എഡിറ്റര്‍
എഡിറ്റര്‍
സംവരണവും വിവേകാനന്ദ മതവും
എഡിറ്റര്‍
Sunday 10th March 2013 5:03pm

 അതേ, ബ്രാഹ്മണരേ, പഠിക്കാനുള്ള വാസന പാരമ്പര്യ മഹത്വം കൊണ്ട് പറയനെ അപേക്ഷിച്ച് ബ്രാഹ്മണര്‍ക്കേറുമെങ്കില്‍ ബ്രാഹ്മണനെ വിദ്യാഭ്യാസം ചെയ്യിക്കുവാന്‍ ഇനിയൊട്ടും പണം ചിലവിടേണ്ട. ഉള്ള പണമെല്ലാം പറയനെ പഠിപ്പിക്കുവാന്‍ ചിലവഴിക്കൂ. ദുര്‍ബലര്‍ക്ക് വേണം കൊടുക്കുവാന്‍. അവിടെയാണ് ദാനങ്ങളെല്ലാം വേണ്ടത്.


വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി

സവര്‍ണ ജാതി ഹിന്ദുക്കളാല്‍ അങ്ങേയറ്റം എതിര്‍ക്കപ്പെട്ടിട്ടുള്ള ഒരു ജനാധിപത്യ നടപടിയാണ് പട്ടികജാതി പട്ടിക വര്‍ഗം എന്നത്. ഗാന്ധിജി പോലും വട്ടമേശ സമ്മേളനത്തില്‍ അവര്‍ണര്‍ക്ക് പ്രത്യേക സംവരണം എന്ന തത്വത്തെ എതിര്‍ത്തു.

വി.പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുവാന്‍ നടപടി സ്വീകരിച്ചപ്പോള്‍ അതിനെ തകര്‍ക്കാനും ദിശ തെറ്റിക്കുന്നതിനും വേണ്ടി കൂടി ആസൂത്രണം ചെയ്തതാണ് അയോധ്യയിലെ രാമജന്മഭൂമി പ്രശ്‌നമെന്നും പൊതുവേ വിലയിരുത്തപ്പെട്ടിട്ടുണ്ട്.

അതിനാല്‍ സംവരണത്തോട് എന്ത് നിലപാട് എടുക്കുന്നു എന്നത് ഒരാള്‍ സവര്‍ണ പക്ഷപാതിയാണോ അപര്‍ണപക്ഷപാതിയാണോ എന്നതിന് മാനദണ്ഡമായി സ്വീകരിക്കുന്ന പക്ഷം സ്വാമി വിവേകാനന്ദന്‍ തികഞ്ഞ ശുഭ്രപക്ഷവാദിയാണെന്ന് പറയേണ്ടിവരും.

എന്തെന്നാല്‍ അദ്ദേഹം അത്രമേല്‍ അടിച്ചമര്‍ത്തപ്പെട്ട അവര്‍ണരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉയര്‍ച്ചയെ ആഗ്രഹിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

വിവേകാനന്ദ സ്വാമികള്‍ പറയുന്നു, ‘ അതേ, ബ്രാഹ്മണരേ, പഠിക്കാനുള്ള വാസന പാരമ്പര്യ മഹത്വം കൊണ്ട് പറയനെ അപേക്ഷിച്ച് ബ്രാഹ്മണര്‍ക്കേറുമെങ്കില്‍ ബ്രാഹ്മണനെ വിദ്യാഭ്യാസം ചെയ്യിക്കുവാന്‍ ഇനിയൊട്ടും പണം ചിലവിടേണ്ട. ഉള്ള പണമെല്ലാം പറയനെ പഠിപ്പിക്കുവാന്‍ ചിലവഴിക്കൂ. ദുര്‍ബലര്‍ക്ക് വേണം കൊടുക്കുവാന്‍. അവിടെയാണ് ദാനങ്ങളെല്ലാം വേണ്ടത്.

Ads By Google

ബ്രാഹ്മണന്‍ ജാത്യാസമര്‍ത്ഥനാണെങ്കില്‍ അവന് പരസഹായം കൂടാതെ സുശിക്ഷിതനാകാം. മറ്റുള്ളവര്‍ ജാത്യാ സമര്‍ത്ഥരല്ലെങ്കില്‍, ആവശ്യമുള്ളത്ര അദ്ധ്യാപനവും അദ്ധ്യാപകരും അവര്‍ക്കാണ് കിട്ടേണ്ടത്. ഇതാണ് എനിക്ക് മനസ്സിലാകുന്ന നീതിയും യുക്തിയും.'(വി.സ.സ വാള്യം 3, പേജ് 85).

