ന്യൂദൽഹി: ബീഹാർ തെരഞ്ഞെടുപ്പിൽ ‘വോട്ട് ചോരി’ നടന്നതായും അവിടെ നിന്ന് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ അത് സ്ഥിരീകരിക്കുന്നുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത നിരവധി ബി.ജെ.പി നേതാക്കളും പ്രവർത്തകരും ബീഹാറിലും വോട്ട് ചെയ്യുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ജനാധിപത്യത്തിന്റെ ഈ ‘കൊലപാതകത്തിന്’ പ്രധാനമായും ഉത്തരവാദികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ്, സന്ധു വിവേക് ജോഷി എന്നിവരാണെന്നും രാഹുൽ ആരോപിച്ചു. ഈ ഉദ്യോഗസ്ഥർ ഭരണഘടനയ്‌ക്കെതിരായ ഏറ്റവും വലിയ വഞ്ചനയാണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
‘വോട്ട് ചോരിയിലൂടെ ഹരിയാനയിലെ സർക്കാർ എങ്ങനെ മോഷ്ടിക്കപ്പെട്ടുവെന്നും സംസ്ഥാനത്തിന്റെ പൊതുജനാഭിപ്രായം കവർന്നുവെന്നും ഞാൻ കഴിഞ്ഞ ദിവസം തെളിവുകൾ കാണിച്ചു.
കുറച്ച് ദിവസം മുമ്പേ എസ്.ഐ.ആറിലൂടെ വോട്ടർ പട്ടികയിലെ വ്യാപക കൃത്രിമത്വത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഞാൻ ബീഹാറിൽ ഒരു ‘വോട്ടർ അധികാർ യാത്ര’ നടത്തി.
ഇന്ന് ബീഹാറിൽ നിന്ന് വരുന്ന വാർത്തകളും വീഡിയോകളും വോട്ട് ചോരിയുടെ തെളിവുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇതിനകം തന്നെ ദശലക്ഷക്കണക്കിന് പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഇപ്പോൾ പോളിങ് സ്റ്റേഷനുകളിലും വോട്ടുചെയ്യുന്നതിൽ നിന്ന് ആളുകളെ തടയുന്നു. അതേസമയം, മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത നിരവധി ബി.ജെ.പി നേതാക്കളും പ്രവർത്തകരും ഇന്ന് ബീഹാറിലും വോട്ട് ചെയ്യുന്നു,’ രാഹുൽ ഗാന്ധി പറഞ്ഞു.
വോട്ട് മോഷണത്തിലൂടെ രൂപീകരിക്കപ്പെട്ട ഒരു സർക്കാർ യുവാക്കളുടെയോ, ജെൻ സിയുടെയോ സാധാരണക്കാരുടെയോ താത്പര്യങ്ങൾക്ക് മുൻഗണന നൽകില്ലെന്ന് ഓർക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉയർന്ന ഉദ്യോഗസ്ഥരായ ഈ മൂന്ന് പേരാണ് ഭരണഘടനയോടും ജനാധിപത്യത്തോടും വലിയ ചതി ചെയ്യുന്നത്.
വോട്ടവകാശത്തിന്റെ സംരക്ഷകരായി നിയമിക്കപ്പെട്ടവർ തന്നെ നിങ്ങളുടെ ഭാവി മോഷ്ടിക്കുന്നതിൽ പങ്കാളികളായിരിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഹരിയാനയിൽ ചെയ്ത പോലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പും എൻ.ഡി.എ മോഷ്ടിക്കാൻ തയ്യാറെടുക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണഘടനയെയും ജനാധിപത്യ അവകാശങ്ങളെയും ദുർബലപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
Content Highlight: Vote Chori in Bihar elections too, Gyanesh Kumar and two election commissioners guilty: Rahul Gandhi