എഡിറ്റര്‍
എഡിറ്റര്‍
കുടത്തില്‍ നിന്ന് തുറന്ന് വിട്ട ഭൂതമാണ് സാമ്പത്തിക സംവരണം കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് അത് ജാതി സംവരണത്തെ ഇല്ലാതാക്കും;പിണറായി സര്‍ക്കാറിന്റെ സാമ്പത്തിക സംവരണത്തിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം
എഡിറ്റര്‍
Friday 17th November 2017 11:44am


തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള പിണറായി വിജയന്‍ സര്‍ക്കാറിന്റെ സാമ്പത്തിക സംവരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍എ. സാമ്പത്തിക മാനദണ്ഡം വെച്ച് സംവരണം ഏര്‍പ്പെടുത്തിയത് ഈ സര്‍ക്കാര്‍ ഇന്നേവരെ എടുത്ത ഏറ്റവും തെറ്റായ, ഏറ്റവും വഞ്ചനാപരമായ, ഏറ്റവും അപകടകരമായ ഒരു തീരുമാനമാണെന്നും ഇത് പ്രതിഷേധത്തേക്കാള്‍ ദുഖവും നിരാശയുമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംവരണത്തിന് ജാതിക്ക് പകരം സാമ്പത്തിക മാനദണ്ഡം അംഗീകരിക്കപ്പെടുന്നത് ഒരു വലിയ വ്യതിയാനമാണ്. പിന്നാക്കവിഭാഗക്കാരുടെ അവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണിതെന്ന് പ്രത്യക്ഷത്തില്‍ തോന്നിയേക്കാമെങ്കിലും ഇതിന്റെ പ്രത്യാഘാതം ദൂരവ്യാപകവും വിനാശകരവുമായിരിക്കും. അദ്ദേഹം സൂചിപ്പിക്കുന്നു. കുടത്തില്‍ നിന്ന് ഭൂതത്തെ തുറന്നുവിട്ടുകഴിഞ്ഞു, ഇനി കണ്ണടച്ചുതുറക്കുന്നതിന് മുന്‍പ് ജാതിസംവരണം എന്ന ഭരണഘടനാദത്ത അവകാശം ഇല്ലാതാകുന്നതിന് നാം സാക്ഷ്യം വഹിക്കേണ്ടിവരും. ഉറപ്പ്. ബല്‍റാം വ്യക്തമാക്കി.

പിണറായി വിജയനോ മന്ത്രിസഭാംഗങ്ങള്‍ക്കോ പോകട്ടെ, ‘ഇടതുപക്ഷ’ത്തിലെ പ്രധാനികളായ ഒരാള്‍ക്ക് പോലും ഇതിന്റെ അപകടം മനസ്സിലാവുന്നില്ല എന്നതിലാണ് എന്റെ സങ്കടവും നിരാശയും. ഈ വിഷയത്തില്‍ ഞാന്‍ നേരത്തേയിട്ട പോസ്റ്റില്‍ കമന്റിടുന്ന 99 ശതമാനം സി.പി.ഐ.എമ്മുകാരും തെറിവിളിക്കുകയോ പരിഹസിക്കുകയോ ഇതിനെ ന്യായീകരിക്കുകയോ ചെയ്യുകയാണ് ബല്‍റാം പറയുന്നു.


Also Read ശമ്പളവും പെന്‍ഷനും നല്‍കാന്‍ കാശില്ല; ലക്ഷങ്ങള്‍ ചിലവഴിച്ച് പുതിയ കാറുകള്‍ വാങ്ങാനൊരുങ്ങി ദേവസ്വം ബോര്‍ഡ്


ഈ സര്‍ക്കാരിന്റെ ഏറ്റവും വിപ്ലവകരമായ തീരുമാനമായാണ് കൈരളിയും ദേശാഭിമാനിയും സൈബര്‍ സഖാക്കളും ഇതിനെ കൊണ്ടാടുന്നത്. ആരും കാര്യമായി വായിച്ചിരിക്കാന്‍ ഇടയില്ലാത്ത പ്രകടനപത്രികയിലെ ഏതോ മൂലയില്‍ ഇതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നത് ഒരു ഒഴിവുകഴിവുപോലും അല്ല. സി.പി.ഐക്കാര്‍ക്കെങ്കിലും ഇതില്‍ വ്യത്യസ്ത അഭിപ്രായമുണ്ടോ എന്നുമറിയില്ല. വല്ല്യേട്ടന്‍-ചെറ്യേട്ടന്‍ മൂപ്പിളമത്തര്‍ക്കത്തേക്കാളും തോമസ് ചാണ്ടിയുടെ പേരുപറഞ്ഞുള്ള അധികാര വടംവലികളേക്കാളും നൂറിരട്ടി പ്രാധാന്യം ഇക്കാര്യത്തിനുണ്ടെന്നും ബല്‍റാം വ്യക്തമാക്കി.

