വിഴിഞ്ഞത്ത് ബോട്ട് കത്തിച്ച് പ്രതിഷേധം; പൊലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞ് പ്രതിഷേധക്കാര്‍
Kerala News
വിഴിഞ്ഞത്ത് ബോട്ട് കത്തിച്ച് പ്രതിഷേധം; പൊലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞ് പ്രതിഷേധക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th October 2022, 12:44 pm

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ ജനകീയ പ്രക്ഷോഭം നൂറാം ദിനത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കി സമരക്കാര്‍. വള്ളം കത്തിച്ചുകൊണ്ട് സമരക്കാര്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

തങ്ങള്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങള്‍ക്ക് തന്നെയാണ് സമരക്കാര്‍ പ്രതിഷേധസൂചകമായി തീയിട്ടത്. മണ്ണെണ്ണ സബ്‌സിഡി ആവശ്യപ്പെട്ടുകൊണ്ടാണ് ഈ പ്രതിഷേധം.

നൂറുകണക്കിന് വള്ളങ്ങള്‍ കടലില്‍ നിരത്തിയിട്ടുകൊണ്ടും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുന്നുണ്ട്.

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഉപരോധം നടത്തി. കരയിലും ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ പദ്ധതിപ്രദേശത്തേക്ക് പ്രവേശിച്ചു. ഗേറ്റ് തകര്‍ത്തുകൊണ്ടാണ് നൂറുകണക്കിന് വരുന്ന പ്രതിഷേധക്കാര്‍ പദ്ധതിപ്രദേശത്തേക്ക് കടന്നത്.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്ത് കടലിലേക്ക് വലിച്ചെറിഞ്ഞു. തുറമുഖ കവാടത്തിന്റെ പൂട്ട് തല്ലിത്തകര്‍ത്തുകൊണ്ട് നിര്‍മാണ സ്ഥലത്തേക്ക് സമരക്കാര്‍ തള്ളിക്കയറുകയായിരുന്നു.

ഹൈക്കോടതി നിര്‍ദേശം വന്നതിന് ശേഷം തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാത്ത രീതിയിലായിരുന്നു ഇത്രയും ദിവസം സമരം നടന്നിരുന്നത്. എന്നാല്‍ പ്രതിഷേധം നൂറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രക്ഷോഭകര്‍ നിര്‍ദേശം ലംഘിച്ചുകൊണ്ട് പുലിമുട്ട് നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് കടന്നത്.

ഇക്കഴിഞ്ഞ ജൂലൈ 20നായിരുന്നു വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയും സമരസമിതിയും പ്രതിഷേധസമരം തുടങ്ങിയത്.

Content Highlight: Vizhinjam port construction, protesters burn their boats as protest turned 100 days