ഈ സാമൂഹിക നീതിയുടെ ശബ്ദം തന്നെയാണ് സത്യത്തില്‍ സംവരണനിയമ തത്വങ്ങളായി അവതരിപ്പിക്കപ്പെട്ടത്. അതിനെ അട്ടിമറിക്കുവാന്‍ ഉത്സുകരായിരിക്കുന്നവര്‍ വിവേകാനന്ദ നിന്ദയാണ് ചെയ്യുന്നത്.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സമരോജ്വല ശബ്ദങ്ങള്‍ വിവേകാനന്ദ സാഹിത്യസര്‍വസ്വത്തില്‍ ഉടനീളം കാണാം.

വിവേകാനന്ദന്‍ അമേരിക്കയില്‍ നിന്ന് അളസിംഗപെരുമാള്‍ എന്ന മദിരാശി ശിഷ്യനെഴുതിയ സുദീര്‍ഘമായ കത്തില്‍ പറയുന്നു,

‘ഞാനീ നാട്ടില്‍ തണുപ്പോ വിശപ്പോ കൊണ്ട് നശിച്ചേക്കാം; എങ്കിലും യുവ സുഹൃത്തുക്കളെ ഞാന്‍ നിങ്ങള്‍ക്ക് ഒസ്യത്ത് തരുന്നു. ദരിദ്രര്‍ക്കും അജ്ഞര്‍ക്കും മര്‍ദ്ദിതര്‍ക്കും വേണ്ടിയുള്ള ഈ സഹതാപം, ഈ പ്രയത്‌നം, ഇപ്പോള്‍ ഈ നിമിഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് ചെല്ലൂ. അതിന് മുന്‍പില്‍ യാതൊരുവന്‍ ഗോകുലത്തിലെ ദരിദ്രരും വിനീതരുമായ ഗോപന്മാര്‍ക്ക് മിത്രമായിരുന്നുവോ, യാതൊരുവന്‍ പറയനായ ഗുഹനെ ആലിംഗനം ചെയ്യാന്‍ മടിച്ചില്ലയോ, യാതൊരുവന്‍ ബുദ്ധാവതാരത്തില്‍ ആഢ്യന്മാരുടേതെന്നതിനേക്കാള്‍ ഒരു വേശ്യയുടെ ക്ഷണത്തെ വിലപ്പെട്ടതെന്ന് കരുതി അവളെ രക്ഷിച്ചുവോ- അതെ, അതിന് മുമ്പില്‍ താണ് സാംഷ്ടാംഗം വണങ്ങുവിന്‍, എന്നിട്ട് അവര്‍ക്കുവേണ്ടി ഒരു മഹായജ്ഞം, ഒരു ജീവിതത്തിന്റെ മുഴുവന്‍ യജ്ഞം ചെയ്യുവിന്‍ ആര്‍ക്ക് വേണ്ടി അവിടുന്ന് കാലാകാലം വരുന്നുവോ, ആരെ അവിടുന്ന് സര്‍വോപരി പ്രേമിക്കുന്നുവോ, ആ ദരിദ്രര്‍ക്കും വിനീതര്‍ക്കും മര്‍ദ്ദിതര്‍ക്കും വേണ്ടി… നിങ്ങളുടെ ജീവിതം മുഴുവന്‍ സമര്‍പ്പിക്കുവാന്‍ പ്രതിജ്ഞ ചെയ്യുവിന്‍'(വി.സ.സ വാള്യം 5, പേജ് 72) ഇതാണ് വിവേകാനന്ദന്‍ പഠിപ്പിച്ച പ്രായോഗിക വേദാന്തം അഥവാ മാനവസേവ തന്നെ മാധവസേവ എന്ന മഹത്തായ വിശ്വമതം!

ഇപ്പറഞ്ഞ വിശ്വമതാദര്‍ശിത്തിലൂടെ വിവേകാനന്ദന്‍ ലക്ഷ്യമിട്ടത് എന്താണെന്ന ചോദ്യത്തിനും വിവേകാനന്ദ സാഹിത്യത്തില്‍ വ്യക്തമായ സമാധാനമുണ്ട്- വിവേകാനന്ദനെ തന്നെ ഉദ്ധരിക്കാം.

‘വേദാന്തപരിപാടി’ എന്ന പ്രസംഗത്തില്‍ വിവേകാനന്ദന്‍ പറഞ്ഞു, ‘നമ്മുടെ പൂര്‍വികരുടെ മാതൃകാമനുഷ്യന്‍ ബ്രാഹ്മണനായിരുന്നു. നമ്മുടെ ഗ്രന്ഥങ്ങളിലെല്ലാം തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്ന ആദര്‍ശം ബ്രാഹ്മണ്യമാണ്….ബ്രാഹ്മണദര്‍ശം എന്നത് കൊണ്ട് എന്താണ് ഞാന്‍ അര്‍ത്ഥമാക്കുന്നതെന്നോ! പ്രാപഞ്ചികത ഒട്ടുമില്ലാതെ തനി പ്രാജ്ഞത തികഞ്ഞ ബ്രാഹ്മണ്യം എന്നാണെന്റെ വിവക്ഷ.

