തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവില്‍ അധിക്ഷേപ പരാമർശം നടത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ന്യായീകരിച്ച് സംസ്ഥാന തുറമുഖമന്ത്രി വി.എന്‍. വാസവന്‍.
എന്തെങ്കിലും ദുരുദ്ദേശത്തോട് കൂടിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചതെന്ന് കരുതുന്നില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം.
സിനിമ നിര്‍മിക്കാനാഗ്രഹിക്കുന്ന പുതുമുഖങ്ങളായ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കരുതെന്നല്ല അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. സഹായം നല്‍കുമ്പോള്‍ അത് തെറ്റായ രീതിയിലാകരുതെന്നാണ് അടൂര്‍ ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം സ്ത്രീകളെയും എസ്.സി, എസ്.ടി മേഖലയിലെയും കലാപ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ്ങിന് ശേഷമായിരിക്കണം പുതുമുഖങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ഒന്നരകോടിയുടെ സഹായം 50 ലക്ഷമായി വെട്ടിക്കുറയ്ക്കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ വേദിയില്‍ നിന്ന് തന്നെ അടൂരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഗായികയും സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ പുഷ്പവതി പൊയ്പ്പാടത്ത്, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ അടൂരിനെതിരെ പ്രതിഷേധവും മറുപടിയുമായി രംഗത്തെത്തുകയായിരുന്നു.
ഇന്ന് (തിങ്കള്‍) മാധ്യമങ്ങളോട് പ്രതികരിച്ച പുഷ്പവതി, അടിസ്ഥാന വര്‍ഗങ്ങളെ സര്‍ക്കാര്‍ പിന്തുണക്കുമ്പോള്‍ എന്തിനാണ് അസഹിഷ്ണുതയുണ്ടാകുന്നതെന്ന് ചോദ്യമുയർത്തി.
നൂറ്റാണ്ടുകളോളം സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന് മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരാനുള്ള സര്‍ക്കാരിന്റെ സഹായമാണ് ആ തുകയെന്നും എന്തിനാണ് അതിന് തുരങ്കം വെക്കുന്നതെന്നും പുഷ്പവതി ചോദിച്ചു. സര്‍ക്കാര്‍ ക്ഷണിച്ചിട്ടാണ് താന്‍ ഫിലിം കോണ്‍ക്ലേവില്‍ പങ്കെടുത്തതെന്നും പുഷ്പവതി പറഞ്ഞു.