ചേലാകര്‍മത്തില്‍ നിന്നല്ല, തുടങ്ങേണ്ടത്? ആദിപാപത്തില്‍ നിന്ന്?
Daily News
ചേലാകര്‍മത്തില്‍ നിന്നല്ല, തുടങ്ങേണ്ടത്? ആദിപാപത്തില്‍ നിന്ന്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st August 2017, 7:21 pm

പീഡിപ്പിക്കപ്പെട്ട ചെറിയ കുട്ടിയോടുപോലും നീയാണ് തെറ്റുകാരി, നിന്റെ പ്രലോഭനമാണ് തെറ്റിലേക്ക് നയിച്ചതെന്നും ആണുങ്ങള്‍ വഴിപിഴക്കുന്നതിന്റെ കാരണക്കാര്‍ പെണ്ണുങ്ങള്‍ ആണെന്നും ഒക്കെയുള്ള മതപൗരോഹിത്യത്തിന്റെ വാളോങ്ങലുകളില്‍ ഈ ഐക്യമാണ് കാണാനാവുന്നത്.


 

പെണ്ണ് എന്നത് കേവലം ശരീരമോ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും പ്രത്യേക ഭാഗമോ മാത്രമാണെന്നും പീഡിതയായ കുഞ്ഞിനോടുപോലും നീയാണ് തെറ്റുകാരി, നിന്റെ പ്രലോഭനമാണ് തെറ്റിലേക്ക് നയിച്ചതെന്നും ആണുങ്ങള്‍ വഴിപിഴക്കുന്നതിന്റ കാരണക്കാര്‍ പെണ്ണുങ്ങള്‍ ആണെന്നുമൊക്കെയുള്ള മതപൗരോഹിത്യത്തിന്റെ വാളോങ്ങലുകള്‍ക്ക് ഒരു പഞ്ഞവുമില്ല.

ആകാശത്തിനും ഭൂമിക്കുമിടയിലെ ഏതു കാര്യത്തില്‍ ഭിന്നിച്ചാലും സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ മതങ്ങളുടെ ഗാഢമായ ഐക്യപ്പെടല്‍ അമ്പരപ്പിക്കുന്നതാണ്. എന്താണ്? അതിന്റെ പിന്നിലെ “രസതന്ത്രം” ആണധികാരത്തിെന്റ കയ്യൂക്ക് എന്ന നിലയിലുള്ള കേവലമായ വിമര്‍ശങ്ങള്‍ കൊണ്ട് നേരിടേണ്ടതാണോ അതിനെ അല്ലെങ്കില്‍ മതങ്ങളെ പുറത്തുനിന്നുള്ള സാമൂഹ്യ വിമര്‍ശനങ്ങളാല്‍ മാത്രം സമീപിക്കേണ്ടതാണെന്നാണോ അല്ലെന്നാണ് വി.പി റജീനയുടെ ഈ പഠനാന്വേഷണം തെളിയിക്കുന്നത്.

മതങ്ങളുടെ സ്ത്രീവിരുദ്ധതയെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് തന്നെ ശക്തമായി ചോദ്യം ചെയ്യുകയെന്ന സുപ്രധാനമായൊരു ദൗത്യമാണ് ഇതില്‍ നിര്‍വഹിച്ചിരിക്കുന്നത്. ഭൂമിയിലെ സകല പ്രതിലോമ പ്രവണതകളെയും പരിശോധനക്ക് വിധേയമാക്കുമ്പോള്‍ ഏറ്റവും ആദ്യത്തില്‍ കീറിമുറിക്കേണ്ടത് “ആദിപാപം” എന്ന സങ്കല്‍പത്തെയാണെന്നവര്‍ പറയുന്നു. അതെ, ആദ്യം തുടങ്ങേണ്ടത്? ആദിപാപത്തില്‍ നിന്നുമാണ്


മതവും ശാസ്ത്രവും എന്നതുപോലെ മതവും സ്ത്രീയും വിരുദ്ധ ധ്രുവങ്ങളിലേക്ക് വഴിമാറി ഒഴുകിയ രണ്ടു ധാരകളാണ്. മനുഷ്യകുലത്തിന്റെ നേര്‍പാതി, ജീവരേണുവിലെ പരമപ്രധാന കണ്ണി തുടങ്ങിയ സ്ഥാനങ്ങളില്‍ വിവക്ഷിക്കുമ്പോഴും സ്ത്രീ എന്ന വര്‍ഗത്തോടുള്ള മതങ്ങളുടെ എതിര്‍സമീപനങ്ങളെ അടുത്തകാലങ്ങളില്‍ ഏറ്റവും ശക്തമായി ചോദ്യങ്ങള്‍ കൊണ്ടും പുനര്‍ വായനകള്‍ കൊണ്ടും നേരിടുകയും ചെയ്യുന്നുണ്ട്.

എന്നാല്‍, മതത്തിനകത്തു നിന്നും പുറത്തുനിന്നും സാമൂഹ്യശാസ്ത്രപരമായോ വിമോചനപരമായോ നടത്തുന്ന മിക്ക വായനകളുടെയും ദിശ പലപ്പോഴും വഴിമാറിപ്പോവുകയോ യാദൃഛികമോ അല്ലാതെയോ എത്തിപ്പെടുന്ന ചില പോയന്റുകളില്‍ കൊളുത്തിക്കിടന്ന് മുന്നോട്ടുപോവാനാവാതെ നിലവിളിക്കുകയോ ചെയ്യുന്നതായി കണാനാവും.

ഓരോന്നിന്റെയും പ്രത്യേകമായ ലിംഗാധിഷ്ഠിതമോ വിമോചനപരമോ ആയ വായന എന്നതിനപ്പുറത്തേക്ക് നിലവിലുള്ള മതങ്ങളെയെല്ലാം ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഈ വിഷയത്തില്‍ ആഴത്തിലുള്ള രാഷ്ട്രീയ വായന എത്രമാത്രം വികസിച്ചിട്ടുണ്ട് എന്നറിയില്ല.

സ്ത്രീ വിമോചനപരമായ അന്വേഷണങ്ങളില്‍ മിക്കതും മതത്തെ എതിര്‍സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് തുടങ്ങുകയും അവിടത്തെന്നെ ഒടുങ്ങുകയും ചെയ്യുന്നതായാണ് സാധാരണ കാണുന്നത്. മാത്രമല്ല, മതത്തിന്റെ പരമമായ സത്തയില്‍ തന്നെ സ്ത്രീവിരുദ്ധത ആരോപിക്കുന്ന വായനകള്‍ക്കാണ് പലപ്പോഴും ആധുനിക സമൂഹങ്ങള്‍ക്കിടയില്‍ വേരോട്ടം കിട്ടിക്കൊണ്ടിരിക്കുന്നത്.

 

ദൈവീകപ്രോക്തമായ ഒരു ജീവിത ദര്‍ശനമെന്നോ മറ്റെല്ലാ ചരാചരങ്ങളെയും പോലെ പ്രാപഞ്ചിക വ്യവസ്ഥക്ക് വിധേയമാകേണ്ട, ചിന്താശേഷിയും വിവേകവും ജ്ഞാനാന്വേഷണ ത്വരയുമുള്ള ഒരു സൃഷ്ടിവര്‍ഗത്തോടുള്ള അഭിസംബോധനയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന വേദഗ്രന്ഥങ്ങള്‍ എങ്ങനെയാണ് അതിലെ മുഖ്യമായ ഒരു വിഭാഗത്തോട് മാത്രം പക്ഷപാതം കാണിക്കുക എന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യം തന്നെയാണ് അനൂകൂലമോ പ്രതികൂലമോ ആയി പരിണമിക്കുന്ന ഇത്തരം പഠനാന്വേഷണങ്ങളുടെ കാതല്‍.

സെമിറ്റിക് മതങ്ങള്‍ എന്നറിയപ്പെടുന്ന ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങള്‍ എല്ലാം തന്നെ ഒന്നൊന്നിന്റെ തുടര്‍ച്ച അവകാശപ്പെടുന്നുണ്ട്. ഓരോ സമൂഹങ്ങളിലേക്കും ഓരോ പ്രവാചകന്‍മാരിലൂടെ ഇറക്കപ്പെട്ട വേദഗ്രന്ഥങ്ങളും
അതിന്റെ ആശയങ്ങളിലും ശാസനകളിലും അതിറക്കപ്പെട്ട സമൂഹത്തിനും കാലത്തിനും
അപ്പുറത്തേക്കു കൂടിയുള്ളതായിരുന്നു. അവയുടെയെല്ലാം സത്തയില്‍ സാര്‍വജനീനമായ ഒരു സ്വഭാവം കാത്തു സൂക്ഷിച്ചിരുന്നു.

പരമമായ ഒരു പ്രപഞ്ച ശക്തിയെ പ്രതിനിധാനം ചെയ്യുന്ന സൃഷ്ടിയെന്ന നിലയില്‍ മനുഷ്യന്‍ ശ്രവിക്കേണ്ട ധര്‍മാധര്‍മങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളില്‍, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മുറുകെ പിടിക്കേണ്ട മൂല്യങ്ങളില്‍, കണിശമായ നീതിയില്‍, കര്‍മങ്ങളില്‍, അവകാശങ്ങളില്‍, കടമകളില്‍ എല്ലാം തന്നെ അതിറക്കപ്പെട്ട സമൂഹങ്ങളുടെ പ്രാദേശികതകളെ ഭേദിച്ചതായി കാണാം.

പിന്നീട് അതാതുകാലങ്ങളിലെ അഭിസംബോധിതരില്‍ അധികാരത്താലോ സ്വാധീനത്താലോ കയ്യൂക്കുള്ളവര്‍ ഈ ശാസനകളില്‍
കലര്‍പ്പുണ്ടാക്കുകയും അവ പ്രമാണമാക്കി അതിക്രമങ്ങളില്‍ അതിരുകടക്കുകയും ചെയ്തു.

അപ്പോഴൊക്കെ മറ്റൊരു ഉദ്‌ബോധനം അനിവാര്യമാവുന്ന ഘട്ടങ്ങളില്‍ വേദഗ്രന്ഥങ്ങളുടെ തുടര്‍ച്ചകള്‍ ഉണ്ടായി. ഈ ഉദ്‌ബോധനങ്ങളില്‍ നിന്നും അതാതു ജനതതികള്‍ വ്യതിചലിച്ച് വീണ്ടും പഴയതില്‍ എത്തിച്ചേരുന്ന ദുഷ്പ്രവണതകളുടെ നൈരന്തര്യമെടുപ്പുകാരായി അതിന്റെ ശേഷമുള്ള സമൂഹങ്ങള്‍ മാറി.

ഈ ഗ്രന്ഥങ്ങളുടെയെല്ലാം അന്ത:സത്തയില്‍ ഉള്‍ചേര്‍ന്നിരുന്ന മാനവിക മൂല്യങ്ങളേക്കാള്‍ അവ ഏറ്റവും അധികം എതിര്‍ത്ത കാര്യങ്ങളായിരുന്നു ആഴത്തിലും വേഗത്തിലും പടര്‍ന്നത്.

 

ശുദ്ധപ്രകൃതിയില്‍ പിറന്നുവീഴുന്ന മനുഷ്യവര്‍ഗത്തോടുള്ള വേദ ഗ്രന്ഥങ്ങളുടെയെല്ലാം സവിശേഷ സമീപനങ്ങളും അത് അട്ടിമറിക്കപ്പെട്ട ചരിത്രങ്ങളും പരിശോധിക്കുമ്പോഴാണ് ഈ കണ്ണികളുടെ ഇഴയടുപ്പം കൂടുതല്‍ വ്യക്തമാവുക. ഇത് ഏറ്റവും അധികം പ്രതിഫലിച്ചത് സ്ത്രീകളുമായി ബന്ധപ്പെട്ട വിശ്വാസത്തിലും അവരോടുള്ള സമീപനങ്ങളിലുമായിരുന്നു.

സ്ത്രീയുമായി ബന്ധപ്പെട്ട അശുദ്ധി സങ്കല്‍പം, അവരുടെ ആരാധനാ വ്യക്തിസ്വാതന്ത്ര്യം, പൊതു സമൂഹത്തിലെ ഇടപെടല്‍, കുടുംബ സാമൂഹ്യ പദവി, രാഷ്ട്രീയാധികാരം തുടങ്ങിയ വിഷയങ്ങളില്‍ വിരുദ്ധപക്ഷത്തു നിന്നുകൊണ്ട്
മതങ്ങളെല്ലാം ഗാഢമായി ഐക്യപ്പെടുന്നത് കാണാം.

