സീത എന്ന പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തോടൊപ്പം താമസിപ്പിക്കരുത്: ഹരജിയുമായി വിശ്വഹിന്ദു പരിഷത്ത്
national news
സീത എന്ന പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തോടൊപ്പം താമസിപ്പിക്കരുത്: ഹരജിയുമായി വിശ്വഹിന്ദു പരിഷത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th February 2024, 5:31 pm

കൊല്‍ക്കത്ത: സിലിഗുഡി സഫാരി പാര്‍ക്കില്‍ സീത എന്ന പെണ്‍സിംഹത്തേയും അക്ബര്‍ എന്ന ആണ്‍സിംഹത്തേയും ഒരുമിച്ച് താമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്. ആവശ്യം ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതൃത്വം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്.

വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് ഹിന്ദു മതത്തെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമായ നീക്കമാണെന്നാണ് വി.എച്ച്.പി പശ്ചിമ ബംഗാള്‍ ഘടകം ഉയര്‍ത്തുന്ന വാദം.

അധികൃതരുടെ നീക്കം നിരവധി ആളുകളുടെ മതവികാരം വ്രണപ്പെടുത്തുന്നു. ആയതിനാല്‍ സിംഹത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചു,’ വി.എച്ച്.പിക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകന്‍ ശുഭങ്കര്‍ ദത്ത പറഞ്ഞു.

വനംവകുപ്പിനെതിരെയും സിലിഗുഡി സഫാരി പാര്‍ക്കിനെതിരെയുമാണ് വി.എച്ച്.പി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 16ന് ജസ്റ്റിസ് സോഗത ഭട്ടാചാര്യക്കാണ് വി.എച്ച്.പി ഇതുസംബന്ധിച്ച ഹരജി നല്‍കിയത്. ഫെബ്രുവരി 20ന് കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

അതേസമയം സിംഹങ്ങളുടെ പേരുകള്‍ മാറ്റാനും അവയെ മാറ്റിപാര്‍പ്പിക്കാനും തയ്യാറല്ലെന്ന് പാര്‍ക്കിലെ അധികൃതര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ക്കിലെത്തുന്നതിന് മുമ്പ് തന്നെ സിംഹങ്ങളുടെ പേരുകള്‍ ഇങ്ങനെയായിരുന്നുവെന്നും പേരുകള്‍ തങ്ങള്‍ മാറ്റിയതല്ലെന്നും അധികൃതര്‍ അറിയിച്ചു.

അയല്‍ സംസ്ഥാനമായ ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നാണ് ഈ രണ്ട് സിംഹങ്ങളെയും ബംഗാളില്‍ എത്തിച്ചത്. സീതക്ക് അഞ്ചര വയസും അക്ബറിന് ഏഴ് വയസും എട്ട് മാസവുമാണ് പ്രായമെന്നും സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ തന്നെയാണ് ഈ സിംഹങ്ങള്‍ ജനിച്ച് വളര്‍ന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ വി.എച്ച്.പിയുടെ ഹരജിയും ആവശ്യവും വിചിത്രമാണെന്നുള്ള വിമര്‍ശനം ഉയരുന്നുണ്ട്. സംശയമെന്ത് വിശ്വഹിന്ദു പരിഷകളുടെ ആവശ്യം കോടതി അംഗീകരിക്കുമെന്നും സീതയ്ക്ക് ചേരുന്ന രാമന്‍ എന്നു പേരുള്ള സിംഹത്തെ കാട്ടില്‍ പോയി കണ്ടുപിടിച്ച് കൊണ്ടുവരാനായിരിക്കും വിധിയെന്നും വിമര്‍ശകര്‍ പറയുന്നു.

Content Highlight: Vishwa Hindu Parishad petitions not to keep female lion named Sita with male lion named Akbar