തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകന്‍ അറസ്റ്റില്‍. നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് അറസ്റ്റിലായത്. നഗരൂര്‍ പൊലീസിന്റേതാണ് നടപടി. മൊഴി രേഖപ്പെടുത്തിയ ശേഷം അധ്യാപകനെതിരായ തുടര്‍നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം, ആലപ്പുഴയിലേക്കുള്ള വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേകം സജ്ജീകരിച്ച ലോ ഫ്‌ലോര്‍ എസി ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.
നാളെ (ബുധന്‍) ഉച്ച കഴിഞ്ഞാണ് വി.എസിന്റെ സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം. പുന്നപ്ര വയലാര്‍ സമരസേനാനികളുടെ ഭൗതികശരീരങ്ങള്‍ സംസ്‌കരിച്ചിരിക്കുന്ന ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക.
ഇന്നലെ (തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 3.20ഓടെയായിരുന്നു വി.എസിന്റെ മരണം. കഴിഞ്ഞ ഒരു മാസക്കാലമായി അദ്ദേഹം തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതിനിടെ ഒന്നിലധികം തവണ വി.എസിന്റെ ആരോഗ്യനിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും ഗുരുതരമായതോടെ മരണപ്പെടുകയായിരുന്നു. ഒരു നൂറ്റാണ്ട് കാലത്തെ വിപ്ലവ ജീവിവിത്തതിനാണ് വി.എസിന്റെ മരണത്തിലൂടെ തിരശ്ചീല വീണിരിക്കുന്നത്.
ഇന്നലെ എ.കെ.ജി സെന്ററില്‍ എത്തിച്ച വി.എസിന്റെ മൃതദേഹം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. നാളെ സി.പി.ഐ.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. കൂടാതെ വി.എസിനോടുള്ള ആദരസൂചകമായി ബുധനാഴ്ച ജില്ലയില്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.