കള്ളുകച്ചവടക്കാരന്റെ വെളിപാടന്വേഷിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം മന്ത്രിമാരുടെ കള്ളപ്പണ ഇടപാടുകളില്‍ താത്പര്യം കാണില്ല: വി. ടി ബല്‍റാം
Kerala News
കള്ളുകച്ചവടക്കാരന്റെ വെളിപാടന്വേഷിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം മന്ത്രിമാരുടെ കള്ളപ്പണ ഇടപാടുകളില്‍ താത്പര്യം കാണില്ല: വി. ടി ബല്‍റാം
ന്യൂസ് ഡെസ്‌ക്
Saturday, 21st November 2020, 3:21 pm

തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. മഹാരാഷ്ട്രയില്‍ രണ്ട് മന്ത്രിമാര്‍ക്ക് 200 ഏക്കര്‍ സ്ഥലമുണ്ടെന്ന ആരോപണത്തെ അടിസ്ഥാനമാക്കിയാണ് വി. ടി ബല്‍റാം സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

കള്ളു കച്ചവടക്കാര്‍ പറയുന്ന വെളിപാടുകള്‍ മാത്രമേ മുഖ്യമന്ത്രി അന്വേഷിക്കൂ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

‘കള്ളു കച്ചവടക്കാരന് ഇടക്കിടക്ക് ഉണ്ടാവുന്ന വെളിപാടുകള്‍ മാത്രമേ പിണറായി വിജയന്‍ അന്വേഷിക്കൂ. സ്വന്തം ഓഫീസിലെ അധോലോക മാഫിയാ പ്രവര്‍ത്തനങ്ങളും മന്ത്രിമാരുടെ കോടികളുടെ കള്ളപ്പണ ഇടപാടുകളും അന്വേഷിക്കാന്‍ സംസ്ഥാന വിജിലന്‍സിന് താത്പര്യമില്ല,’ വിടി ബല്‍റാം ഫേസ്ബുക്കില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിനൊപ്പം കേരളത്തിലെ രണ്ട് മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമിയുണ്ടെന്ന കേരള കൗമുദിയുടെ വാര്‍ത്തയും ബല്‍റാം പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്റെ ഒത്താശയില്‍ ഇടതു സര്‍ക്കാരിലെ സി.പി.ഐ.എമ്മിന്റെ രണ്ട് മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത. ഇതേ ആരോപണവുമായി മുല്ലപ്പള്ളിയും രംഗത്തെത്തിയിരുന്നു.

കണ്ണൂര്‍കാരനായ ബിനാമിയുടെ പേരില്‍ കേരളത്തിലെ മന്ത്രിമാര്‍ 200 ഏക്കര്‍ സ്വന്തമാക്കിയത് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയ്യാറായിട്ടുണ്ടെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ജോസ് കെ. മാണിക്കെതിരായ ആരോപണവും കേരള മന്ത്രിമാര്‍ക്കെതിരായ ആരോപണവും അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു മുല്ലപ്പള്ളി ചോദിച്ചു.

ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിലാണ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി. എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രമേശ് ചെന്നിത്തല, കെ. ബാബു, വി. എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നും പത്ത് കോടി പിരിച്ചെടുത്തു. ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍.

ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി വിജിലന്‍സ് ഫയല്‍ സര്‍ക്കാരിന് കൈമാറുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്താനുള്ള അനുമതിയും വിജിലന്‍സ് സര്‍ക്കാരിനോട് തേടിയിരുന്നു.

കേസില്‍ സര്‍ക്കാരിന് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി കൂടി ആവശ്യമാണ്. ജനപ്രതിനിധികളായതിനാലും ഇവര്‍ക്കെതിരെ നേരത്തെ അന്വേഷണം നടന്നതിനാലുമാണ് സ്പീക്കറുടെയും ഗവര്‍ണറുടെയും അനുമതിയ്ക്കായി ഫയല്‍ അയക്കുന്നത്.

മുന്‍ മന്ത്രി കെ. എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബിജു രമേശ് വീണ്ടും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VT Balram against CM Pinarayi Vijayan