ആശയങ്ങളിലും ആചാരങ്ങളിലും അങ്ങേയറ്റം വ്യത്യസ്തത പുലര്‍ത്തുമ്പോഴും ഈ കാര്യത്തില്‍ ഉള്ള സമാനതക്ക് അടുത്തകാലങ്ങളായി എത്രയും ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ മതം തീര്‍ത്തും സ്ത്രീയുടെ എതിര്‍പക്ഷത്താണ് എന്ന ഒരു ധാരണക്ക് കുടുതല്‍ കൂടുതല്‍ കടുപ്പമേറിവരുന്നുമുണ്ട്.

പീഡിപ്പിക്കപ്പെട്ട ചെറിയ കുട്ടിയോടുപോലും നീയാണ് തെറ്റുകാരി, നിന്റെ പ്രലോഭനമാണ് തെറ്റിലേക്ക് നയിച്ചതെന്നും ആണുങ്ങള്‍ വഴിപിഴക്കുന്നതിന്റെ കാരണക്കാര്‍ പെണ്ണുങ്ങള്‍ ആണെന്നും ഒക്കെയുള്ള മതപൗരോഹിത്യത്തിന്റെ വാളോങ്ങലുകളില്‍ ഈ ഐക്യമാണ് കാണാനാവുന്നത്.

നേരത്തെ പറഞ്ഞ വികലമാക്കപ്പെട്ട പ്രമാണങ്ങളിലൂടെയുള്ള ആണധികാര മേല്‍ക്കോയ്മാവല്‍ക്കരണത്തിന്റെ ഏറ്റവും സമീപസ്ഥമായ ഉദാഹരണങ്ങളാണിത്. ഇങ്ങനെയുള്ള പ്രതിലോമ പ്രവണതകളെ പരിശോധനക്ക് വിധേയമാക്കുമ്പോള്‍ ഏറ്റവും ആദ്യത്തില്‍ കീറിമുറിക്കേണ്ടത് “ആദിപാപം” എന്ന സങ്കല്‍പത്തെയാണ്. എന്താണ് യഥാര്‍ഥത്തില്‍ ആദിപാപം?
ആദിപാപവും ഹവ്വയും

പഴയ നിയമം (തൗറാത്ത്), ബൈബ്ള്‍ (ഇഞ്ചീല്‍), ഖുര്‍ആന്‍ എന്നീ വേദഗ്രന്ഥങ്ങളില്‍ ഒരുപോലെ പരാമര്‍ശിക്കപ്പെട്ട ആദിമ മനുഷ്യനാണ് ആദം. സെമിറ്റിക് മതക്കാര്‍ വലിയ വ്യത്യാസങ്ങളിലൂടെയല്ലാതെ

ഒരുപോലെ വിശ്വസിക്കുന്ന ആദമിന്റെ “ഭാര്യ”യായ ഹവ്വ ഉള്‍പെട്ട ആദിപാപ കഥയുടെ സംക്ഷിപ്തം ഇതാണ്.

ദൈവം ആദ്യം ആദമിനെ മണ്ണില്‍ നിന്നും സൃഷ്ടിക്കുകയും ഏദന്‍ തോട്ടത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നിട്ട് ഒരു മരം
ചൂണ്ടിക്കാട്ടി അത് നന്മ തിന്മകളുടെ ജ്ഞാന വൃക്ഷമാണെന്നും ആ മരത്തെ സമീപിക്കരുതെന്നും അതിലെ വിലക്കപ്പെട്ട കനി ഭക്ഷിക്കരുതെന്നും പറഞ്ഞു.

 

അതിനുശേഷം ആദമിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെയും സൃഷ്ടിച്ചു. എന്നാല്‍, ഹവ്വയെ സര്‍പ്പത്തിന്റെ രൂപത്തില്‍ വന്ന സാത്താന്‍ പ്രലോഭിപ്പിച്ചു. അതിന്റെ ഫലമായി ഹവ്വ വിലക്കപ്പെട്ട കനി ഭക്ഷിക്കുകയും അത് ആദമിനെക്കൊണ്ട് ഭക്ഷിപ്പിക്കുകയും ചെയ്തു. ഇതോടെ ഇരുവരെയും ഏദന്‍ തോട്ടത്തില്‍ നിന്ന് ദൈവം പുറത്താക്കി.

ഈ കാലംവരെയും ഇനി പിറക്കാനിരിക്കുന്ന കാലത്തോളവും നിലനില്‍ക്കുന്ന ഭൂമിയിലെ സ്ത്രീവിരുദ്ധതയുടെ പ്രഭവ കേന്ദ്രമാണ് ഹവ്വയെയും ആദിപാപത്തെയും കൂട്ടിയിണക്കുന്ന ഈ കഥ.

സാത്താനിക പ്രലോഭനത്തിന്റെ കേന്ദ്രം, പെണ്ണിന്റെ പ്രകൃതത്തിലെ വക്രത, ലൈംഗിക ബിംബം തുടങ്ങിയ മനുഷ്യവിരുദ്ധമായ വിശേഷണങ്ങള്‍ എല്ലാം ആരോപിക്കപ്പെടുന്നതിന്റെ അടിത്തറ മേല്‍പറഞ്ഞ മതങ്ങള്‍ എല്ലാം പാകപ്പെടുത്തിയത് ഈ മൂല കഥയില്‍ നിന്നുമാണ്. യഥാര്‍ഥത്തില്‍ ഇവിടെ നിന്ന് തന്നെ തുടങ്ങുകയാണ് പെണ്ണും മതവും തമ്മിലുള്ള കലഹം.

ആദിപാപ കഥയുടെ യാഥാര്‍ഥ്യം തേടുമ്പോഴാണ് മതത്തിന്റെ പാഠങ്ങളിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനെ കുറിച്ച് സൂചനകള്‍ ലഭിക്കുക. പറഞ്ഞും എഴുതിയും പ്രമാണവത്കരിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ സ്ഥാപിച്ചെടുത്ത അട്ടിപ്പേറു കഥകള്‍ക്കടിയില്‍ നിന്ന് യഥാര്‍ഥ സംഭവത്തെ കണ്ടെത്തുക എന്നത് അത്രമേല്‍ എളുപ്പമല്ല. എങ്കില്‍പോലും
ഇതെക്കുറിച്ചുള്ള നിരവധി അന്വേഷണ പഠനങ്ങള്‍ നടന്നതായി കാണാം.

 

പക്ഷെ, വളച്ചൊടിക്കപ്പെട്ട പ്രമാണങ്ങളിലൂടെ അധികാര വാഴ്ച നടത്തുന്ന മതങ്ങളിലെ പൗരോഹിത്യ പ്രഭുത്വങ്ങളും ഭരണകൂടങ്ങളും ഒന്നടങ്കം ഈ കഥയുടെ യഥാര്‍ഥ ഉറവിടത്തെ ഭയപ്പെടുകയാണ് ചെയ്തത്. ഇവര്‍ കെട്ടിപ്പൊക്കിയ ആണധികാര വ്യവസ്ഥയുടെ ആണിക്കല്ലായിരിക്കും അതില്‍ തൊട്ടാല്‍ ഇളകുക എന്നതുകൊണ്ടായിരുന്നു അത്.

അക്കാരണത്താല്‍ തന്നെ അത്തരം വസ്തുതാന്വേഷണങ്ങള്‍ക്ക് മത ഘടനക്കകത്ത് അത്ര പ്രചാരണമോ സാധുതയോ
ലഭിച്ചതുമില്ല. മാത്രമല്ല, ഒരു കാലത്തും ഈ അട്ടിമറി പുറത്തു വരാതിരിക്കാന്‍ ഈ മതങ്ങള്‍ തമ്മിലും വേദഗ്രന്ഥങ്ങള്‍ തമ്മിലുമുള്ള തുടര്‍ച്ചകളെയും പാരസ്പര്യത്തെയും അവഗണിക്കുകയും എക്കാലത്തും അവിശ്വാസത്തിന്റെയും വംശീയതുടെയും ചളി പരസ്പരം വാരിയെറിയുകയും ചെയ്തുകൊണ്ടുമിരുന്നു.
ഈ കഥയുടെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജൂത കാലഘട്ടത്തിലെ പല പ്രാകൃത വികല സങ്കല്‍പങ്ങളും കയറിക്കൂടിയ പഴയ നിയമത്തിലെ കഥയാണ് ആ സമൂഹത്തെയും പിന്നീടു വന്ന ക്രൈസ്തവരെയും മുസ്‌ലിംങ്ങളെയും ആഴത്തില്‍ സ്വാധീനിച്ചത്. ഈ ശൃംഖലയിലെ ഒടുവിലത്തെ ഗ്രന്ഥമായ ഖുര്‍ആനില്‍ നിന്നുമാണ് ആദിപാപ സങ്കല്‍പത്തിന്റെ കുറെക്കൂടി വ്യക്തമായ ചിത്രം ലഭിക്കുന്നതെന്നും കാണാനാവും.

ആദിപാപം ജൂത ക്രൈസ്തവ പുരാണങ്ങളില്‍

പെണ്ണിനെ ആദി പാപകാരിണിയും പാപലോകത്തിലേക്കുള്ള പ്രലോഭനവുമായി വിലയിരുത്തുന്ന ചില സങ്കല്‍പനങ്ങള്‍ ഉല്‍പത്തി പുസ്തകത്തിലെ ആദം കഥക്ക് അനുബന്ധമായി ജൂത പുരാണങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. ബാബിലോണിയന്‍
തല്‍മൂദില്‍ നിന്നമുള്ളതാണ് അതില്‍ പ്രബലമായത്. ഇതില്‍ പറയുന്നതനുസരിച്ച് ആദ്യത്തെ തെറ്റ് ചെയ്തത് ഒരു സ്ത്രീയല്ല, രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണെന്നാണ്.
അതില്‍ ആദ്യത്തെ സ്ത്രീയുടെ പേര് ലിലിത്ത് എന്നാണ്. ആദമിനെ സൃഷ്ടിച്ച അതേ സമയത്ത് യഹോവ അതേ മണ്ണില്‍ നിന്ന് അവളെയും സൃഷ്ടിച്ചു. എന്നാല്‍, ആദമിന് വിധേയപ്പെടാന്‍ മടിച്ച് തുല്യ പദവിക്ക് വേണ്ടി ലിലിത് വാദിച്ചു. തന്റെ കല്‍പന ധിക്കരിച്ച അവളെ ദൈവം ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കി.

 

മാത്രമല്ല, ലിലിത്തിനെ ഒരു ദുര്‍ദേവത ആക്കുകയും ചെയ്തു. രാത്രി കാലങ്ങളില്‍ സഞ്ചരിക്കുന്ന പാതി മനുഷ്യനും പാതി പിശാചുമായ ജന്തുവായിട്ടാണ് ജൂത നാടോടിക്കഥകളില്‍ ഇതിനെ പരിചയപ്പെടുത്തുന്നത്. ലിലിത്ത് സ്വര്‍ഗത്തില്‍ നിന്ന്
പുറത്തായതിനുശേഷമാണെത്ര ദൈവം ഹവ്വയെ സൃഷ്ടിച്ചത്.

ലിലിത്തിനെ പോലെ സമത്വവാദിയാവാതിരിക്കാനാണ് ഹവ്വയെ ആദമിന്റെ വാരിയെല്ലില്‍ നിന്ന് സൃഷ്ടിച്ചത്. എന്നാല്‍, ഈ വാരിയെല്ല് കഥയുടെ ഉല്‍ഭവവും നമുക്കജ്ഞാതമാണ്.

ജൂത പാരമ്പര്യമനുസരിച്ച് ലിലിത്ത് പിന്നീട് സര്‍പ്പമായി ഏദനില്‍ പ്രവേശിച്ചു. അങ്ങനെ അവള്‍ ആദമിനെ പ്രലോഭിപ്പിക്കുകയും വിലക്കപ്പെട്ട കനി ഭക്ഷിപ്പിക്കുകയും ചെയ്തു. കനി ഭക്ഷിച്ചതിന്റെ പേരില്‍ ദൈവം ഹവ്വയെയും ലിലിത്തിനെയും ശപിച്ചു. സാക്ഷാല്‍ സാത്താനും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മറ്റു മാലാഖമാരും ലിലിത്തിനോടൊപ്പം
ചേര്‍ന്നു.