അതാണ് ഹിന്ദുക്കളുടെ ആദര്‍ശം. ബ്രാഹ്മണന്‍ നിയമപരതന്ത്രനല്ലെന്നും നിയമാതീതനാണെന്നും…പ്രഖ്യാപിച്ചിട്ടുളളത് നിങ്ങള്‍ കേട്ടിട്ടില്ലേ? അത് തികച്ചും ശരിയാണ്… സ്വാര്‍ത്ഥമെല്ലാം നിഹനിച്ച്, പ്രാജ്ഞതയും പ്രഭാവവും കൈവരുത്തുവാനും പരത്തുവാനായി ജീവിയ്ക്കുന്നവന്‍, യത്‌നിക്കുന്നവനാണ് ബ്രാഹ്മണനെങ്കില്‍, ഒരു രാജ്യത്ത് അത്തരം ബ്രാഹ്മണര്‍ മാത്രമാണ് ജീവിക്കുന്നതെങ്കില്‍, ആദ്ധ്യാത്മികതയും ധര്‍മനിഷ്ഠതയും നന്മയുമുള്ള സ്ത്രീപുരുഷന്മാരാണ് നിവസിക്കുന്നതെങ്കില്‍, ആ രാജ്യം നിയമങ്ങള്‍ക്കെല്ലാം മുകളില്‍ അപ്പുറത്ത് വര്‍ത്തിയ്ക്കുന്നു എന്ന് കരുതുന്നത് അത്ഭുമാണോ? അവരെ ഭരിക്കാന്‍ പോലീസും പട്ടാളവും വേണമോ?'(വി.സ.സ വാള്യം 3, പേജ് 89).

ഇതില്‍ വിവേകാനന്ദന്‍ പറഞ്ഞ ബ്രാഹ്മണന്‍ ജാതി ബ്രാഹ്മണനല്ലെന്നും പ്രബുദ്ധമാനവനാണെന്നും വ്യക്തമാണ്. അത്തരം ബ്രാഹ്മണ്യത്തിലേക്ക് ദരിദ്രരും മര്‍ദ്ദിതരുമായവരെല്ലാം ഉയര്‍ന്നാല്‍ സദ്ജനങ്ങളുടെ സ്വയം ഭരണം സംഭവിക്കും.


നമ്മുടെ പൂര്‍വികരുടെ മാതൃകാമനുഷ്യന്‍ ബ്രാഹ്മണനായിരുന്നു. നമ്മുടെ ഗ്രന്ഥങ്ങളിലെല്ലാം തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്ന ആദര്‍ശം ബ്രാഹ്മണ്യമാണ്….ബ്രാഹ്മണദര്‍ശം എന്നത് കൊണ്ട് എന്താണ് ഞാന്‍ അര്‍ത്ഥമാക്കുന്നതെന്നോ? പ്രാപഞ്ചികത ഒട്ടുമില്ലാതെ തനി പ്രാജ്ഞത തികഞ്ഞ ബ്രാഹ്മണ്യം എന്നാണെന്റെ വിവക്ഷ.


ഇത് സംഭവിക്കുന്നിടത്ത് ഭരണകൂടം ആവശ്യമാവുകയില്ല; ഉണ്ടെങ്കില്‍ തന്നെ അത് നാമമാത്രവും ആകും! ഇത്തരമൊരു അവസ്ഥ കമ്യൂണിസത്തിന്റെ പരമോച്ചാവസ്ഥയില്‍ ഭരണകൂടം കൊഴിഞ്ഞ് പോകും എന്ന മാര്‍ക്‌സിയന്‍ വിഭാവനയ്ക്ക് തുല്യം പ്രചോദനകരവും മനോഹരവുമാണ്!

അവിടേയ്ക്കാണ് വിവേകാനന്ദനും ലക്ഷ്യം വെച്ചത്! പക്ഷേ, തന്റെ ലക്ഷ്യ പ്രഖ്യാപനം നടത്തുവാന്‍ അദ്ദേഹം ഉപയോഗിച്ച ഭാഷ പാരമ്പര്യത്തെ തട്ടിയുണര്‍ത്തുന്ന പദാവലികളാല്‍ ഭരിതമായിരുന്നു. ബ്രാഹ്മണ്യം ഉന്നതാദര്‍ശം എന്ന മട്ടിലുള്ളതായിരുന്നു. അതുകൊണ്ട് തന്നെ വിവേകാനന്ദന്‍ ബ്രാഹ്മണവത്കരണത്തിന് ശ്രമിച്ചെന്ന് ചില ശബ്ദമാത്ര ബുദ്ധികള്‍ വിലയിരുത്തി.

