റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഉക്രൈൻ ഇന്ത്യയുടെ സംഭാവനയ്ക്ക് വേണ്ടി കാത്തിരിക്കുന്നു: സെലൻസ്കി
Trending
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഉക്രൈൻ ഇന്ത്യയുടെ സംഭാവനയ്ക്ക് വേണ്ടി കാത്തിരിക്കുന്നു: സെലൻസ്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th August 2025, 2:52 pm

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഉക്രൈൻ ഇന്ത്യയുടെ സംഭാവനയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. ഉക്രൈന്റെ സ്വതന്ത്ര ദിനത്തിന് ആശംസ അറിയിച്ച ഇന്ത്യൻ പ്രധാനമത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമാധാനത്തിനും സംഭാഷണത്തിനും’ വേണ്ടിയുള്ള ഇന്ത്യയുടെ സമർപ്പണത്തെ ഉക്രൈൻ അഭിനന്ദിക്കുന്നുവെന്ന് സെലെൻസ്‌കി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ‘ലോകം മുഴുവൻ ഭയാനകമായ ഈ യുദ്ധം അഭിമാനത്തോടെ അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യയുടെ പങ്കാളിത്തത്തിനും സംഭാവനയ്ക്കുമായി ഞങ്ങൾ കാത്തിരിക്കുകയാണ്,’ സെലെൻസ്‌കി പറഞ്ഞു.

നയതന്ത്രം ശക്തിപ്പെടുത്തുന്ന ഓരോ തീരുമാനവും യൂറോപ്പിൽ മാത്രമല്ല, ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറത്തും മികച്ച സുരക്ഷയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട്, റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് ഇന്ത്യ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി സെലെൻസ്‌കി പറഞ്ഞിരുന്നു. സെലൻസ്കിയുടെ ആശംസക്ക് നന്ദി പറഞ്ഞുകൊണ്ട് ഉക്രൈനിലെ ജനങ്ങൾക്ക് സമാധാനമുണ്ടാകട്ടെയെന്ന് മോദിയും ഓഗസ്റ്റ് 16ന് ആശംസിച്ചിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നരേന്ദ്ര മോദി ഉക്രൈൻ സന്ദർശിച്ചിരുന്നു. ഇത് അനുസ്മരിച്ചുകൊണ്ട് രണ്ട് രാജ്യങ്ങൾക്കും ഫലപ്രദമായ സഹകരണം ശക്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു.

‘സ്വാതന്ത്ര്യദിനത്തിൽ നിങ്ങൾക്കും ഉക്രൈനിലെ ജനങ്ങൾക്കും എന്റെ ആശംസകൾ അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കീവ് സന്ദർശിച്ചത് ഞാൻ ഊഷ്മളമായി ഓർക്കുന്നു, അതിനുശേഷം ഇന്ത്യ- ഉക്രൈൻ ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതിയും ഞാൻ ശ്രദ്ധിച്ചിരുന്നു. രണ്ട് രാജ്യങ്ങൾക്കും പ്രയോജനകരമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ പ്രധാനമന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷത്തിന് എതിരെയാണ് നിലനിൽക്കുന്നതെന്നും സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം അധിക തീരുവ നാളെ പ്രാബല്യത്തിൽ വരുന്നതിനിടെയാണ് ഉക്രേനിയൻ പ്രസിഡന്റിന്റെ പരാമർശം.

Content highlight: Volodymyr Zelenskyy Ukraine awaits India’s contribution to end war with Russia