സാത്താന്റെ കൂടെ പോയ ലിലിത്ത് ലൈംഗികതയുടെ പ്രതീകമായി മാറി. അതിനാല്‍ ജൂത പാരമ്പര്യത്തില്‍ രതി അശ്ലീലമായ ഒന്നായിത്തീര്‍ന്നു. അതിന് സ്ത്രീ വിരുദ്ധതയുടെ മുഖവും കൂടി കൈവന്നു. ലിലിത്തിന്റെ കഥ മുന്നോട്ടുവെക്കുന്ന പാഠങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

ഒന്ന് പുരുഷന് തുല്യമായ സ്ഥാനം വേണമെന്ന ആവശ്യം ദൈവം അംഗീകരിച്ചില്ല.
അത് ആവശ്യപ്പെട്ടതിന്റെ പേരില്‍ ലിലിത്തിനെ പുറത്താക്കി. പകരം
സൃഷ്ടിപ്പില്‍ നിന്നു തന്നെ ആണിന് കീഴ്‌പ്പെട്ടു നില്‍ക്കുന്ന ഹവ്വയെ
ആദമിന്റെ ഇണയാക്കി.

രണ്ട് സാത്താന്റെ കൂടെപോയ ലിലിത്ത് ലൈംഗികതയുടെ പ്രതീകമായി മാറി

മൂന്ന് ദൈവത്തിന്റെ പ്രതിരൂപമായ മനുഷ്യനെ അഥവാ പുരുഷനെ വഴിതെറ്റിച്ച ലിലിത്ത്, അതിനായി ഉപയോഗിച്ചത് ഹവ്വയെ. മനുഷ്യകുലത്തിന്റെ പതനത്തിന്റെ നിമിത്തമായത് രണ്ട് സ്ത്രീകള്‍.

നാല് ലിലിത്തിന്റെ സന്തതികള്‍ ആയ ചെകുത്താന്‍മാര്‍ ആണ് ഇപ്പോഴും മനുഷ്യനെ വഴി തെറ്റിച്ചുകൊണ്ടിരിക്കുന്നത്. അഥവാ, സ്ത്രീയുടെ പ്രതികാരം മനുഷ്യനെ നരകത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.

ഏതാണ്ട് ഇതേ അളവില്‍ തന്നെയാണ് കൃസ്ത്യന്‍ വിശ്വാസത്തില്‍ ആദി പാപ കഥയും വാരിയെല്ലില്‍ നിന്നുള്ള സൃഷ്ടിപ്പും പ്രമാണവത്കരിച്ചത്. ക്‌ളമന്റ് ഓഫ് അലക്‌സാണ്ട്രിയ എന്നറിയപ്പെടുന്ന ടെറ്റസ് ഫ്‌ലേവിയസ് ക്‌ളമന്‍സ് ആണത്രെ
ബൈബിളിലെ ആദം ആഖ്യാനത്തിലെ വിലക്കപ്പെട്ട കനിയെ ലൈംഗികതയുമായി ആദ്യം
വ്യാഖ്യാനിച്ച ക്രിസ്ത്യന്‍ തിയോളജിയന്‍.

 

റോമന്‍ ക്രിസ്തു മതത്തിന് രൂപം നല്‍കിയ തര്‍സൂസിലെ വിശുദ്ധ പൗലോസ് രതിയെ പാപമായി കണ്ടിരുന്നില്ലെങ്കിലും വൈരാഗ്യ ജീവിതത്തെ വല്ലാതെ പുകഴ്ത്തിയിരുന്നു.

കഴിവതും സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുക തന്നെയാണ് നല്ലതെന്നാണ് പൗലോസിന്റെ ഉപദേശം. സംയമനം പാലിക്കാന്‍ പറ്റാത്തവന്‍ വിവാഹം കഴിക്കട്ടെ എന്ന് അദ്ദേഹം ഉപദേശിച്ചു. (കോറിന്തോസുകാര്‍ക്കുള്ള ലേഖനം7:9)(വിവരങ്ങള്‍ക്ക് കടപ്പാട്: മുഹമ്മദ് ശമീമിന്റെ മക്ക: കാഴ്ചയില്‍ നിന്ന് ഹൃദയത്തിലേക്ക് എന്ന പുസ്തകം)
ഖുര്‍ആന്‍ എന്തു പറയുന്നു?

സെമിറ്റിക് മത ഗ്രന്ഥശൃംഖലയില്‍ ഒടുവില്‍ അവതീര്‍ണമായ ഖുര്‍ആനിലേക്ക് വരുമ്പോള്‍ വിലക്കപ്പെട്ട കനിയെക്കുറിച്ചോ ഹവ്വയെന്ന സ്ത്രീയെക്കുറിച്ചോ അതില്‍ എവിടെയും പറയുന്നില്ല എന്നതാണ് വസ്തുത. “ആദിപാപം” എന്നതിനെ തന്നെ മറ്റൊരു രീതിയില്‍ ആണ് ഖുര്‍ആന്‍ സമീപിച്ചത്.

പൗരോഹിത്യം ആരോപിക്കുന്നതുപോലെ “പാപം” എന്നൊരു സങ്കല്‍പം ആ വിവരണങ്ങളില്‍ എവിടെയും കാണാനാവില്ല. ഖുര്‍ആന്‍ ആ ജ്ഞാനത്തെ അനാവരണം ചെയ്യുന്നത് കേവലമൊരു കഥയായിട്ടല്ല. മറിച്ച് ജീവിതാസ്വാദനത്തിന്റെ
ധാര്‍മികമായ പാഠങ്ങളെ സൗന്ദര്യ ശാസ്ത്രപരമായും തത്വചിന്താപരമായും പറഞ്ഞുകൊടുക്കുകയായിരുന്നു. അഥവാ മനുഷ്യജീവിതത്തിന്റെ ഒരു പരിഛേദം ആയിട്ടാണ് ആ കഥയെ അവതരിപ്പിച്ചിരിക്കുന്നത്.

അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ജ്ഞാനം (യുക്തി), തോട്ടത്തിലെ ഇണകള്‍, പഴങ്ങള്‍ (ജീവതാസ്വാദനം), മരത്തെ സമീപിക്കരുത് എന്ന് പറയുന്നത് (ധാര്‍മികമായ പരിധികള്‍) , പശ്ചാത്താപം (പരിഹാരം) എന്നിങ്ങനെ മനുഷ്യ ജീവിതത്തിന്റെ
വിവിധ ഘട്ടങ്ങളെ തത്വചിന്താപരമായും സൗന്ദര്യ ശാസ്ത്രപരമായും മാത്രമല്ല യുക്ത്യാധിഷ്ഠിതമായും സമീപിക്കുകയായിരുന്നു ഖുര്‍ആന്‍ എന്ന് കാണാം.

 

സ്വാഭാവികമായും മുമ്പുള്ള വേദഗ്രന്ഥങ്ങളും അതു തന്നെയാവും ഈ വിവരണത്തിലൂടെ ഉദ്ദേശിച്ചിട്ടുണ്ടാവുക. (പക്ഷെ, ആ ആഖ്യാനം ജൂത സമൂഹം നഷ്ടപ്പെടുത്തിയതിലൂടെ ആ കാലത്തിലേക്ക് നടന്നുകയറി പരിശോധിക്കാനുള്ള
വാതിലുകള്‍ക്ക് താഴുവീഴുകയായിരുന്നു)

ഖുര്‍ആന്‍ പറയുന്നതനുസരിച്ച് മനുഷ്യന്‍ പാപം ചെയ്യുകയല്ല, മറിച്ച് തെറ്റ് ചെയ്യുകയാണ്. സ്വാഭാവികമായ പ്രലോഭനങ്ങളാല്‍ വരുന്ന തെറ്റിനെ മറികടക്കാന്‍ പശ്ചാത്താപം (തൗബ) എന്നൊരു പോംവഴിയുണ്ട്. അത് ചെയ്യുന്നതോടുകൂടി ദൈവം ക്ഷമിച്ചുകൊടുക്കുന്നു. പിന്നീട് അതില്‍ പാപം എന്ന ഒന്ന് ഇല്ലാതാവുന്നു.

ചെയ്ത തെറ്റിന്റെ പേരില്‍ പാപിയായി മുദ്രകുത്തുന്നില്ല. കുറച്ചുകൂടി വ്യക്തമാക്കിയാല്‍, മനുഷ്യന് ജീവിതാസ്വാദനം
അനുവദിച്ചിരിക്കുന്നു. ആണും പെണ്ണും ജീവിതമാവുന്ന തോട്ടത്തിലേക്കിറങ്ങി
അതിലെ ഫലമൂലാദികള്‍ എല്ലാം ഭക്ഷിക്കുക.

അതേസമയം അതിന് ധാര്‍മികതയുടേതായ ചില അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറത്താണ് ആ മരം. ഈ അതിര് ലംഘിക്കുവാന്‍ മനുഷ്യനെ അവന്റെ ഉള്ളിലുള്ള സാത്താന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കും. സാത്താനിക പ്രലോഭനം പുറത്തു നിന്നുള്ളതല്ല, മനുഷ്യന്റെ തന്നെ ഉള്ളില്‍ നിന്നുണ്ടാവുന്നതാണ്.

ഈ പ്രേരണക്ക് ഒരു ഘട്ടത്തില്‍ വഴിപ്പെട്ടു എന്നതാണ് ആദമിന്റെ തെറ്റായി ഖുര്‍ആന്‍ പറയുന്നത്. ആ തെറ്റിന് ആദം പശ്ചാത്താപം കൊണ്ട് പ്രതികരിക്കുന്നു. ഇങ്ങനെയാണ് മനുഷ്യന്‍ ചെയ്യേണ്ടത് എന്നാണ് ഖുര്‍ആന്‍ ആ
വിവരണത്തിലൂടെ പഠിപ്പിച്ചു തരുന്നത്.

ഇതില്‍ ആദമിനെ പെണ്ണ് പ്രലോഭിച്ചതായിട്ടുള്ള ഒന്നും തന്നെ പറയുന്നില്ല. ഹവ്വ എന്നുള്ള പേര് ഖുര്‍ആനില്‍ എവിടെയും വരുന്നുമില്ല. പാപവുമില്ല, പെണ്ണിന്റെ പ്രലോഭനവുമില്ല. ഇവിടെ സാധാരണ പറഞ്ഞു പഠിപ്പിക്കാറുള്ളത് പോലെ അത്
വഴിയേ പോവുന്ന പെണ്ണിന്റെ കൂടെയല്ല ഉള്ളത് എന്നര്‍ഥം.

ആദം എന്നത് ഒരാളുടെ പേരായിട്ടല്ല. മറിച്ച് മനുഷ്യന്‍ എന്ന അര്‍ഥത്തില്‍ ആണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യന്‍ എന്ന ഒരൊറ്റ സംബോധന മാത്രമാണ്. അതുകൊണ്ട് അതില്‍ ആണും പെണ്ണുമെന്ന വേര്‍തിരിവില്ല. അതില്‍തന്നെ തെറ്റിനെ കുറിച്ച് പറയുന്നിടത്ത് പെണ്ണിനെയല്ല, ആണിനെയാണ് കൂടുതല്‍ ഊന്നിപ്പറയുന്നതെന്ന സവിശേഷതയുമുണ്ട്.

ഖുര്‍ആന്‍ പരിശോധിച്ചാല്‍ മനസിലാവുന്ന മറ്റൊരു കാര്യം, വാരിയെല്ലു കഥ ശുദ്ധ അസംബന്ധമാണ് എന്നാണ്. “ഒരു ആത്മാവില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവരാണ് എല്ലാ മനുഷ്യരും” എന്ന് അതില്‍ വ്യക്തമായി
പറഞ്ഞിരിക്കുന്നു.

അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ടതായി വരുന്ന ഹദീസ് (മുഹമ്മദ് നബിയുടേതായി പറയുന്ന വാക്കുകള്‍) തീര്‍ത്തും ഖുര്‍ആനിക വിരുദ്ധവും പിന്നീട് എഴുതിയുണ്ടാക്കിയതുമാണെന്ന് മനസ്സിലാവും. ആദമിനെ പടച്ച ദൈവത്തിന് ഹവ്വയെ പടയ്ക്കാന്‍ അതില്‍ നിന്ന് തന്നെ ഒന്ന് വേണ്ടിവന്നു എന്നത് ദൈവത്തിന്റെ ശക്തിയെയും മനുഷ്യന്റെ യുക്തിയെയും
ഒരുപോലെ ചോദ്യം ചെയ്യുന്നുണ്ട്.

മറ്റൊന്നിനെ ആശ്രയിക്കാത്തവനാണ് ദൈവം എന്ന ഖുര്‍ആനിന്റെ അധ്യാപനത്തിന് നേര്‍ വിപരീതമായായി ഇതുമാറുന്നു.
പ്രവാചകന്‍മാരെ പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോള്‍

പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു പരമാധികാര ശക്തിയെ സാക്ഷ്യപ്പെടുത്തുന്നതാണ് അടിസ്ഥാനപരമായി എല്ലാ മതങ്ങളും. എന്നാല്‍, ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കപ്പെടുന്നതോടെ മനുഷ്യന്റെ
പരിധികളില്ലാത്ത അധികാരമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ഇത് മറികടക്കാന്‍ എല്ലാ മതങ്ങളിലും എല്ലാ കാലങ്ങളിലും ശ്രമങ്ങള്‍ ഉണ്ടാവുകയും അവര്‍ പ്രമാണങ്ങളില്‍ സ്ഥാപിത താല്‍പര്യത്തിലൂടെ വെള്ളം ചേര്‍ത്ത് അവതരിപ്പിക്കുകയും ചെയ്തു. ഈ പ്രമാണങ്ങള്‍ മൂല ഗ്രന്ഥങ്ങളാക്കി രാഷ്ട്രീയ
സാമ്പത്തികസാമൂഹ്യ വ്യവഹാരങ്ങളില്‍ അവര്‍ വിഹരിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം കൃത്യമായ ഘടന ആണധികാരത്തിന്റേതായിരുന്നു.

അതുകൊണ്ട് തന്നെ തങ്ങള്‍ക്കുശേഷം പ്രമാണവത്കരിക്കപ്പെട്ട പല മനുഷ്യ വിരുദ്ധതയുടെയും ആത്യന്തിക പാപഭാരം പേറേണ്ടവരോ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെടുന്നവരോ ആയി പ്രവാചകന്‍മാര്‍ മാറി. യഥാര്‍ഥത്തില്‍ അത്തരം സംഗതികളെ ഇല്ലായ്മ ചെയ്യാനുള്ള സമരത്തില്‍ സ്വന്തം നാടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരും പഴികേട്ടവരും ക്രൂശിക്കപ്പെട്ടവരും അധിക്ഷേപിക്കപ്പെട്ടവരും ആയിരുന്നല്ലോ അവര്‍. മോശെയും യേശുവും മുഹമ്മദ് നബിയുമെല്ലാം സമാനമായ ആ വഴികളിലൂടെ കടന്നുപോന്നവരാണ്.

യേശുവും സ്ത്രീകളും

സ്ത്രീ ജീവിത പരിസരവുമായി ചേര്‍ന്നു നില്‍ക്കാത്ത കഥകള്‍ ഒന്നും ക്രിസ്തു ദേവന്റേതായി നമുക്ക് വായിച്ചെടുക്കാനാവില്ല. എന്നിട്ടും സ്ത്രീവിരുദ്ധതയില്‍ മുങ്ങിത്താണിരിക്കുന്ന ക്രൈസ്തവ സമൂഹത്തിനും പിഴച്ചത് ആദിപാപത്തില്‍ തന്നെയാണ്.

പഴയ നിയമത്തില്‍ നിന്ന് അതേപടി കടംകൊണ്ട ആദിപാപ കഥ ഏറ്റവും കടുത്ത രൂപത്തില്‍ എടുത്തുപ്രയോഗിക്കുന്ന
സമൂഹമാണത്. അതിന്റെ പേരില്‍ എല്ലാ കുറ്റവും കുറവും ഭൂമിയില്‍ പിറക്കാനിരിക്കുന്ന അവസാനത്തെ പെണ്‍കുഞ്ഞിന്റെ മേലിലും മുദ്രവെയ്ക്കപ്പെട്ടിരിക്കുന്നു.

 

സ്ത്രീകളോടുള്ള അങ്ങേയറ്റത്തെ പരിഗണന നിറഞ്ഞ യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള നിരവധി വായനകള്‍ ക്രിസ്തു
മതത്തിനകത്തുനിന്നു തന്നെ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് ഇങ്ങനെയാണ്:

തന്റെ കാലത്തില്‍ നിലവില്‍ ഉണ്ടായിരുന്ന പ്രാകൃതമായ ജൂത വിശ്വാസത്തെ പരിഷ്‌കരിക്കാനാണ് യഥാര്‍ഥത്തില്‍ ക്രിസ്തു ശ്രമിച്ചത്. അന്ന് നിലനിന്നിരുന്ന നിയമങ്ങളെയെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന പഴയ നിയമങ്ങളോട് അനുകൂല സമീപനം ആണ് ജൂത വിശ്വാസമനുസരിച്ച് കൈകൊണ്ടിരുന്നത്.

അത്യധികം സ്ത്രീവിരുദ്ധമായിരുന്നു പഴയ ജൂത നിയമം. “പാപിനി”യെ കല്ലെറിയുമ്പോഴും അതിനെ ന്യായീകരിക്കാന്‍ പഴയ നിയമം ആണ് അവിടെയുണ്ടായിരുന്നവര്‍ ഉദ്ധരിച്ചിരുന്നതെന്നത്രെ! യേശു അവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ “വേശ്യയെ കല്ലെറിഞ്ഞ് കൊല്ലാം” എന്ന് പഴയ മോശെ പ്രവാചകന്‍ പറഞ്ഞിട്ടില്ലേ എന്നും മോശെ പ്രവാചകനെ
തള്ളിപ്പറയുകയാണോ എന്നുമൊക്കെ അവര്‍ ചോദിച്ചു.

അപ്പോള്‍ യേശു പറഞ്ഞത് “നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” എന്നായിരുന്നു. ആ അര്‍ഥത്തില്‍ എല്ലാ സ്ത്രീ
വിരുദ്ധ നിയമങ്ങളെയും യേശു ചോദ്യം ചെയ്തു. നിയമങ്ങള്‍ അവരെ അനുകൂലിക്കുന്ന വിധത്തില്‍ വ്യാഖ്യാനിച്ചു. സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ട ഓരോ ഘട്ടത്തിലും അങ്ങനെ ചെയ്തു. സ്ത്രീകളുടെ നേതാവായിരുന്നു ആ അര്‍ഥത്തില്‍ യേശു.

യേശുവിന് ഏറ്റവും അടുപ്പം ഉണ്ടായിരുന്നതും സ്ത്രീകളോടായിരുന്നു. യേശുവിന്റെ കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയില്‍ ചുമലില്‍ കുരിശ് വെയ്ക്കുന്ന പിലാത്തോസിന്റെ വീടു മുതല്‍ കുരിശില്‍ ഏറ്റുന്ന ഗാഗുല്‍ത്ത വരെ 14 കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. ഇവിടങ്ങളില്‍ എല്ലാം യേശുവിനെ പിന്തുണയ്ക്കാന്‍ പരസ്യമായി സ്ത്രീകള്‍ മുന്നോട്ടുവന്നു.

 

അങ്ങനെ ചെയ്യാന്‍ ശിഷ്യഗണങ്ങളിലെ പുരുഷന്‍മാര്‍പോലും ഭയന്നിരിക്കെയായിരുന്നു അത്! ഇതില്‍ ആറാം സ്ഥലത്ത് വെച്ച് ധീരയായ വെഗ്ഗേറാണിക്ക വന്ന് യേശുവിന്റെ മുഖത്തെ രക്തം തുടച്ചു കൊടുക്കുകയും എട്ടാം സ്ഥലത്ത് യെരുശലേമിലെ സ്ത്രീകള്‍ യേശുവിനെ സന്ദര്‍ശിക്കുകയും ചെയ്തു.

അവര്‍ യേശുവിന്റെ മുഖത്തെ രക്തം തുടച്ചുകൊടുക്കുമ്പോഴാണ് “യെരൂശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍” എന്ന് ആ സ്ത്രീകളോട് യേശു പറയുന്നത്.

മരണം കഴിഞ്ഞ് ശവമടക്കാനും അവിടെ കാവല്‍ നില്‍ക്കാനും അത് കഴിഞ്ഞ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാനും എല്ലാം സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നതെന്നും യേശുവിന്റെ സഹോദരന്‍ ആയ ശിഷ്യന്‍ അടക്കമുള്ള പുരുഷന്‍മാര്‍ എല്ലാം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പറയപ്പെടുന്നു.

മാത്രമല്ല, യേശുവിന്റെ അമ്മയായ മറിയം ആണ് മൃതദേഹം കൊണ്ടുവരുന്നതും നോക്കി ആശ്രമത്തില്‍ കാത്തിരുന്നത്. യേശു എവിടെ പോവുമ്പോഴൂം, നസ്രേത്തിലായാലും ജറൂസലേമിലായാലും പിന്നാലെ
വന്നുകൂടിയിരുന്ന വന്‍ ജനാവലി സ്ത്രീകളുടേതായിരുന്നു.

അവരെ അനുകൂലിക്കാനും അവര്‍ക്കുവേണ്ടി സംസാരിക്കാനുമായിരുന്നു യേശു ജീവിതം
നീക്കിവെച്ചത് എന്നതായിരുന്നു അതിനു പിന്നിലെ പ്രധാന കാരണം.

യേശുവിന് കത്തോലിക്കാ സഭയുമായി ഒരു ബന്ധവുമില്ലെന്ന പ്രബലമായ വീക്ഷണം ഉണ്ട്. യേശു ജനിച്ചതിനുശേഷമുള്ള ആദ്യത്തെ മൂന്നു നാലു നൂറ്റാണ്ടുകള്‍ ക്രൈസ്തവരെ റോമാ സാമ്രാജ്യവും അവരുടെ കിങ്കരന്‍മാരും ചേര്‍ന്ന് അതി
ഭീകരമായി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് എല്ലാവര്‍ക്കുമറിയുന്ന ചരിത്രം.

ഇസ്രായേല്‍, അഥവാ അന്നത്തെ ഫലസ്തീന്‍ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് റോം കൃസ്ത്യാനിറ്റിയെ ഔദ്യോഗിക മതമായി ഏറ്റെടുക്കുകയായിരുന്നു. അന്നത്തെ റോമാ ചക്രവര്‍ത്തി കോണ്‍സ്റ്റെന്റയ്ന്‍ സ്ത്രീകളെ കൊന്നൊടുക്കി സ്ത്രീവിരുദ്ധയുടെ അതി ക്രൂരമായ ചരിത്രം സൃഷ്ടിച്ചു.

കോണ്‍സ്റ്റെന്റയ്ന്‍ പിന്നീട് സ്വയം ക്രിസ്ത്യന്‍ ആവുകയും ക്രിസ്തുമതം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുമായിരുന്നു. അങ്ങനെ റോമില്‍ മതവും അധികാരവും ഒന്നിച്ച് കൈകോര്‍ത്തു. അന്നു മുതലാണ് അധികാരത്തിലേക്കുള്ള എളുപ്പവഴിയായി ക്രിസ്ത്യാനിറ്റി മാറുന്നത്. അവിടെ നിന്നാണ് റോം ആസ്ഥാനമായി കത്തോലിക്കാ സഭ ഉണ്ടാവുന്നതും. മതത്തില്‍ പഴയ റോമന്‍ സാമ്രാജ്യത്വത്തിനുള്ള ആ അധികാരത്തിന്റെ തുടര്‍ച്ചയാണ് റോമന്‍ പ്രഭുത്വത്തിന്റെ വകയായിരുന്ന കത്തോലിക്കാ സഭ.

വളരെക്കാലം, ഏകദേശം നാലോ അഞ്ചോ പോപ്പുമാരുടെ കാലംവരെ ഇറ്റലിക്കാരല്ലാത്തവര്‍ പോപ്പുമാര്‍ ആയിരുന്നില്ല. 1522ല്‍ ഒരു ഡച്ചുകാരന്‍ പോപ്പായതിനുശേഷം ആദ്യമായി പോളണ്ടില്‍ ജനിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ ആ സ്ഥാനത്ത് എത്തി.

