തെലുങ്കിലെ മികച്ച നടന്മാരിലൊരാളാണ് വിഷ്ണു മഞ്ചു. തെലുങ്കിലെ മുന്‍കാല സൂപ്പര്‍സ്റ്റാറായിരുന്ന മോഹന്‍ബാബുവിന്റെ മകനാണ് വിഷ്ണു. ബാലതാരമായി സിനിമാലോകത്തേക്കെത്തിയ താരം 2003ല്‍ പുറത്തിറങ്ങിയ വിഷ്ണു എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തുന്നത്. തെലുങ്കില്‍ നിന്ന് ഇനി പുറത്തിറങ്ങാനുള്ള പാന്‍ ഇന്ത്യന്‍ ചിത്രമായ കണ്ണപ്പയാണ് താരത്തിന്റെ പുതിയ പ്രൊജക്ട്.
ഇന്ത്യന്‍ സിനിമയിലെ വലിയ താരനിര കണ്ണപ്പയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാളത്തിന്റെ മോഹന്‍ലാലും ചിത്രത്തില്‍ അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളസിനിമയെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു മഞ്ചു. താന്‍ മലയാളസിനിമകള്‍ വളരെ നന്നായി ഫോളോ ചെയ്യുന്നയാളാണെന്ന് താരം പറഞ്ഞു.
മോഹന്‍ലാല്‍ ഈ സിനിമയുടെ ഭാഗമായത് തനിക്ക് സന്തോഷം തരുന്ന കാര്യമായിരുന്നെന്നും വിഷ്ണു പറയുന്നു. സെറ്റില്‍ തന്നെ എപ്പോഴും മോനേ എന്നാണ് മോഹന്‍ലാല്‍ വിളിക്കാറുള്ളതെന്നും വളരെ ഡൗണ്‍ ടു എര്‍ത്തായിരുന്നു അദ്ദേഹമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഫഹദ് ഫാസിലിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അയാളുടെ സിനിമകള്‍ മുടങ്ങാതെ കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു. ആവേശം എന്ന സിനിമ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും അതിന്റെ റീമേക്കിനായി താന്‍ ഒരുപാട് ശ്രമിച്ചെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മറ്റൊരാള്‍ അത് സ്വന്തമാക്കിയെന്നും താരം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വിഷ്ണു മഞ്ചു.
‘ലാല്‍ സാര്‍ ഈ സിനിമയുടെ ഭാഗമായത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹം വളരെ ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള ആളാണ്. എന്നെ എപ്പോഴും മോനേ എന്നാണ് അദ്ദേഹം വിളിക്കാറുള്ളത്. 18 മിനിറ്റോളം അദ്ദേഹത്തിന് ഈ സിനിമയില്‍ സീനുകളുണ്ട്. വളരെ ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള കഥാപാത്രമാണ് ലാല്‍ സാറിന്റേത്.
മലയാളസിനിമ നന്നായി ഫോളോ ചെയ്യുന്നയാളാണ് ഞാന്‍. നല്ല സിനിമകളെല്ലാം കണ്ടിട്ടുണ്ട്. ഫഹദ് ഫാസില്‍ നല്ലൊരു നടനാണ്. അയാളുടെ സിനിമകളും പെര്‍ഫോമന്‍സും ഗംഭീരമാണ്. ഈയടുത്ത് ഫഹദ് ഡോണായി അഭിനയിച്ച ഒരു സിനിമയുണ്ടല്ലോ, ആവേശം. എനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമായി. തെലുങ്കിലേക്ക് അത് റീമേക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, എനിക്ക് മുമ്പ് മറ്റൊരാള്‍ അത് സ്വന്തമാക്കി,’ വിഷ്ണു മഞ്ചു പറയുന്നു.
Content Highlight: Vishnu Manchu saying he tried to remake Aavesham in Telugu