യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെതിരായ ശബ്ദസന്ദേശം; കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി രാജി വെച്ചു
Kerala
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെതിരായ ശബ്ദസന്ദേശം; കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി രാജി വെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th July 2025, 6:22 pm

കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വിജയന്‍ രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനെതിരേയുള്ള ശബ്ദസന്ദേശം പുറത്ത് വന്നതിനെത്തുടര്‍ന്നാണ് രാജി. രാജി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അംഗീകരിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനെതിരെയുള്ള വിജയന്റെ ശബ്ദസന്ദേശം വിവാദമായിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് വിജില്‍ മോഹനടക്കമുള്ളവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയത് എന്നടക്കമുള്ള കാര്യങ്ങള്‍ വിജയന്‍ പറഞ്ഞിരുന്നു. വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കള്‍ തിരിമറി നടത്തിയെന്നും വിജയന്‍ ആരോപിക്കുന്നത് ഓഡിയോയിലുണ്ട്.

‘വിജില്‍ മോഹന്‍ അത്ര വലിയ ആളൊന്നും അല്ല. യൂത്ത് കോണ്‍ഗ്രസ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആണ്. വയനാട്ടിലേക്ക് കൊടുക്കാന്‍ ഇവിടുന്ന് പിരിച്ച പണത്തിന്റെ കണക്കറിയാം. അത്ര അന്തസൊന്നും ചമയണ്ട. തട്ടിപ്പ് കാണിച്ച് എന്തും ചെയ്യാന്‍ കഴിയും. ആ തട്ടിപ്പാണ് നീയൊക്കെ കാണിച്ച് കൊണ്ടിരിക്കുന്നത്. അന്തസ് വേണമെടാ സംസാരിക്കുമ്പോള്‍. തോന്നിവാസം പറയരുത്. ഇതൊക്കെ മനസില്‍ അടക്കി മുന്നോട്ട് പോകുന്നവരാണ് ഞങ്ങള്‍.

ഈ പ്രസ്ഥാനത്തിന്റെ മര്യാദ പാലിച്ച് മുന്നോട്ട് പോകുവാണ്. നീ അതിര് വിടുന്നത് കൊണ്ടാണ് വിജില്‍ മോഹനെ അങ്ങനെയൊക്കെ പറയേണ്ടി വരുന്നത്. കള്ളവോട്ട് വാങ്ങിയിട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് പ്രസിന്റായി ചമഞ്ഞ് നടന്നിട്ട്, നിന്റെ മേലിലുള്ള നേതാവ് അങ്ങനെയാണെന്നും എനിക്കറിയാം. ഇതൊക്കെ തുറന്ന് പറയേണ്ടി വന്നത് വഴിവിട്ട് സംസാരിക്കുന്നത് കൊണ്ടാണ്. ഇല്ലെങ്കില്‍ പറയില്ലായിരുന്നു,’ വിജയന്‍ പറഞ്ഞു.

ഇന്നലെയാണ് (തിങ്കളാഴ്ച്ച) ഈ ശബ്ദസന്ദേശം പുറത്ത് വന്നത്. ശ്രീകണ്ഠാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയിലാണ് കെ.സി. വിജയന്‍, വിജില്‍ മോഹനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

57 വര്‍ഷക്കാലമായി കോണ്‍ഗ്രസിനും കോണ്‍ഗ്രസിന്റെ പോഷകസംഘടനയ്ക്കുമായി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അപമാനിച്ചതിനെത്തുടര്‍ന്നാണ് വിജില്‍ മോഹനെതിരെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്നുമാണ് അദ്ദേഹം രാജിക്കത്തില്‍ പറയുന്നത്. എന്നാല്‍ അതിന് ശേഷവും സമൂഹമാധ്യമങ്ങളില്‍ അടക്കം തന്നെ അപമാനിക്കുന്ന രീതിയിലുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാജിയില്‍ പറയുന്നു.

ഫോണ്‍ സംഭാഷണം വിവാദമായതിനെത്തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കിടെ രാജിവെക്കുന്ന കോണ്‍ഗ്രസിന്റെ രണ്ടാമത്തെ മുതിര്‍ന്ന ഭാരവാഹിയാണ് വിജയന്‍. ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ വിവാദത്തെത്തുടര്‍ന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി രാജി വെച്ചിരുന്നു. പാര്‍ട്ടിയെ വിമര്‍ശിച്ചുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണം വിവാദമായതോടെയായിരുന്നു അദ്ദേഹം രാജി വെച്ചത്.

സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണം തുടരുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതെയാകുമെന്നെല്ലാമാണ് പാലോട് രവി ഫോണിലൂടെ പറഞ്ഞത്.

മുസ്‌ലിം വിഭാഗം മറ്റ് പാര്‍ട്ടികളിലേക്കും സി.പി.ഐ.എമ്മിലേക്കും പോകുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്ക് ആകുമെന്നുമൊക്കെ രവി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ തുടര്‍ന്ന് യുവ നേതാക്കളില്‍ നിന്നടക്കം വലിയ വിമര്‍ശനമാണ് അദ്ദേഹം നേരിട്ടത്. ഇതിനെത്തുടര്‍ന്നാണ് പാലോട് രവി രാജി വെച്ചത്‌.

Content Highlight: Voice message controversy continues in Congress; Kannur DCC General Secretary resigns after Palode Ravi