പരിവാര്‍ വാട്‌സ്ആപ്പ് പ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് തിരുവമ്പാടിയിലെ ഇപ്പോഴത്തെ സി.പി.ഐ.എം എം.എല്‍.എ ലിന്റോ ജോസഫ്.

ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വെച്ച് എന്തിനാണ് ഈ പാര്‍ട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്,’ വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നും ജോര്‍ജ് എം. തോമസ് പറഞ്ഞിരുന്നു. ഡി.വൈ.എഫ്.ഐ നേതാവ് ഷിജിനും ജ്യോത്സനയും തമ്മിലുള്ള വിവാഹം വിവാദമായതിന് പിന്നാലെയാണ് ജോര്‍ജ് എം. തോമസിന്റെ പ്രതികരണം.

ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയോട് അറിയിക്കണമായിരുന്നെന്നും അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം പ്രതികരിച്ചത്. ക്രൈസ്തവ സമുദായം വലിയ തോതില്‍ പാര്‍ട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ജ്യോത്സന 15 ദിവസം മുമ്പാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷിജിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളില്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും ജോര്‍ജ് എം. തോമസ് പറഞ്ഞു.

തങ്ങളുടെ വിവാഹം ലൗവ് ജിഹാദ് അല്ലെന്ന് ഷിജിനും ജ്യോത്സനയും പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നും പല സംഘടനകളില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. വ്യക്തിപരമായ കാര്യമായതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതില്‍ തനിക്ക് വീഴ്ച പറ്റിയെന്നും ഷിജിന്‍ പറഞ്ഞു.

Content Highlights: VT Balram says about George M Thomas and Love Jihad