എഡിറ്റര്‍
എഡിറ്റര്‍
വിവേകാനന്ദനും സംസ്‌കൃതഭാഷാഭിമാനവും
എഡിറ്റര്‍
Thursday 7th March 2013 12:51pm

അദ്ദേഹത്തിന്റെ നിലപാടിലുള്ള ജനപക്ഷപരവും അബ്രാഹ്മണിക്കലുമായ വിപ്ലവാത്മകവശങ്ങള്‍ പരിഗണിക്കാതെ സംസ്‌കൃതം എന്നാല്‍ ബ്രാഹ്മണരുടെ ഭാഷയാണെന്നും അതിന് പ്രോത്സാഹനം നല്‍കിയ വിവേകാനന്ദന്‍ ബ്രാഹ്മണവത്കരണത്തിനാണ് ശ്രമിച്ചതെന്നും ഒക്കെ വാദിക്കുന്ന വിധത്തിലുള്ള ദളിത് നിലപാടുകള്‍ ആശാവഹമല്ല.


 

വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി

‘ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകുന്നൊരന്ത:രംഗം’ തീര്‍ച്ചയായും വിവേകാനന്ദന് ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം അങ്ങേയറ്റം യാഥാര്‍ത്ഥ്യവാദിയായിരുന്നു. സംസ്‌കൃതഭാഷയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലും ഈ യാഥാര്‍ത്ഥ്യബോധം പ്രകടമായി കാണാം.

സംസ്‌കൃതഭാഷ പ്രചരിപ്പിക്കുന്നതിലും അത് കഴിയാവുന്നവര്‍ക്കെല്ലാം പഠിക്കുന്നതിന് അവസരമുണ്ടാക്കുന്നതിലും വിവേകാന്ദന്‍ തികഞ്ഞ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ആ താത്പര്യപ്രകടനം ആര്‍.എസ്.എസ്സുകാര്‍ പ്രചരിപ്പിച്ച് വരുന്നത് പോലെ ‘സംസ്‌കൃതം മാത്രമാണ് ശ്രേഷ്ഠഭാഷ, ബാക്കിയെല്ലാം മ്ലേച്ഛഭാഷ’യാണെന്ന മട്ടിലുള്ളതായിരുന്നില്ല.

Ads By Google

അറബിയെ മഹത്തരമായ ഭാഷ എന്ന നിലയില്‍ ലോകം ആദരിച്ച് വരുന്നത് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട ഭാഷയാണ് അതെന്നതുകൊണ്ടാണല്ലോ. ഈ നിലയില്‍ വേദോപനിഷത്തുക്കള്‍ അവതരിപ്പിക്കപ്പെട്ട ഭാഷ എന്ന നിലയില്‍ സംസ്‌കൃതത്തിനും വിവേകാനന്ദന്‍ അത്യന്തം ആദരവ് നല്‍കി!

ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്താന്‍ വേദോപനിഷത്തുക്കള്‍ പഠിച്ചേ തീരൂ. അതിനാകട്ടെ സംസ്‌കൃത പരിജ്ഞാനവും വേണ്ടതുണ്ട്. പക്ഷേ അതിന് രണ്ടിനും ഇന്ത്യയിലെ ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കും അവസരം നിഷേധിക്കപ്പെട്ടിരുന്നു.

വേദവും വേദഭാഷയായ സംസ്‌കൃതവും പഠിക്കുവാന്‍ ശുദ്രാദി ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജാതി വ്യവസ്ഥയെ ലോകത്തിലെ ഏറ്റവും നീചമായ നീപീഢനയന്ത്രം എന്ന് വിശേഷിപ്പിച്ച വിവേകാനന്ദന്‍ ഭാരതത്തിലെ ഋഷികവികളുടെ ജ്ഞാനം മുഴുവന്‍ ഭാരതീയര്‍ക്കും അറിഞ്ഞനുഭവിക്കാന്‍ ഇടവരുത്തുന്നതിന് സ്വീകരിക്കേണ്ട ഒരു നടപടി എന്ന നിലയില്‍ മാത്രമാണ് സംസ്‌കൃതഭാഷ പ്രോത്സാഹനത്തില്‍ തല്‍പ്പരനായിരുന്നത്.