അതിനും മുമ്പ് ഒരു വീട്ടില്‍ നിന്നു തന്നെ നാലും അഞ്ചും പോപ്പുമാര്‍ ആ പദവിയില്‍ എത്തിയിരുന്നുവത്രെ! അതെല്ലാം അവിടുത്തെ പ്രഭു കുടുംബങ്ങളില്‍ നിന്നായിരുന്നു. മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ തലമുറകളിലൂടെ അവര്‍ അത് കൈവശം വെച്ചു. അവിടെ ഒന്നും തന്നെ സ്ത്രീകളെ പരിഗണിച്ചിരുന്നില്ല.
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഒരിടത്തും സ്ത്രീകള്‍ക്കനുകൂലമായ ചെറുവിരല്‍പോലും അനക്കപ്പെട്ടില്ല. സഭയോട് കൂടിയാണ് പൗരോഹിത്യം ഇത്ര ശക്തമാവുന്നത്. യേശു ദേവന്‍ എന്തിനുവേണ്ടി നിലയുറപ്പിച്ചോ അതിന്റെ
എതിരാളികള്‍ ആയവര്‍ തന്നെ അദ്ദേഹത്തിന്റെ മതം പിന്നീട് ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു.

ആ ആണധികാര വാഴ്ചയായിരുന്നു പിന്നീടങ്ങോട്ട് ക്രിസ്ത്യാനിറ്റിയെ നിര്‍ണയിച്ചിരുന്നത്. (പെസഹാ വ്യാഴത്തിലെ കാല്‍ കഴുകല്‍ ശൂശ്രൂഷയില്‍ പെണ്ണുങ്ങളുടെ കാല്‍ കഴുകാന്‍ ഇന്നും ഇവിടെയുള്ള സഭകളൊന്നും തയ്യാറാവുന്നില്ല എന്നത് ഇതിനോട് ചേര്‍ത്തുവായിക്കുക. )

മത്തായിയുടെ സുവിശേഷം, ലൂക്കോസിന്റെ സുവിശേഷം,മാര്‍ക്കോസിന്റെ സുവിശേഷം, യോഹന്നാന്റെ സുവിശേഷം എന്നിങ്ങനെ നാല് സുവിശേഷങ്ങള്‍ ആണ് ഇപ്പോള്‍ ക്രൈസ്തവ സമൂഹം വായിക്കുന്നത്. ഇതില്‍ മാര്‍ക്കോസ് മാത്രമെ
യേശുവിനെ നേരിട്ട് കണ്ടിട്ടുള്ളു.

 

ബാക്കിയുള്ളവരെല്ലാം ഏകദേശം നൂറോളംവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് സുവിശേഷങ്ങള്‍ എഴുതുന്നത്. യേശുവിന്റെ
ജീവിതം ഇങ്ങനെ ആയിരുന്നു എന്ന് പറഞ്ഞിട്ടായിരുന്നു അതെല്ലാം. ഇവരല്ലാതെ വേറെയും ഒരുപാട് പേര്‍ സുവിശേഷങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ മഗ്ദലന മറിയത്തിന്റെ സുവിശേഷം ഉണ്ട് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ ആധികരികത തെളിയിക്കപ്പെട്ടിട്ടില്ല.

അവര്‍ അങ്ങനെ എഴുതിയിട്ടുണ്ടെങ്കില്‍ തന്നെ റോമന്‍ ഭരണകൂടം അത് വെച്ചേക്കാന്‍ സാധ്യതയുമില്ല. കാരണം
യേശുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ യഹൂദ പ്രദേശത്ത് റോമന്‍ ആധിപത്യം ഉണ്ടായിട്ടുണ്ട്.

യേശുവന്റേത് ഒരു ജൂത സെക്റ്റ് ആയിരുന്നു. അത് റോമക്കാരോട് ശക്തമായ എതിര്‍പ്പിലുമായിരുന്നു. എ.ഡി എണ്‍പതില്‍ ആണ് ജറൂസലേമിലെ യഹൂദ ദേവാലയം റോമക്കാരാല്‍ തകര്‍ക്കപ്പെടുന്നത്. പിന്നീട് എ.ഡി 705ല്‍ അല്‍ അഖ്‌സ പള്ളി അവിടെ പണിയുന്നതുവരെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.

എ.ഡി എണ്‍പതില്‍ ദേവാലയം തകര്‍ക്കപ്പെടുന്ന കാലത്ത് കൃസ്ത്യാനികളുടെ ഒരു അടയാളവും അവശേഷിപ്പിക്കാതെ പൂര്‍ണമായും തകര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ മഗ്ദലന മറിയം എഴുതിയെന്ന് പറയപ്പെടുന്ന സുവിശേഷം അവശേഷിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവര്‍ പറയുന്നത്.

മാത്രമല്ല, യേശുവിന്റെ മുഖ്യ ശിഷ്യന്‍മാരുടെ സുവിശേഷങ്ങള്‍ പോലും നിലനില്‍ക്കാത്തിടത്തോളം
കാലം മഗ്ദലന മറിയത്തിന്റെയും ഉണ്ടാവാന്‍ സാധ്യതയില്ല.
ഇസ്‌ലാമില്‍ സംഭവിച്ചത്

മതപരമായി ആധികാരികതയുടെ പരിവേഷത്തില്‍ മുക്കിയെടുത്ത ചില യുക്തികള്‍വെച്ച് സ്ത്രീകളെ ചൂഷണം ചെയ്യാന്‍ മതത്തെ ഉപകരണമാക്കാന്‍ കഴിയുന്നതെങ്ങനെ എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്നത്തെ മുസ്‌ലിം സമൂഹം.

“ഏറ്റവും മുന്തിയ മതമാണ് ഇസ്‌ലാം, എന്നാല്‍ ഏറ്റവും മോശം അനുയായികളാണ് അതിന്റേതെന്ന” ജോര്‍ജ് ബര്‍ണാഡ് ഷായുടെ നിരീക്ഷണത്തെ അന്വര്‍ഥമാക്കുന്ന വിധത്തില്‍ ആ മതത്തെ “കൊണ്ടുനടക്കുന്നവരാല്‍” അത് ജീര്‍ണമാക്കപ്പെട്ടിരിക്കുന്നു.

സ്ത്രീകള്‍ക്കുവേണ്ടിയുള്ള എല്ലാ ജനാധിപത്യ ചര്‍ച്ചകളും അവരുടെ ഇടപെടലുകളും ശരീരം മൂടിപ്പുതയ്ക്കുന്ന ഒരു തുണിക്കഷ്ണത്തില്‍ തട്ടി തെറിച്ചുപോവുന്ന ഏറ്റവം മനുഷ്യത്വ വിരുദ്ധമായ തലത്തിലേക്ക് എത്തിയിട്ടുണ്ട് ആ ജീര്‍ണത.

പെണ്ണിന്റെ ശബ്ദം പോലും നിഷിദ്ധമാണെന്ന തരത്തിലുള്ള പുരോഹിത വ്യാഖ്യാനങ്ങള്‍ക്ക് ഈ വാട്ട്‌സാപ്പ് കാലത്തും
ലഭിക്കുന്ന സ്വീകാര്യത അമ്പരപ്പിക്കുന്നതാണ്.

 

ഇസ്‌ലാമിലെ രണ്ടാം പ്രമാണമായി ഗണിക്കുന്ന ഹദീസുകളില്‍ സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്ളവ പരിശോധിച്ചാല്‍ അതില്‍ മിക്കതും ഒന്നാം പ്രമാണമായ ഖുര്‍ആനിനെ പച്ചയായി ഖണ്ഡിക്കുന്നത് കാണാം. അതില്‍ സ്ത്രീ ഒരു രണ്ടാം കിട പൗര പോലുമല്ല.

മേല്‍പറഞ്ഞ ജൂത ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലൂടെയും അതിനേക്കാള്‍ ഏറിയതും കുറഞ്ഞതുമായ പരികല്‍പനകളിലൂടെയും മുസ്‌ലിം പൗരോഹിത്യം സ്ത്രീകളുടെ ജീവിതം
മുഹമ്മദ് നബി വിഭാവനം ചെയ്തതില്‍ നിന്നും ഏറെ അകലങ്ങളിലേക്ക് കൊണ്ടുപോയിരിക്കുന്നു.

ക്രൈസ്തവതയിലേക്കുള്ള റോമാ അധിനിവേശത്തിന്റെയും കത്തോലിക്കാ സഭയുടെയും രംഗപ്രവേശം പോലെ ഇസ്‌ലാമിലേക്ക് അധികാരം പ്രവേശിക്കുന്നതോടെയാണ് ഇതിന്റെയെല്ലാം പ്രകടമായ തുടക്കം.

അധികാര ഇസ്‌ലാമിന്റെ രൂപീകരണം അമവീ ഭരണാധികാരിയായ മുആവിയ മുതല്‍ക്കിങ്ങോട്ട് ഉണ്ടാക്കിയിട്ടുള്ളതാണ്. അഥവാ പ്രവാചകന്റെയും നാല് ഖലീഫമാര്‍ക്കും ശേഷം തൊട്ടടുത്ത കാലം. മുആവിയയിലൂടെയും യസീദിലൂടെയുമൊക്കെ വളര്‍ന്ന സ്ത്രീവിരുദ്ധതയുടെ അധ്യായങ്ങള്‍ അടച്ചിട്ട മുറികളില്‍ ഇരുന്ന് ചര്‍ച്ച ചെയ്യാനുള്ള ധൈര്യമേ ഇന്നും ഈ ജനവിഭാഗത്തിനുള്ളു.
സ്ത്രീകളെ എല്ലാരംഗത്തുനിന്നും മാറ്റി നിര്‍ത്താന്‍ ഈ അധികാര ഇസ്‌ലാം വളരെ അധികം ശ്രമിച്ചതായി കാണാം. അതിനുശേഷം ഉണ്ടാക്കിയിട്ടുള്ള കര്‍മ ശാസ്ത്രം (ഫിഖ്ഹ് ) ഇതിന്റെ അടിസ്ഥാന നിയമമാക്കി മാറ്റിയെടുത്തു. ഈ ഫിഖ്ഹ് വളരെ കൃത്യമായി സ്ത്രീകളെ പിറകിലേക്ക് തള്ളിമാറ്റുന്നതിന് ശ്രമിച്ചിട്ടുണ്ട്.

അത് ഏതൊക്കെ തലത്തില്‍ ഉണ്ടെന്ന് വെച്ചാല്‍: ഒന്നാമതായി, സ്ത്രീകളെ അവരുടെ ആര്‍ത്തവ കാലത്ത് പള്ളിയില്‍ പ്രവേശനം നിഷേധിക്കുക, അവര്‍ക്ക് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ നിന്ന് തടയുക ഇങ്ങനെ തുടങ്ങി ആരാധനാപരമായ കാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് ആദ്യം ചെയ്തത്.

 

ഇങ്ങനെ ചെയ്തതോടെ അവരില്‍ ഒരു തരം അശുദ്ധി ആരോപിക്കപ്പെട്ടു. ഈ ആരോപണത്തോടുകൂടി സ്ത്രീകള്‍ക്ക് സ്വയം
തന്നെ ദൈവികമല്ലാത്ത അശുദ്ധി, ഒരു പൈശാചികത ഏതോ അര്‍ഥത്തില്‍ ഉണ്ട് എന്ന് വരുത്തിത്തീര്‍ത്തു. എന്നാല്‍, ഖുര്‍ആനില്‍ ഇത് സംബന്ധമായി ഒരു സൂചനയും നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

മാത്രമല്ല, ആര്‍ത്തവം അശുദ്ധിയല്ലെന്നും അത് സ്ത്രീക്ക് വിശ്രമം ആവശ്യപ്പെടുന്ന ശാരീരികാവസ്ഥ മാത്രമാണെന്നും വ്യക്തമാക്കുന്ന പ്രവാചാകാധ്യാപനങ്ങള്‍ ധാരാളം ഉണ്ടു താനും. (ആര്‍ത്തവത്തെ സൂചിപ്പിക്കാനായി ഖുര്‍ആന്‍ പ്രയോഗിച്ചത് “അദന്‍” എന്ന അറബി പദമാണ്. ഇതിന് അശുദ്ധം എന്ന അര്‍ഥമേയില്ല. കലര്‍പ്പ് എന്നോ കവിഞ്ഞാല്‍ മാലിന്യം എന്നോ ഉള്ള അര്‍ഥങ്ങള്‍ ആണ് അതിന്.)

