തൃശൂരിലും 'വോട്ട് ചോരി'; ജപ്തി ചെയ്ത ഫ്‌ലാറ്റിലടക്കം വോട്ട്
Kerala
തൃശൂരിലും 'വോട്ട് ചോരി'; ജപ്തി ചെയ്ത ഫ്‌ലാറ്റിലടക്കം വോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th August 2025, 8:17 am

തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതിഷേധം ശക്തമാകവേ തൃശൂരിലും സമാന രീതിയില്‍ വ്യാപക വ്യാജ വോട്ടുകള്‍. മണ്ഡലത്തിന് പുറത്തുള്ളവര്‍ക്ക് വ്യാജ മേല്‍വിലാസങ്ങളുണ്ടാക്കി വോട്ടുകള്‍ ചേര്‍ത്തെന്ന് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു. വ്യാജ വോട്ടുകളില്‍ കൂടുതലും ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ചേര്‍ത്തിരിക്കുന്നത്. ജപ്തി ചെയ്ത ഫ്‌ലാറ്റിലടക്കം വോട്ട് ചേര്‍ത്തിരുന്നുവെന്നും ന്യൂസ് മലയാളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തെറ്റായ വിവരങ്ങള്‍ നല്‍കി വോട്ടര്‍ പട്ടികയില്‍ ഇടം നേടിയവര്‍ ഇന്ന് ഫ്‌ലാറ്റുകളില്‍ താമസിക്കുന്നില്ലെന്നും ബാക്കിയുള്ള ഫ്‌ലാറ്റുകളില്‍ പലതും അടഞ്ഞുകിടക്കുകയാണെന്നും ചാനല്‍ കണ്ടെത്തി. മണ്ഡലത്തിലും ജില്ലക്കും പുറത്തുള്ളവരെയും ഫ്‌ലാറ്റുകളിലെ താമസക്കാരായി കാണിച്ചാണ് വോട്ട് ചേര്‍ത്തിരിക്കുന്നത്. ഇപ്പോള്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന ആളുകളില്‍ ഭൂരിഭാഗവും അടുത്തിടെ വാടകക്ക് എത്തിയവരാണ്. ഒരേ ഫ്‌ലാറ്റ് നമ്പര്‍ ഉപയോഗിച്ചും ഫ്‌ലാറ്റ് നമ്പര്‍ കൃത്യമായി രേഖപ്പെടുത്താതെയുമാണ് പലരെയും വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ത്തിരിക്കുന്നത്.

തൃശൂര്‍ കോര്‍പറേഷനിലെ പൂങ്കുന്നം ഡിവിഷനിലെ 36ാം നമ്പര്‍ ബൂത്ത് കേന്ദ്രീകരിച്ചാണ് ചാനല്‍ പരിശോധന നടത്തിയത്. ലിസ്റ്റ് അനുസരിച്ച് മുപ്പതോളം പുതിയ വോട്ടര്‍മാരെയാണ് വാട്ടര്‍ലില്ലി എന്ന ഫ്‌ലാറ്റില്‍ നിന്ന് മാത്രം ചേര്‍ത്തിരിക്കുന്നത്. ബൂത്ത് നമ്പര്‍ 37ലും സമാനരീതിയില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. ഫോറം സിക്‌സ് പ്രകാരം വോട്ടര്‍ പട്ടികയില്‍ പുതുതായി ഇടം നേടിയ 190 പേരില്‍ 26 പേരും മണ്ഡലത്തില്‍ പുതുതായി പേര് ചേര്‍ക്കപ്പെട്ടവരാണെന്ന് കണ്ടെത്തി.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപിക്ക് എതിരെ വന്ന വ്യാജ വോട്ട് ആരോപണം ഉയര്‍ന്നുവന്നിരുന്നു. എല്‍.ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ്. സുനില്‍കുമാറാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. തൃശൂര്‍ മണ്ഡലത്തില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്ത് സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കാന്‍ ബി.ജെ.പി ശ്രമിച്ചതായി എല്‍.ഡി.എഫ് ആരോപിച്ചു. ഇലക്ടറല്‍ റോളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും, ഒരേ വിലാസത്തില്‍ നിരവധി വോട്ടര്‍മാരെ ചേര്‍ത്തതായും, മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകളെ വ്യാജമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും ആരോപണമുണ്ടായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ഓഗസ്റ്റ് ഏഴിന് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം.

ബെംഗളൂര്‍ സെന്‍ട്രലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ട് ലീഡുണ്ടായിരുന്നു. എന്നാല്‍ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിക്കുകയായിരുന്നു.
ഈ ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബി.ജെ.പിക്ക് അധികമായി കിട്ടിയത്. അതേസമയം ഈ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ വ്യാജമാണ്. അഞ്ച് വിധത്തിലാണ് മഹാദേവപുരയില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തത്. ഇതില്‍ 11,965 ഇരട്ട വോട്ടുകളാണ്.

വ്യാജ വിലാസത്തില്‍ 40,009 വോട്ടര്‍മാരുണ്ടായി. മുപ്പതും അമ്പതുമൊക്കെയായി ഒരേവിലാസത്തില്‍ 10,452 വോട്ടര്‍മാരെ ചേര്‍ത്തു. വ്യാജ ഫോട്ടോയില്‍ 4132 വോട്ടര്‍മാരും ഫോം ആറ് ദുരുപയോഗം ചെയ്ത് 33692 വോട്ടമാരേയും ഉള്‍പ്പെടുത്തിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു. പ്രസ്തുത ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: ‘Vote Chori’ in Thrissur too, Votes were taken even from confiscated flats