വിതുര: ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ രോഗി മരണപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് നടപടി.
ഡി.സി.സി ജനറല്‍ സെക്രട്ടറിയും ആശുപത്രി മാനേജ്‌മെന്റ് അംഗവുമായ ലാല്‍ റോഷിയാണ് കേസിലെ ഒന്നാംപ്രതി. കണ്ടാലറിയുന്ന മറ്റു ഒമ്പത് പ്രവര്‍ത്തകരെ എഫ്.ഐ.ആറില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിന് പിന്നാലെ വിതുര സ്വദേശിയായ ആദിവാസി യുവാവ് ബിനുവിനാണ് ജീവന്‍ നഷ്ടമായത്. ഇന്ന് (ഞായര്‍) പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവ് മരിച്ചത്.
സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ വിതുര പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു.
ആംബലുന്‍സ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്.
‘ആംബുലന്‍സിനുള്ളില്‍ രോഗിയുണ്ടെന്ന് പറഞ്ഞെങ്കിലും മരണത്തിന് കാരണമാവും വിധം മണിക്കൂറുകള്‍ ആംബുലന്‍സ് തടഞ്ഞുവെക്കുകയായിരുന്നു എന്നാണ് ബിനുവിന്റെ ബന്ധുക്കള്‍ തന്നെ പറഞ്ഞത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ മിനിട്ടും വിലപ്പെട്ടതാണെന്ന് അറിവുണ്ടായിട്ടും മരണത്തെ സുവര്‍ണാവസരമാക്കാന്‍ വേണ്ടി യൂത്ത് കോണ്‍ഗ്രസ് ഈ അരും കൊല നടത്തി,’ സനോജ് കുറിപ്പില്‍ പറഞ്ഞിരുന്നു.
Content Highlight: Ambulance blocking incident; Case filed against ten Youth Congress workers