രണ്ടാമതായി, അധികാര തലത്തില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുക എന്നതാണ്. അതിന്റെ ഭാഗമായി സ്ത്രീകളെ അധികാരമേല്‍പ്പിക്കുന്ന സമൂഹം നശിച്ചുപോകും എന്ന ഹദീസ് പ്രചരിപ്പിക്കപ്പെട്ടു. ഒരു സമൂഹത്തിന്റെ (ഖൗമിന്റെ)
മുഖ്യമായ ഉന്നം സ്ത്രീകള്‍ ആയിത്തീരുമ്പോള്‍ ആ സമൂഹം നശിക്കും എന്ന ഒരു ഹദീസ് ഉണ്ട്.

അപ്പോള്‍ സമൂഹം അഥവാ “ഖൗം” എന്നൊക്കെ പറയുമ്പോള്‍ അത് പുരുഷന്‍മാരാവുന്നു. “ഖൗമിന്റെ ഉന്നം സ്ത്രീകള്‍ ആവുമ്പോള്‍” എന്നു പറയുന്നിടത്ത് സ്ത്രീ ചരക്കായിട്ടും മാറുന്നു. സ്ത്രീകള്‍ എന്നത് പുരുഷന്റെ സുഖോപാധി എന്നതിനപ്പുറത്തേക്ക് മറ്റൊന്നും ആയി കാണാത്ത അനേകം ഹദീസുകള്‍ ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടുകൊണ്ടിരുന്നു.

ഇങ്ങനെ സ്ത്രീ വിരുദ്ധ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് പ്രവാചകന്റേതായി പ്രചരിപ്പിക്കപ്പെട്ട ഇത്തരം ഹദീസുകളിലൂടെയാണ്. സ്ത്രീവിരുദ്ധതക്ക് പ്രമാണമായി ഉദ്ധരിക്കാന്‍ ഖുര്‍ആനില്‍ ഒന്നും കിട്ടാതെ വന്നപ്പോള്‍ അവര്‍ ഹദീസുകളെയാണ് അതിന് ഉപയോഗപ്പെടുത്തിയതെന്ന് സാരം. ഈ ഹദീസുകള്‍വെച്ചുണ്ടാക്കിയ കര്‍മശാസ്ത്രം നൂറു ശതമാനവും പുരുഷ മേധാവിത്വപരവും സ്ത്രീ വിരുദ്ധവുമാണ്.

 

മൂന്നാമതായി, വിജ്ഞാനത്തില്‍ നിന്നവരെ മാറ്റി നിര്‍ത്തി. അതിന് അവര്‍ പറഞ്ഞത് സ്ത്രീകള്‍ക്ക് ബുദ്ധി കുറവാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് എന്നാണ്. മറ്റൊന്ന് നരകത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ആണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് എന്നും.

ഇന്നും സ്ത്രീകള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന സ്റ്റഡി ക്ലാസുകളിലും പ്രഭാഷണ വേദികളിലും ഇത്തരം മുന്നറിയിപ്പുകള്‍ പതിവിലും ഊക്കോടെ പറഞ്ഞ് പേടിപ്പിച്ചു നിര്‍ത്തുകയാണ് പൗരോഹിത്യം.

ഇത്തരത്തില്‍ ആരാധനകളില്‍ നിന്ന് മാറ്റി നിര്‍ത്തി ഒരുതരം അശുദ്ധിവാദവും അധമത്വവും അടിച്ചേല്‍പിച്ചു. അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തി പൂര്‍ണമായും പിന്നാമ്പുറത്തേക്ക് തള്ളിയിട്ടു. വിജ്ഞാനത്തില്‍ നിന്ന് തടഞ്ഞ് അജ്ഞരാക്കി നിര്‍ത്തി. ഇങ്ങനെയാണ് സ്ത്രീകളെ ഈ അധികാര ഇസ്‌ലാം കൈകാര്യം ചെയ്തത്.

യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നത് സ്ത്രീയും പുരുഷനും സമന്‍മാരാണ് എന്നതു തന്നെയാണ്. സ്ത്രീയുടെ ഇസ്‌ലാം പുരുഷന്റെ ഇസ്‌ലാം എന്നൊന്നില്ല. ഖുര്‍ആനിന്റെ മാനവിക വായന മാത്രമേ സാധ്യമാവൂ. എന്നാല്‍, ഇതിന് വിലങ്ങു തീര്‍ക്കുന്ന സംഘടിത അധികാര ഇസ്‌ലാം തന്നെയാണ് മുസ്‌ലിംങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ അപകടം.

ഇത് യഥാര്‍ഥത്തില്‍ ഇസ്‌ലാം അവര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ നിലവിലുള്ള ഫിഖ്ഹ്(കര്‍മശാസ്ത്രം) സംവിധാനങ്ങള്‍ ഒക്കെയും അത്രയും ശക്തമായി സ്ത്രീകളെ അടച്ചുപൂട്ടിയിരിക്കുന്നു. വിശ്വാസത്തിലേക്കും ജീവിതത്തിലേക്കും സ്ത്രീകള്‍ പുരുഷന്‍മാരെ പോലെ മുഖ്യ കവാടത്തിലൂടെ കടക്കേണ്ടവരല്ലെന്ന് അവര്‍ തീര്‍പ്പു കല്‍പിച്ചിരിക്കുന്നു. അതിനായി അവര്‍ പള്ളി നിര്‍മിക്കുമ്പോഴും പൊതു സദസ്സുകളിലും സ്ത്രീകള്‍ക്കായി പിന്‍വാതിലുകള്‍ തീര്‍ക്കുന്നു. സ്ത്രീകള്‍ രണ്ടാംകിട പൗരന്‍മാര്‍ പോലുമല്ല, അതിനേക്കാള്‍ താഴെയാണെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍, പ്രവാചകന്റെ പള്ളിയിലേക്ക് പ്രവേശിക്കാന്‍ ഒരൊറ്റ വാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിലൂടെ എല്ലാവര്‍ക്കും കയറാനും ഇറങ്ങാനും സാധിച്ചിരുന്നു. മരിച്ച വീടുകളിലും വിവാഹ വീടുകളിലും സ്ത്രീയുടെ പ്രവേശനം അടുക്കള വാതില്‍ വഴി മതിയെന്ന് ഇപ്പോഴും തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് എന്നോര്‍ക്കുക.

ജീവിതത്തിന്റെ നാനാമണ്ഡലങ്ങളില്‍ സ്വാതന്ത്ര്യത്തോടെയും അന്തസോടെയും വ്യാപരിച്ച സ്ത്രീകള്‍ മുഹമ്മദ് നബിക്കൊപ്പം എത്രയും ഉണ്ടായിരുന്നു. എന്നാല്‍, പ്രവാചകനൊപ്പം നിന്ന സ്ത്രീകളെ കുറിച്ച്, പിന്നീട് എഴുതപ്പെട്ട ചരിത്രം ഏറെയൊന്നും പരാമര്‍ശിക്കുന്നില്ല. അച്ചടക്കമുള്ള പ്രവാചക പത്‌നിമാരെ കുറിച്ച് പറയുന്നിടത്ത് അദ്ദേഹവുമായി രാഷ്ട്രീയ കാര്യങ്ങളില്‍ അടക്കം ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്ത പത്‌നിമാരെക്കുറിച്ച് മിണ്ടുന്നില്ല. അത്തരം സത്യങ്ങള്‍ ബോധപൂര്‍വം ഒളിച്ചുവെക്കുകയാണ് ചെയ്തത്.

ഇസ്‌ലാമിനകത്തുള്ള സ്ത്രീ വിരുദ്ധതയുടെ തുടക്കം പ്രവാചകന്റെ മരണത്തിന്റെ തൊട്ടടുത്ത നിമിഷം തന്നെ ആയിരുന്നുവെന്ന പല വായനകളും പിന്നീട് ഉണ്ടായിട്ടുണ്ട്. അതില്‍ ശ്രദ്ധേയമാണ് മെറോക്കന്‍ പണ്ഡിതയും സോഷ്യോളജിസ്റ്റുമായ ഫാത്തിമ മെര്‍നീസിയുടെ പഠനാന്വേഷണങ്ങള്‍.

വിശുദ്ധഗ്രന്ഥങ്ങളില്‍ എക്കാലത്തും കൃത്രിമം നടന്നിട്ടുണ്ടെന്നും മാത്രമല്ല, ഇത്തരം കൃത്രിമം കാട്ടല്‍ മുസ്‌ലിം സമൂഹങ്ങളിലെ അധികാരപ്രയോഗത്തിന്റെ ഘടനാപരമായ മാതൃക തന്നെയാണെന്നും ഏഴാം നൂറ്റാണ്ടു മുതല്‍ തന്നെ എല്ലാത്തരം അധികാരത്തെയും സാധൂകരിക്കുന്നതിന് ഉപാധി മതമായി തീര്‍ന്നുകൊണ്ട് രാഷ്ട്രീയ ശക്തികളും സാമ്പത്തിക തല്‍പരരും കപട പാരമ്പര്യങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള സമ്മര്‍ദം ചെലുത്തിയെന്നും “ദ വെയ്ല്‍ ആന്റ് ദ മെയ്ല്‍ എലൈറ്റ്” എന്ന തന്റെ പുസ്തകത്തില്‍ അവര്‍ നിരീക്ഷിക്കുണ്ട്.

സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശം നല്‍കണമെന്ന ഖുര്‍ആന്‍ വചനം അവതരിച്ചപ്പോള്‍ അനുചരന്‍മാരില്‍ നിന്നുതന്നെ മുഹമ്മദ് നബി നേരിട്ട എതിര്‍പ്പിനെ കുറിച്ച് മെര്‍നീസി ചൂണ്ടിക്കാണിക്കുന്നു. ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എങ്ങനെയാണ് പിന്തുടര്‍ച്ചാവകാശം നല്‍കുക? എന്ന ചോദ്യം അനുയായികളുടെ ഇടയില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു.

ഇസ്‌ലാമിനു മുമ്പുള്ള ഇരുണ്ട യുഗത്തിലെ സ്ത്രീവിരുദ്ധതയുടെ അംശങ്ങള്‍ പ്രവാചക സാന്നിധ്യത്തില്‍പോലും അനുചരന്‍മാര്‍ കൂടെ കൊണ്ടു നടന്നിരുന്നുവെന്നതിന്റെ കൃത്യമായ സൂചനയായി ഈ സംഭവം മാറുന്നു. പ്രവാചകന്റെ മരണശേഷം മുസ്‌ലിം സമൂഹം ആന്തരിക വൈരുധ്യങ്ങള്‍ കൊണ്ട് ശിഥിലമായെന്ന് നിരന്തമായ പഠനാന്വേഷണങ്ങള്‍ക്കൊടുവില്‍ അവര്‍ കണ്ടത്തെി. ഇസ്‌ലാ ലോകത്ത് ആരും അധികം കടന്നുചെന്ന് കണ്ടത്തൊനും വിളിച്ചു പയറാനും ധൈര്യപ്പെടാത്ത മേഖലയിലേക്കായിരുന്നു മെര്‍നീസി കയറിച്ചെന്നത്.

ഹിന്ദുമതത്തിലെ സ്ത്രീകള്‍

ലോകത്ത് നിലവിലുള്ള പ്രബല മതങ്ങളുടെ കൂട്ടത്തില്‍ ഹിന്ദുമതം സ്ത്രീകളെ എങ്ങനെയാണ് പരിഗണിച്ചിരുന്നതെന്നും ഈ സാഹചര്യത്തില്‍ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. പുരാതന കാലങ്ങളില്‍ ലൈംഗികമായ അരാജകത്വം വളരെ പ്രബലമായിരുന്നു എന്ന് മോര്‍ഗന്‍ എന്ന സാമൂഹ്യ ശാസ്ത്രകാരന്‍ തന്റെ “മാനവ സമൂഹം” എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ അക്കാലങ്ങളില്‍ അച്ഛന്‍ ആരാണെന്ന് അറിയുക എന്നത് സദാചാരത്തിന്റെ അടിസ്ഥാനമായി മാറി. അങ്ങനെയാണ് പിതൃദായ ക്രമം ഉല്‍ഭവിക്കുന്നത്.

