ത്രിപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം; കുറ്റാരോപിതനായ മന്ത്രിയുടെ മകന് പിന്തുണയുമായി ബി.ജെ.പി
national news
ത്രിപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം; കുറ്റാരോപിതനായ മന്ത്രിയുടെ മകന് പിന്തുണയുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th October 2022, 11:40 am

അഗര്‍ത്തല: ത്രിപുരയില്‍ 16 വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന മന്ത്രിയുടെ മകന് പരസ്യ പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തി.

ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിലെ തൊഴില്‍ വകുപ്പ് മന്ത്രിയായ ഭഗബന്‍ ദാസിന്റെ മകന്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിയാണെന്നാണ് സി.പി.ഐ.എമ്മും കോണ്‍ഗ്രസുമടക്കമുള്ള സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ മന്ത്രിയുടെ മകനെതിരായ ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ ത്രിപുര ബി.ജെ.പി ഘടകം, ഭഗബന്‍ ദാസിനും മകനും പൂര്‍ണ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. ബി.ജെ.പി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മുതിര്‍ന്ന നേതാവും സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ സുശാന്ത ചൗധരി ആരോപണവിധേയനെ പിന്തുണച്ചത്.

”ബി.ജെ.പി മന്ത്രിയുടെ മകനും കൂട്ടബലാത്സംഗ കേസും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ ആരോപണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെയാണ് ഉന്നയിക്കുന്നത്.

കേസില്‍ ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുന്നതിന് മുമ്പ് ഒക്‌ടോബര്‍ 10 മുതല്‍ മന്ത്രിയുടെ മകന്‍ സ്ഥലത്തില്ലായിരുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിരുന്ന മുന്‍ ഇടതുമുന്നണി സര്‍ക്കാരിനെപ്പോലെയല്ല ഞങ്ങള്‍. ബി.ജെ.പി സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നു,” സുശാന്ത് ചൗധരി പറഞ്ഞു.

ബി.ജെ.പിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരായ പ്രതിപക്ഷത്തിന്റെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നും ചൗധരി ആരോപിച്ചു.

സംഭവത്തില്‍ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നുമുള്ള സംസ്ഥാന പൊലീസിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.

ഒക്ടോബര്‍ 20നായിരുന്നു സംഭവത്തില്‍ പരാതി ലഭിച്ചതെന്നും ത്രിപുര പൊലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജ്യോതിഷ്മാന്‍ ദാസ് വ്യക്തമാക്കി.

ത്രിപുരയിലെ ഉനകൊടി ജില്ലയിലായിരുന്നു ആറ് ദിവസം മുമ്പ്, ഒക്ടോബര്‍ 19ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.

രാഷ്ട്രീയരംഗത്തും വിഷയം ചര്‍ച്ചയായതോടെ, കുറ്റാരോപിതനായ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാത്തതിനെ ചോദ്യം ചെയ്തുകൊണ്ട് സി.പി.ഐ.എമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: minor’s gang rape case in Tripura, BJP comes out in support of accused minister’s son