ബ്രാഹ്മണന്‍ എന്ന ശബ്ദം ഉപയോഗിക്കുന്നവരെല്ലാം ബ്രാഹ്മണവത്കരണവാദികളാണെന്ന് കരുതുന്നത്. ‘സ്‌നേഹം’ എന്ന പദം ഉപയോഗിക്കുന്നവരെല്ലാം ക്രിസ്തുവിനെ പോലെ സ്‌നേഹിക്കാന്‍ കഴിവുള്ളവരാണെന്ന് വിശ്വസിക്കുന്നത് പോലെ തന്നെ അബദ്ധമായിരിക്കുമെന്ന് മാത്രം സൂചിപ്പിക്കട്ടെ. വിവേകാനന്ദന്‍ പറയരോട് പഠിക്കുവാന്‍ പറഞ്ഞതും അവരെ പഠിപ്പിക്കുവാനാണ് പണം ചിലവിടേണ്ടതെന്ന് പറഞ്ഞതും പറയരെ പറയരായി തന്നെ നിലനിര്‍ത്താനല്ല; മറിച്ചവരെ ബ്രാഹ്മണരായി ഉയര്‍ത്തുവാനാണ്!

ഭാരതത്തിന്റെ ഭാവി എന്ന പ്രസംഗത്തില്‍ വിവേകാനന്ദന്‍ പറയുന്നു, ‘ഒരറ്റത്തുള്ള ആദര്‍ശം ബ്രാഹ്മണന്‍. മറ്റേ അറ്റത്ത് ചണ്ഡാളനും. ആകെക്കൂടിയുള്ള കര്‍ത്തവ്യം ചണ്ഡാളനെ ബ്രാഹ്മണന്റെ നിലയിലേക്ക് ഉയര്‍ത്തുക'(വി.സ.സ വാള്യം 3 പേജ് 187). ഇത് ജാതി ബ്രാഹ്മണരെ അലോസരപ്പെടുത്തിയത് മനസ്സിലാക്കാം. പക്ഷേ ഇത് അബ്രാഹ്മണരെ എന്തിന് അലോസരപ്പെടുത്തുന്നു എന്നതാണ് മനസ്സിലാക്കാനാകാത്തത്.

അത്തരം അലോസരങ്ങള്‍ ഉള്ളവരെയാണ് നാം ദളിത് വാദികള്‍ എന്ന പേരില്‍ ഇപ്പോള്‍ പരിചയപ്പെട്ട് വരുന്നത്! പ്രബുദ്ധതയില്‍ ദളിതന്‍ ബ്രാഹ്മണനോളം ഉയരുന്നതില്‍ കവിഞ്ഞ ദളിത് വിമോചനം ഉണ്ടോ? ഇല്ലെന്നായിരുന്നു വിവേകാനന്ദന്റെ അഭിപ്രായം. അറിവ് വിമോചനപ്പാതയാണെന്ന് അംഗീകരിക്കാത്ത ഏതൊരു ജാതിയും വംശവും മുടിയും.
അത് ദളിതര്‍ക്കുണ്ടാവരുതെന്ന് ആഗ്രഹിക്കുകയും അവരെ അറിവിലേക്ക് ക്ഷണിക്കുകയും ചെയ്ത വിവേകാനന്ദനെ മുന്‍പില്‍  നോക്കാതെ ‘ബ്രാഹ്മണ്യം’ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ബ്രാഹ്മണവത്കരണവാദിയായി ചിത്രീകരിക്കുന്നത് ആരെയാണ് സഹായിക്കുക എന്ന് തിരിച്ചറിയാനുള്ള ബോധമെങ്കിലും ദളിത് വാദികള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)

ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)

വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).

വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)

ശ്രീബുദ്ധന്‍ ആവേശിച്ച വിവേകാനന്ദഹൃദയം (ഭാഗം:9)

സ്ത്രീകളെ പറ്റി വിവേകാനന്ദന്‍ (ഭാഗം:10)

വ്യക്തി പൂജയും ആള്‍ദൈവവത്കരണത്തിനും എതിരായ സന്ദേശങ്ങള്‍ (ഭാഗം:11)

വിശക്കുന്ന മനുഷ്യരെ വിഗണിക്കുന്നവരുടെ കന്നാലി സേവാ സിദ്ധാന്തം (ഭാഗം:12)

വിവേകാനന്ദനും സംസ്‌കൃതഭാഷാഭിമാനവും(ഭാഗം:13)

മതഭ്രാന്തുകളെപ്പറ്റി വിവേകാനന്ദന്‍(ഭാഗം:14)

മാംസഹാരം മ്ലേച്ഛമോ?(ഭാഗം:15)

Advertisement