എല്ലാ പിതൃദായ ക്രമത്തിന്റെയും അടിസ്ഥാനം പുരുഷന്‍ ആയി മാറി. ഈ ക്രമത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒക്കെ ചോദ്യം ചെയ്തുകൊണ്ടാണ് ഇന്ന് കൊണ്ടാടിവരുന്ന എല്ലാ വേദഗ്രന്ഥങ്ങളും പ്രവാചക വ്യക്തിത്വങ്ങളും അവതീര്‍ണമായതെന്നുള്ള നിരീക്ഷണങ്ങളും പിന്നീട് ഉണ്ടായി. അതുകൊണ്ട് തന്നെ അവരുടെ ഘടനയുടെ തുടര്‍ച്ചയെന്നവണ്ണം സ്വാഭാവികമായും ഒരു പിതൃപക്ഷ സമീപനം അല്ലെങ്കില്‍ ഒരു ആണ്‍പക്ഷ സ്വരം എല്ലാ വേദഗ്രന്ഥങ്ങളുടെയും പിന്നീടുള്ള
വ്യാഖ്യാനങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും കരുതപ്പെടുന്നു.

പിന്നീട് ഈ ആണ്‍പക്ഷ സ്വരം അതിന്റെ സാമൂഹികമായ പശ്ചാത്തലം മനസ്സിലാക്കാതെ വളരെ ആധിപത്യ സ്വഭാവത്തോട് കൂടി പുരോഹിതന്‍മാര്‍, പണ്ഡിതന്‍മാര്‍, ആചാര്യന്മാര്‍ എന്നൊക്കെ പറയുന്നവര്‍ കൈകാര്യം ചെയ്യുകയായിരുന്നു. അതിന്റെ ദുരന്തഫലങ്ങളും അനുഭവിക്കാന്‍ തുടങ്ങി. ഈ ആണാധിപത്യത്തിന് ഏകദേശം ഒരു മൂവായിരം കൊല്ലത്തെ എങ്കിലും പഴക്കമുണ്ട് എന്ന് പൊതുവെ കരുതപ്പെടുന്നു.

ഹിന്ദുമതം എത്രത്തോളം സ്ത്രീപക്ഷമായിരുന്നു എന്നറിയാന്‍ പുരാണ വേദകാലത്തെ കുറിച്ചുള്ള മറുവായനകള്‍ സഹായിക്കുന്നുണ്ട്. ഹിന്ദു പുണ്യഗ്രന്ഥങ്ങള്‍ പറയുന്നതനുസരിച്ച് വേദ കര്‍മങ്ങളില്‍ ഋഷിമാര്‍ക്കൊപ്പം ഋഷികമാരും ഉണ്ടായിരുന്നുവെത്ര.

“മഹര്‍ഷി മതത്തിന്റെ മൂല തത്വങ്ങള്‍” എന്ന തന്റെ കൃതിയില്‍ ഹൈന്ദവ മതം സ്ഥാപിച്ചതാര്? എന്നുള്ള ഉപതലക്കെട്ടില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഇങ്ങനെ എഴുതുന്നു: “”ഋഷികമാരെപറ്റി പറഞ്ഞല്ലോ, അവര്‍ ഹൈന്ദവ വേദ വാങ്മയങ്ങളില്‍
എവിടെയൊക്കെ പരാമര്‍ശിക്കപ്പെടുന്നു എന്ന കാര്യം ആധികാരികതക്കുവേണ്ടി പ്രത്യേകം എടുത്തുകാണിക്കാം. സ്ത്രീപക്ഷ അധ്യാത്മികത പറയുന്നവര്‍ക്ക് അതൊരുപക്ഷേ, ഉപകാരപ്പെട്ടേക്കാം.

വിശ്വബാല എന്ന ഋഷിക ഋഗ്വേദത്തില്‍ അഞ്ചാം മണ്ഡലത്തിലെ 28ാം സൂക്തം ദര്‍ശിച്ചു എന്നാണ് കാണുന്നത്. അബാല എന്ന
ഋഷിക ഋഗ്വേദം എട്ടാംമണ്ഡലത്തിലെ എണ്‍പതാം സൂക്തം ദര്‍ശിച്ചവള്‍ ആണ്. ഋഗ്വേദത്തിലെ ഒന്നാം മണ്ഡലത്തിലെ നൂറ്റിയെഴുപത്തിഒമ്പതാം സൂക്തം അഗസ്ത്യന്‍ എന്ന ഋഷിയോടൊപ്പം ദര്‍ശിച്ചവള്‍ ആണ് ലോപാമുദ്ര എന്ന ഋഷിക
എന്ന് കാണുന്നു.

ഋഗ്വേദം ഒന്നാം മണ്ഡലത്തിലെ നൂറ്റി ഇരുപത്തി ആറാം സൂക്തത്തില്‍ രോമശ എന്ന ഋഷിക പരാമര്‍ശിക്കപ്പെട്ടു. അക്ഷീവദ്ഗ്വാഷ എന്ന ഋഷിക ഋഗ്വേദത്തിലെ മണ്ഡലം പത്ത്, മുപ്പത്തൊമ്പതില്‍ മന്ത്രദൃഷ്ടാവ് എന്ന നിലയില്‍ പരാമര്‍ശിക്കപ്പെട്ടു. ഇന്ദ്രാണി ഋഷികയായ സൂക്തം ഋഗ്വേദത്തിലെ പത്താം മണ്ഡലത്തില്‍ നൂറ്റിനാല്‍പത്തഞ്ചാം സൂക്തമായി വായിക്കാം.

വാചഗ്‌നവിയും ഗാര്‍ഗിയും ഗ്ഗൈമത്രയിയും ബൃഹദാരണ്യോപനിഷത്തിലെ ഋഷികമാര്‍ എന്ന നിലയില്‍ താരതമ്യേന പ്രസിദ്ധകകളാണ്. ഇങ്ങനെ നിരവധി പുരുഷന്‍മാരായ ഋഷിമാരും ധര്‍മപാതിനികള്‍ ആയ ഋഷികകളും നിര്‍വഹിച്ച തപോധ്യാനങ്ങളിലുടെ വെളിപ്പെട്ട അറിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിമായതാണ് ഹിന്ദുമതം.””

ആദ്യമുള്ള വൈദിക കാലഘട്ടം, അഥവാ ഉപനിഷത് കാലഘട്ടത്തിലും ശേഷമുള്ള ശ്രീബുദ്ധെന്റ കാലഘട്ടങ്ങളിലുമെല്ലാം സ്ത്രീകള്‍ക്ക് ഏറെ പ്രധാന്യം കല്‍പിച്ചിരുന്നതായി കാണാം. വേദങ്ങളിലും ഉപനിഷത്തുക്കളിലും സ്ത്രീകള്‍ ഋഷികകള്‍ എന്ന നിലയില്‍ പോലും മാനിക്കപ്പെട്ടിരുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ ആണ് മേല്‍ വിവരിച്ചത്. എന്നാല്‍, മനുസ്മൃതി കാലഘട്ടത്തില്‍ ഇതെല്ലാം മാറ്റി മറിയ്ക്കപ്പെട്ടു. മനു ശ്രമിച്ചത് സ്ത്രീകളുടെ മുന്നേറ്റത്തെ തടയുക എന്നതിനായിരുന്നു. ഭര്‍തൃശുശ്രൂഷ മാത്രം മതി ഒരു ഉപനയനവും സ്ത്രീക്ക് ആവശ്യമില്ല എന്നതാണ് മനുവിന്റെ അഭിപ്രായം. സ്ത്രീകള്‍ വേദം പഠിക്കാന്‍ പാടില്ലെന്നും.

അതിനുശേഷം വന്ന ശ്രീ ബുദ്ധന്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം കല്‍പിച്ചു. മാത്രമല്ല, ബുദ്ധ ഭിക്ഷു സംഘങ്ങളില്‍ ഭിക്ഷുണിമാരും ഉണ്ടായിരുന്നു. അശോകന്റെ മകള്‍ തന്നെ ഒരു ഭിക്ഷുകി ആയിരുന്നു. സംഘമിത്ര എന്ന പേരില്‍ ഏറെ പ്രസിദ്ധയാണ് അവര്‍. സംഘമിത്രയായിരുന്നു ശ്രീലങ്കയില്‍ ബുദ്ധമത പ്രചാരണത്തിന് നേതൃത്വം കൊടുത്തത് എന്ന് ചരിത്രം പറയുന്നു. ബുദ്ധന്റ അമ്മ ഗൗതമി, ഭാര്യ യശോദര എന്നിവരൊക്കെ ഭിക്ഷുണി സംഘത്തില്‍ അംഗങ്ങള്‍ ആയി ചേര്‍ന്നിരുന്നു. ബുദ്ധമതം അത്രയധികം ആഴത്തില്‍ പഠിച്ചതുകൊണ്ടായിരിക്കാം അംബേദ്കള്‍ സ്ത്രീകളോട് വിവേചനം കാണിച്ചിരുന്നില്ല എന്നതും ഇതോട് ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്.

എന്നാല്‍, എല്ലാ മതങ്ങളിലും സംഭവിച്ചതുപോലെ സ്ത്രീ സമൂഹത്തിനുനേര്‍ക്കുള്ള രണ്ടാംകിട മനോഭാവം ബൗദ്ധസമൂഹത്തിലും കയറിക്കൂടി. പല കാരണങ്ങളാല്‍ മിക്ക ബുദ്ധ രാജ്യങ്ങളിലും ഭിക്ഷുണിസംഘങ്ങള്‍
നാമാവശേഷമായി.

എന്നാല്‍, ബുദ്ധകാലത്തിനുശേഷം ശങ്കരാചാര്യരുടെ വരവോടെ ഇന്ത്യയില്‍ സ്ത്രീകള്‍ മനുസ്മൃതി കാലത്തിലേതു പോലെ തന്നെ അടിച്ചമര്‍ത്തപ്പെട്ടു. മനുവിന്റെ അനുകരണമാണ് യഥാര്‍ഥത്തില്‍ ശങ്കരന്‍ അദ്ദേഹത്തിന്റെ സന്യാസ സമ്പ്രദായത്തില്‍ അവലംബിച്ചത്. സ്ത്രീകള്‍ക്ക് സന്യാസത്തിന് അര്‍ഹതയില്ലെന്നും അവര്‍ക്ക് വേദപഠനത്തിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ ഒരാളെപോലും സ്ത്രീയായി വെച്ചിരുന്നില്ല. ശങ്കര മഠങ്ങളില്‍ സ്ത്രീകള്‍ക്ക് സന്യാസിനി എന്ന പദവിയോ ആചാര്യ എന്ന പദവിയോ ഇതുവരെ നല്‍കിയിട്ടുമില്ല.

ശങ്കരാചാര്യരുടെ പ്രശസ്തമായ “ഭജ ഗോവിന്ദം” (മോഹമുദ്ഗരം) എന്ന കവിത തൃഷ്ണാ നിയന്ത്രണം, ജീവിതത്തിന്റെ പൊരുള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ നല്ല ആശയങ്ങള്‍ ഉള്‍കൊള്ളുന്നതോടൊപ്പം തന്നെ അതിലും കര്‍മബന്ധനത്തിന്റെയും കാമാതുരതയുടെയും പ്രതീകമായി സ്ത്രീശരീരത്തെ വര്‍ണിച്ചതായി കാണാം. അതിലെ വിഖ്യാതമായ ഒരു ശ്ലോകമാണ് “നാരീസ്തനഭരനാഭീദേശം, ദൃഷ്ട്വാ മാഗാ മോഹാവേശം, ഏതെന്മാംസവസാദിവികാരം, മനസ്സി വിചിന്തയ വാരം വാരം” എന്നത്.
പെണ്ണിന്റെ സ്തനഭാരവും നാഭിപ്രദേശവും കണ്ട് മനസ്സില്‍ മോഹാവേശം കൊള്ളാതിരിയ്ക്കൂ. ഇത് മജ്ജയുടെയും മാംസത്തിന്റെയും കൊഴുപ്പിന്റെയും സമ്മേളനം മാത്രമാണെന്ന് വീണ്ടും വീണ്ടും മനസ്സില്‍ചിന്തിച്ചുറപ്പിക്കൂ എന്നാണ് ഇതിന്റെ അര്‍ഥം.