എല്ലായിടത്തും സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ തല്‍ക്കാലം ഭരണഘടന അനുവദിക്കാത്തത് കൊണ്ടാണത്രേ ദേവസ്വം ബോര്‍ഡുകളില്‍ മാത്രമായി ഇപ്പോഴിത് നടപ്പിലാക്കുന്നത്! ബാക്കിയുള്ളിടത്തേക്ക് ഇത് വ്യാപിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുക കൂടി ചെയ്യുമത്രേ എത്ര നിര്‍ലജ്ജമായ നിലപാടാണിതെന്ന് ഇവര്‍ക്കാര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ലേ? നാളെകളില്‍ ജാതിസംവരണത്തിന് പകരം സാമ്പത്തിക സംവരണത്തിനായി സംഘികള്‍ ഭരണഘടന പൊളിച്ചെഴുതാന്‍ നോക്കുമ്പോള്‍ അവര്‍ക്ക് ഇന്നേ പിന്തുണ പ്രഖ്യാപിക്കുകയാണ് ഫാഷിസ്റ്റ് വിരുദ്ധതയുടെ ഹോള്‍സെയില്‍ ഡീലര്‍മാരായ പിണറായി വിജയനും സി.പി.ഐ.എമ്മും എന്നും ബല്‍റാം ചൂണ്ടി കാട്ടുന്നു.

ഏതായാലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജാതി സംവരണ വിരുദ്ധരായ സംഘികള്‍ ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍പ്പോലും അവര്‍ക്ക് ഇന്നേവരെ നടപ്പാക്കാന്‍ ധൈര്യം വരാത്ത ഒന്നാണ് സാമ്പത്തിക സംവരണം. അതാണ് പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള ഒരു ‘ഇടതുപക്ഷ’സര്‍ക്കാര്‍ ഇപ്പോള്‍ ഈ ‘പ്രബുദ്ധകേരള’ത്തില്‍ കാര്യമായ ഒരെതിര്‍പ്പുപോലുമുയരാതെ അനായാസമായി നടപ്പാക്കിയിരിക്കുന്നത്. സത്യത്തില്‍ പുച്ഛം തോന്നുന്നത് ഈ നമ്പര്‍ വണ്‍ കേരളത്തോടും അതിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതാനാട്യങ്ങളോടും തന്നെയാണെന്നും ബല്‍റാം വ്യക്തമാക്കി.


Also Read സെക്‌സി ദുര്‍ഗ, രാധ എന്നുപയോഗിക്കുന്നവര്‍ എന്തുകൊണ്ട് സെക്‌സി മേരി, ആയിഷ എന്ന് ഉപയോഗിക്കുന്നില്ല; സംഘപരിവാര്‍ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച് ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍


തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ഒരു പ്രതിപക്ഷ എം.എല്‍.എ എന്ന നിലയിലുള്ള ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ചെറുതും വലുതുമായ മിക്കവാറുമെല്ലാ വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടാനും ‘ഓഡിറ്റ്’ ചെയ്യാനും നിയമസഭക്കകത്തും ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലൂടെയും ശ്രമിച്ചുപോരാറുണ്ടെന്നും . ഇതിന് ഒരു ‘ഓഡിറ്റര്‍’ എന്ന പരിഹാസപ്പേര് സൈബര്‍ സഖാക്കള്‍ വക എനിക്ക് വീണിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ തനിക്ക് വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പറയുന്നതാണ് പിണറായി സര്‍ക്കാരിനെതിരെയുള്ള എന്റെ ഏറ്റവും വലിയ വിമര്‍ശനം എന്നു പറഞ്ഞു കൊണ്ടാണ് സാമ്പത്തിക സംവരണത്തിന്റെ പ്രശ്‌നങ്ങള്‍ ബല്‍റാം ചൂണ്ടി കാട്ടുന്നത്. അധസ്ഥിത ജനവിഭാഗങ്ങളുടെ എത്രയോ പതിറ്റാണ്ടുകളുടെ സഹനങ്ങളും പോരാട്ടങ്ങളുമാണ് ഈ ഒരൊറ്റ തീരുമാനത്തിലൂടെ പിണറായി വിജയനും സി.പി.ഐ.എമ്മും റദ്ദ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

Advertisement