അദ്ദേഹത്തിന്റെ നിലപാടിലുള്ള ജനപക്ഷപരവും അബ്രാഹ്മണിക്കലുമായ വിപ്ലവാത്മകവശങ്ങള്‍ പരിഗണിക്കാതെ സംസ്‌കൃതം എന്നാല്‍ ബ്രാഹ്മണരുടെ ഭാഷയാണെന്നും അതിന് പ്രോത്സാഹനം നല്‍കിയ വിവേകാനന്ദന്‍ ബ്രാഹ്മണവത്കരണത്തിനാണ് ശ്രമിച്ചതെന്നും ഒക്കെ വാദിക്കുന്ന വിധത്തിലുള്ള ദളിത് നിലപാടുകള്‍ ആശാവഹമല്ല.

യജമാനന്മാരുടെ ഭാഷയില്‍ തീര്‍ത്തും നിരക്ഷരരായിരുന്നത് കൊണ്ട് ഏതെങ്കിലും രാജ്യത്ത് അടിമകള്‍ സ്വാതന്ത്ര്യം നേടിയിട്ടില്ല. ശ്രീനാരായണ ഗുരുവിന്റെ ആധികാരികത അബ്രാഹ്മണ ബഹു ഭൂരിപക്ഷത്തെ അടിമച്ഛവങ്ങളാക്കി വാണിരുന്ന ബ്രാഹ്മണ ന്യൂനപക്ഷമെന്ന ഭരണവര്‍ഗത്തിന്റെ ഭാഷയായ സംസ്‌കൃതത്തില്‍ ഗുരുവിനുണ്ടായിരുന്ന അവഗാഹമായിരുന്നു.

യജമാനന്റെ ഭാഷ പഠിച്ച് തന്നെ യജമാനനെ എതിരിടുന്ന ധൈഷണിക സമരതന്ത്രം ഇംഗ്ലീഷ് പഠിച്ചവര്‍ ഇംഗ്ലീഷുകാരെ നേരിട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും കാണാം.

അത്തരമൊരു തന്ത്രം സംസ്‌കൃതം സ്വായത്തമാക്കിക്കൊണ്ട് ഓരോ ചണ്ഡാളനും തന്നില്‍ തന്നത്താന്‍ രൂപപ്പെടുത്തണമെന്നായിരുന്നു വിവേകാനന്ദന്‍ ‘സംസ്‌കൃതഭാഷാ പ്രോത്സാഹനം’ എന്ന സന്ദേശമുയര്‍ത്തുന്നതിലൂടെ പ്രകടിപ്പിച്ചത്.

യജമാനന്റെ ഭാഷ പഠിച്ച് തന്നെ യജമാനനെ എതിരിടുന്ന ധൈഷണിക സമരതന്ത്രം ഇംഗ്ലീഷ് പഠിച്ചവര്‍ ഇംഗ്ലീഷുകാരെ നേരിട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും കാണാം

ചുരുക്കത്തില്‍ ഒരു സംസ്‌കൃതശ്ലോകമെങ്കിലും അര്‍ത്ഥബോധത്തോടെ മന:പാഠം ചൊല്ലാനറിയാത്ത ഒരു വോട്ടറോ ജനപ്രതിനിധിയോ ഉണ്ടാവാത്ത ഒരു ഭാരതമാണ് അദ്ദേഹം വിഭാവനം ചെയ്തത്!

‘വിദ്യാ വിനയ സംപന്നേ ബ്രാഹ്മണേ ഗവിഹസ്തിനി
ശുനി ചൈവശ്വപാകേ ച പണ്ഡിത:സമദര്‍ശിന;’ എന്ന ഗീതാ ശ്ലോകം അര്‍ത്ഥബോധത്തോടെ മന:പാഠമാക്കുക എന്നത് കൊണ്ട് ഭാരതത്തിലെ ഏത് പൗരനും ദോഷമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ‘വിദ്യാവിനാദികളുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും പട്ടിയിലും പട്ടിയിറച്ചി തിന്നുന്ന ചണ്ഡാളനിലും സമബുദ്ധിയുള്ളവനാണ് പണ്ഡിതന്‍’. എന്ന ഗീതാ പ്രഖ്യാപനം ബ്രാഹ്മണ്യത്തെ വാഴ്ത്തുന്നതോ അബ്രാഹ്മണരെ നിന്ദിക്കുന്നതോ അല്ലല്ലോ!