എന്നാല്‍, ഈയര്‍ഥത്തില്‍ കാമനകളോടും ജീവിതാസക്തിയോടും പാടേ പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനം മതങ്ങള്‍ സ്വീകരിച്ചിട്ടില്ല. മറിച്ച്, മോഹത്തെ ധര്‍മ ബദ്ധമായ ജീവിതത്തിലൂടെ ശുദ്ധീകരിക്കാനുള്ള പരിശീലനമാണ് വേദപാഠങ്ങള്‍ പകര്‍ന്നു തരുന്നതായി കണാനാവുക. അതിനു പകരം ഇത്തരം പാഠങ്ങളിലൂടെ മോഹത്തത്തെന്നെ പാപമായും മോഹം ജനിപ്പിക്കുന്ന പെണ്ണുടലിനെ തന്നെ നീചമായും പാപകാരിണിയായും അവതരിപ്പിക്കുകയാണ് ചെയ്തത്.

അതേസമയം, ഇന്ത്യയിലെ താന്ത്രിക മതം ഒരിക്കലും സ്ത്രീയെ ചെറുതായിട്ട്കണ്ടിരുന്നില്ല. സ്ത്രീയ്ക്ക് ഏറ്റവും പ്രധാന്യം നല്‍കിയാലേ താന്ത്രികമായ അനുഷ്ഠാനത്തില്‍ ശക്തി ഉണ്ടാവൂ എന്നാണ് കരുതിയിരുന്നത്. “പുനര്‍നവതന്ത്രം” എന്ന ഗ്രന്ഥം ഇക്കാര്യം ഉറപ്പിച്ചു പറയുന്നു.

താന്ത്രിക വിധി പ്രകാരമുള്ള നിരവധി ഉപാസനകളും വിധികളും അതില്‍ പരിശീലിക്കപ്പെടുന്നുണ്ട്. അവിടെയെല്ലാം ഒരു കാലത്ത് സ്ത്രീക്ക് ഏറെ ബഹുമാനം കൊടുത്തിരുന്നതായി കാണാം. കേരളത്തിലെ ഇപ്പോള്‍ ക്ഷേത്രങ്ങള്‍
ആയി കൊണ്ടാടുന്ന, മനുഷ്യന്‍മാര്‍ പൂജിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലും ഒരുകാലത്ത് അവിടുത്തെ പൂജാരിണികള്‍ സ്ത്രീകള്‍ ആയിരുന്നുവെന്ന് ഡോക്ടര്‍ ചേലനാട്ട് അച്യുത മേനോന്‍ എഴുതിയിട്ടുള്ള “കേരളത്തിലെ കാളീ സേവ” എന്ന പുസ്തകത്തില്‍ പറയുന്നു.

അന്ന് ആര്‍ത്തവത്തെ പെണ്ണിന്റെ സര്‍ഗാത്മകതയുടെ കൊടിയടയാളം പോലെയാണ് താന്ത്രിക മതം
കൊണ്ടാടിയിരുന്നതെത്ര! പണ്ടുള്ള ഹിന്ദു കുടുംബങ്ങളില്‍ ഗണപതിക്ക് വെക്കല്‍ എന്ന ചടങ്ങുണ്ടായിരുന്നു. ഋതുമതികളായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ചെയ്യുന്ന ഒരാചാരമായിരുന്നു അത്. അതിലൂടെ അവരെ ആദരിക്കുകയാണ്. അവരില്ലെങ്കില്‍ ഇവിടെ ജീവരാശിയില്ല എന്ന ബോധ്യത്തിന്റെ പ്രതിഫലനമായിരുന്നു അത്.

ഭക്തിപ്രസ്ഥാനകാലഘട്ടത്തിലും ധാരാളം അഭിവന്ദ്യകള്‍ ആയ സ്ത്രീകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഭക്ത മീര, കുറൂരമ്മ, അവ്വൈയ്യാര്‍, ആണ്ടാള്‍, കാരയ്ക്കലമ്മ ഇങ്ങനെയുള്ള നിരവധി ഭക്ത മഹിളകളായ യോഗിനികളെ പറ്റി 12ാം നൂറ്റാണ്ടിനുശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ കാണാമെന്ന് സ്വാമി ശക്തിബോധി പറയുന്നു. ദയാനന്ദ സരസ്വതി “സത്യാര്‍ഥ പ്രകാശം” എന്ന കൃതിയില്‍ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കും വേദപഠനം ആവാം എന്നതില്‍ പറയുന്നു. സ്ത്രീകളെ പ്രധാന ധാരയിലേക്ക് കൊണ്ടുവന്നു എന്നുള്ള വിപ്ലവമൂല്യം ഇന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിനുണ്ടെന്നും ശക്തിബോധി ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍, മനുസ്മൃതിയും ശങ്കര ദര്‍ശനവും ഇന്ത്യയില്‍ ഒരു ആണധികാര മേല്‍ക്കോയ്മയുടെ അടിസ്ഥാന പ്രമാണങ്ങളായി നിലനില്‍ക്കുന്നു. മതത്തിന്റെ പ്രതിനിധികള്‍ ആയി മറ്റു മതക്കാരുമായി ബന്ധപ്പെട്ടുവരുന്നതുപോലും വൈദിക
ബ്രാഹ്മണര്‍ മാത്രമാണ്. പുറത്തു നില്‍ക്കുന്നവര്‍ക്ക് ഇപ്പോഴും അതിലേക്കൊരു പ്രവേശനം ഉണ്ടായിട്ടില്ല. ഇന്ത്യയിലെ എല്ലാകാലത്തെയും വലിയ ആണാധിപത്യവാദികളായറിയപ്പെടുന്ന മനു, ശങ്കരാചാര്യര്‍ എന്നിവര്‍ക്കൊപ്പം പരശുരാമനെയും ശക്തിബോധി ചേര്‍ത്തുവെക്കുന്നൂ.

ഇവര്‍ ചേര്‍ന്നാണ് തന്ത്രവിധികള്‍ എല്ലാം പുരുഷന്‍മാരായ ബ്രാഹ്മണര്‍ക്ക് ഏല്‍പിച്ചുകൊടുത്തതെന്നും ഇത് ബ്രാഹ്മണമേല്‍ക്കോയ്മാ വാദം മാത്രമല്ല, ആണാധിപത്യ വാദംകൂടിയാണെന്നും അദ്ദേഹം പറയുന്നു. ബ്രാഹ്മണര്‍ക്ക് പിറന്ന
സ്ത്രീകളെ പോലും ഇവര്‍ ആരും വകവെച്ചിട്ടില്ലെന്ന് “മറക്കുടയിലെ മഹാനരക”ത്തിലൂടെ വി.ടി ഭട്ടതിരിപ്പാട് അടക്കമുള്ള പരിഷ്‌കര്‍ത്താക്കര്‍ ചൂണ്ടിക്കാട്ടിയത് ഇതിലേക്ക് ചേര്‍ത്തുവെക്കേണ്ടതാണ്.

ഇന്ത്യയിലെ ആദിമ ഗോത്ര സംസ്‌കാരങ്ങളിലും ദ്രാവിഡ സമൂഹത്തിലും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന സ്ഥാനം പല സാമൂഹ്യശാസ്ത്ര പഠനങ്ങളിലൂടെയും നമുക്ക് ലഭ്യമായിട്ടുണ്ട്. ആര്യാധിനിവേശത്തിനും മുമ്പുള്ള ദ്രാവിഡ കാലഘട്ടത്തില്‍ അനുപമമായ സ്ഥാനമാണ് അവര്‍ക്കുണ്ടായിരുന്നതെന്ന് കാണാം.


നവീകരണത്തിന്റെ ആവശ്യം

ഏതോ ഒരു കാലത്തില്‍ ഇപ്പോഴും തറഞ്ഞുനില്‍ക്കുന്ന നിശ്ചലതയാണ് വാസ്തവത്തില്‍ മതത്തെ അപരിഷ്‌കൃതമായ ഇടങ്ങളില്‍ പ്രതിഷ്ഠിച്ചത്. അപ്പോഴും ലോകത്തില്‍ ബഹുഭൂരിപക്ഷവും ഏതെങ്കിലും മതത്തില്‍ ജീവിതത്തെ കെട്ടിയുറപ്പിച്ചുതന്നെയാണ് മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ മതമുക്തമായ പരിഷ്‌കരണത്തെക്കാള്‍ പ്രാധാന്യം മതത്തിന്റെ പരിഷ്‌കരണത്തിനുണ്ട്.

സാമൂഹിക പുരോഗതിയില്‍ സൃഷ്ടിക്കപ്പെട്ട നവീന ആശയങ്ങളുമായി സംഘട്ടത്തിന് മുതിരുന്ന മതത്തെയാണ് നമുക്ക് പരിചയം. നവീന ആശയങ്ങളുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്താതെ കുപ്പിയിലടച്ച ഭൂതംകണക്കെ വസിക്കുന്ന മതം ഗുണത്തെക്കാള്‍ സമൂഹത്തില്‍ അപകടങ്ങളായിരിക്കും സൃഷ്ടിക്കുക. മതത്തിന്റെ അടിസ്ഥാനം മനുഷ്യരെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് വലിച്ചെറിയലല്ല. നൂറ്റാണ്ടുകളുടെ ഭ്രണണപഥത്തില്‍ മുന്നോട്ട് വിക്ഷേപിക്കലാണ്. മനുഷ്യരാശിയുടെ സമാധാനത്തിലേക്കുള്ള പ്രയാണത്തിന് മതങ്ങളും ആശയങ്ങളും സമൂഹങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന്റേതല്ലാത്ത സംവാദത്തിന്റെയും വിയോജിപ്പുകള്‍ നിലനില്‍ക്കെ തന്നെയുള്ള ഐക്യപ്പെടലിന്റെയും തുറന്ന ഇടങ്ങള്‍ സൃഷ്ടിക്കപ്പടേണ്ടിയിരിക്കുന്നു.

ദൗര്‍ഭാഗ്യവശാല്‍ സ്ത്രീ വിരുദ്ധത എന്ന ഒരൊറ്റ ബിന്ദുവില്‍ മാത്രമാണ് ഈ ഏകീകരണം. മതങ്ങള്‍ സാമൂഹികമായ ചോദ്യംചെയ്യപ്പെടലിന് നിരന്തരം വിധേയമാകണം. മനുഷ്യവിരുദ്ധമായ എന്തും മതത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെതിരെ ഐക്യപ്പെടേണ്ടത് അതാത് മതത്തിലെ വിശ്വാസികള്‍ മാത്രമല്ല,വിശ്വാസമില്ലാത്തവര്‍ കൂടിയാണ്.

മനുഷ്യത്വമില്ലാതിരുന്ന കാലത്ത് മനുഷ്യരിലേക്ക് തിരുത്തലുകളുടെ ഊര്‍ജപ്രവാഹമായി കടന്നുവന്ന മതങ്ങള്‍ എപ്പോള്‍ മുതലാണ് മനുഷ്യവിരുദ്ധമായി മാറിയതെന്നും കാലത്തെ പിന്നിലേക്ക് വലിച്ചുപിടിക്കുന്ന കാന്തമായി തീര്‍ന്നതെന്നും അന്വേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. അത് മതസമൂഹത്തിന്റെ മാത്രം ആവശ്യമല്ല, മതേതര സമൂഹത്തിന്റെയും
അത്യാവശ്യമാണ്.

സ്വയം വിമര്‍ശനത്തെ ഭയപ്പെടുന്ന ഏതു സമൂഹവും ആത്യന്തികമായി അതിന്റെ ചരമ പാതയിലാണ്. തെറ്റില്‍ നിന്ന് പാഠമുള്‍കൊണ്ട് തിരുത്തുമ്പോള്‍ പ്രായശ്ചിത്തത്തിന്റെ വഴികളിലൂടെ ഭൂമിയിലെ ഓരോ മനുഷ്യനും ആദാമിന്റെ കാല്‍പാടുകളിലൂടെ കടന്നുപോവുന്നു. അതു തന്നെയാണ് “ആദിപാപ ” കഥയിലെ അധികം ആരും വായിക്കാതെ പോയ ഏറ്റവും വലിയ പാഠവും.