എഡിറ്റര്‍
എഡിറ്റര്‍
ശമ്പളവും പെന്‍ഷനും നല്‍കാന്‍ കാശില്ല; ലക്ഷങ്ങള്‍ ചിലവഴിച്ച് പുതിയ കാറുകള്‍ വാങ്ങാനൊരുങ്ങി ദേവസ്വം ബോര്‍ഡ്
എഡിറ്റര്‍
Friday 17th November 2017 10:28am

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് അടുത്ത മാസം ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലാതിരിക്കെ സി.പി.ഐ.എം ബോര്‍ഡ് അംഗമടക്കമുള്ളവര്‍ക്ക് ലക്ഷങ്ങള്‍ ചിലവഴിച്ച് പുതിയ കാറുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി പുതിയ ആരോപണം.

നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒന്നര വര്‍ഷം മാത്രം പഴക്കമുള്ള ഇന്നോവ കാര്‍ ഉപേക്ഷിച്ച് ദേവസ്വം ബോര്‍ഡിലെ സി.പി.ഐ.എം പ്രതിനിധിയായ കെ.രാഘവനും തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ ഓംബുഡ്‌സ്മാന്‍ റിട്ട. ജസ്റ്റിസ് പി.ആര്‍.രാമനും വേണ്ടി ഇന്നൊവ ക്രിസ്റ്റ വാങ്ങാന്‍ ഒരുങ്ങുന്നതായാണ് ആരോപണം.

ഈ സര്‍ക്കാരിന്റെ കാലത്താണ് കെ.രാഘവന്‍ ദേവസ്വം ബോര്‍ഡ് അംഗമാകുന്നത്. മുമ്പ് ഓംബുഡ്‌സ്മാനായ റിട്ട. ജസ്റ്റിസ് പി.ആര്‍.രാമനു സ്വിഫ്റ്റ് കാര്‍ നല്‍കിയിരുന്നെങ്കിലും സ്വന്തം കാര്‍ ഉപയോഗിക്കാമെന്നു പറഞ്ഞ് അദ്ദേഹം അതു മടക്കി നല്‍കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിന് പുതിയ കാര്‍ വാങ്ങുന്നത്.


Also Read സെക്‌സി ദുര്‍ഗ, രാധ എന്നുപയോഗിക്കുന്നവര്‍ എന്തുകൊണ്ട് സെക്‌സി മേരി, ആയിഷ എന്ന് ഉപയോഗിക്കുന്നില്ല; സംഘപരിവാര്‍ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച് ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍


ഓരോ കാറിനും റജിസ്‌ട്രേഷനും ജി.എസ്.ടിയുമടക്കം 23 ലക്ഷത്തിലേറെ രൂപ വില വരും. എല്ലാ വര്‍ഷവും ദേവസം ബോര്‍ഡ് ജീവനക്കാരുടെ 13 മാസത്തെ ശമ്പളത്തിനും പെന്‍ഷനും തുല്യമായ ശബരിമല തീര്‍ഥാടന കാലയളവില്‍ ലഭിക്കുന്ന വരുമാനത്തില്‍നിന്നു തുക മുന്‍കൂറായി ബാങ്കില്‍ നിക്ഷേപിക്കണമെന്ന് ഹൈക്കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മാസം 18 കോടി രൂപ വീതം ഇതിനായി പ്രത്യേകം നിക്ഷേപിക്കുകയും ചെയ്തു.

എന്നാല്‍ ഈ നവംബര്‍, ഡിസംബര്‍, അടുത്ത ജനുവരി മാസങ്ങളില്‍ ശമ്പളവും പെന്‍ഷനുമായി മാറ്റി വെച്ചിരുന്ന തുക മറ്റ് മരാമത്ത് പണികള്‍ക്കായി ചെലവിട്ടു. കരാറുകാരുടെ ബില്ലുകള്‍ മാറാനായിരുന്നു ഇത്. എന്നാല്‍ കരാറുകാറില്‍നിന്നും വന്‍ തുക കമ്മിഷനായി ചിവര്‍ കൈപ്പറ്റിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

അതേ സമയം ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 21നു പ്രത്യേക ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്. അടുത്ത 15 ദിവസം ശബരിമലയില്‍നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ചു തല്‍ക്കാലം പ്രതിസന്ധി മറികടക്കാമെന്നാണ് ബോര്‍ഡ് കണക്കാക്കുന്നത്.

Advertisement