ഇത്തരം കാര്യങ്ങള്‍ പഠിച്ചാല്‍ പൊട്ടിപ്പോകുന്ന വിപ്ലവാത്മകത ഒറ്റയൂത്തിന് പൊട്ടിപ്പോകുന്ന ബലൂണിനോളം തന്നെ ദുര്‍ബലവുമാണ്! അത്തരം ദുര്‍ബല വിപ്ലവാത്മകതയേക്കാള്‍ ഭേദം വിപ്ലാവാത്മകത ഇല്ലാതിരിക്കലുമാണ്!

അതിനാല്‍ വിവേകാനന്ദന്‍ ഇന്ത്യയെ വിപ്ലവാത്മകമായി പരിവര്‍ത്തിപ്പിക്കുവാനുള്ള പാരമ്പര്യ ബല സ്രോതസ്സെന്ന നിലിയില്‍ ഇന്ത്യക്കാര്‍ സംസ്‌കൃതം അറിയണമെന്ന് ആഗ്രഹിക്കുകയും അക്കാര്യം തുറന്ന് പറയുകയും ചെയ്തു.

പക്ഷേ എല്ലാവരും സംസ്‌കൃതഭാഷ പഠിക്കുക എന്നത് സകലരും അറബി പഠിക്കുക എന്ന് പറയുന്നത് പോലെ തന്നെ അപ്രായോഗികമായിരിക്കും! അതില്‍പ്പില്‍ക്കാലത്ത്  വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ നിലപാടില്‍ സാരമായ വ്യതിയാനം വരുത്തി.

സംസ്‌കൃതഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ജീവിത സന്ദേശങ്ങളും തത്വങ്ങളും കഴിയാവുന്ന എല്ലാ നാട്ടുകാരിലും പ്രചരിപ്പിക്കുക! ഇക്കാര്യത്തെപറ്റി വിവേകാനന്ദന്‍ എഴുതി ‘നമ്മുടെ നാട്ടില്‍ പുരാതന കാലം മുതല്‍ക്കേ എല്ലാ പഠിപ്പും സംസ്‌കൃതത്തില്‍ ആയത്‌കൊണ്ട് പഠിപ്പുള്ളവരും സാധാരണജനങ്ങളും തമ്മില്‍ അളവറ്റ വിടവുണ്ടായിട്ടുണ്ട്.

ബുദ്ധന്‍ മുതല്‍ ചൈതന്യനും രാമകൃഷ്ണനും വരെ ലോകനന്മയ്ക്ക് വേണ്ടി വന്നിട്ടുള്ള എല്ലാ മഹാത്മാക്കളും സാമാന്യ ജനതയെ പഠിപ്പിച്ചത് ജനങ്ങളുടെ ഭാഷയില്‍ തന്നെയാണ്.

പാണ്ഡിത്യം വളരെ നല്ലതുതന്നെ, സംശയമില്ല. എന്നാല്‍ കര്‍ക്കശവും ദുര്‍ഗ്രഹവും അസ്വഭാവികവും കേവലം ക്രിത്രിമവുമായ ഒരു ഭാഷയിലൂടെയല്ലാതെ മറ്റൊരു മാധ്യമത്തിലൂടെ പാണ്ഡിത്യം പ്രകടമാക്കിക്കൂടെ?'(വി.സ.സ വാള്യം 7 പേജ് 521, 522)

വിവേകാന്ദന്‍ നാട്ടുഭാഷകള്‍ക്ക് കല്‍പ്പിച്ച ഈ പ്രാധാന്യത്തെ മറന്നുകൊണ്ടും മറച്ച് പിടിച്ച് കൊണ്ടും വിവേകാനന്ദന്‍ സംസ്‌കൃതഭാഷയെ മാത്രം ആര്യമെന്ന് കരുതി അത് പഠിപ്പിക്കുവാനും പഠിക്കുവാനും പ്രോത്സാഹനം നല്‍കിയ ‘സ്വാമി’യാണ് എന്ന പ്രചാരണം കെട്ടഴിച്ച് വിടുന്ന കാവി ഫാസിസ്റ്റുകളുടേയും അവരുടെ പ്രചാരണവലയില്‍ കുടുങ്ങിയ അല്‍പ്പ ബുദ്ധികളുടേയും ‘സംസ്‌കൃതഭാഷാഭിമാനം’ പുന:പരിശോധിക്കേണ്ടതുണ്ട്.

Advertisement