രാവണന്റെ കഥ പറയുന്ന സിനിമ പ്ലാന്‍ ചെയ്തു, രാമനായി സൂര്യയുടെയല്ലാതെ വേറെയാരുടെയും മുഖം മനസിലില്ല: വിഷ്ണു മഞ്ചു
Indian Cinema
രാവണന്റെ കഥ പറയുന്ന സിനിമ പ്ലാന്‍ ചെയ്തു, രാമനായി സൂര്യയുടെയല്ലാതെ വേറെയാരുടെയും മുഖം മനസിലില്ല: വിഷ്ണു മഞ്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st July 2025, 1:15 pm

തെലുങ്കിലെ മുന്‍കാല സൂപ്പര്‍സ്റ്റാറായിരുന്ന മോഹന്‍ബാബുവിന്റെ മകനാണ് വിഷ്ണു. ബാലതാരമായി സിനിമാലോകത്തേക്കെത്തിയ താരം 2003ല്‍ പുറത്തിറങ്ങിയ വിഷ്ണു എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തെലുങ്കില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കാന്‍ വിഷ്ണുവിന് സാധിച്ചു. കണ്ണപ്പ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായകനായെത്തിയത് വിഷ്ണു മഞ്ചുവായിരുന്നു.

രാമായണം സിനിമയാക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു മഞ്ചു. തന്റെ അഭിപ്രായത്തില്‍ രാമനായി സൂര്യയല്ലാതെ മറ്റൊരു നടന്റെ മുഖവും മനസില്‍ വരുന്നില്ലെന്ന് വിഷ്ണു പറഞ്ഞു. സീതയുടെ വേഷം ആലിയ ഭട്ട് ചെയ്താല്‍ ഗംഭീരമാകുമെന്നാണ് തന്റെ അഭിപ്രായമെന്നും താരം കൂട്ടിച്ചേര്‍ത്തു. രാവണന്റെ കഥ പറയുന്ന ഒരു സിനിമ തന്റെ മനസിലുണ്ടായിരുന്നെന്നും വിഷ്ണു പറയുന്നു.

രാവണന്റെ ജനനം മുതല്‍ മരണം വരെയുള്ള കഥയായിരുന്നു മനസിലെന്നും ആ കഥയില്‍ രാമനായി സൂര്യയെയായിരുന്നു പ്ലാന്‍ ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അന്ന് ബജറ്റിന്റെ കാര്യത്തില്‍ വലിയ വാദങ്ങള്‍ നടന്നെന്നും അക്കാരണം കൊണ്ട് ആ സിനിമ നടക്കാതെ പോയെന്നും വിഷ്ണു മഞ്ചു പറഞ്ഞു. നയന്‍ദീപ് രക്ഷിതിനോട് സംസാരിക്കുകയായിരുന്നു വിഷ്ണു മഞ്ചു.

‘രാമന്റെ വേഷം ചെയ്യാന്‍ എന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച നടന്‍ സൂര്യയാണ്. അദ്ദേഹത്തിന്റെ മുഖമാണ് എന്റെ മനസില്‍ രാമനെക്കുറിച്ച് ആലോചിക്കുമ്പോള്‍ വരുന്നത്. സീതാദേവിയായി ആലിയ ഭട്ടിനെയാണ് മനസില്‍ കരുതുന്നത്. സത്യം പറഞ്ഞാല്‍ എന്റെ മനസില്‍ രാമായണവുമായി ബന്ധപ്പെട്ട് ഒരു പ്രൊജക്ട് ആലോചിച്ചിട്ടുണ്ടായിരുന്നു.

രാവണന്റെ കഥ പറയുന്ന ഒരു സിനിമയുണ്ടായിരുന്നു. അതില്‍ രാമനായി മനസില്‍ കണ്ടത് സൂര്യയെയായിരുന്നു. അന്ന് ആ പ്രൊജക്ടിനെക്കുറിച്ച് ചില ചര്‍ച്ചകളും നടന്നിരുന്നു. രാഘവേന്ദ്ര സാര്‍ ആ പ്രൊജക്ട് സംവിധാനം ചെയ്യാനായിരുന്നു പ്ലാന്‍. പക്ഷേ ബജറ്റിനെക്കുറിച്ച് നിര്‍മാതാവുമായി ചില ചര്‍ച്ചകള്‍ ഫലം കണ്ടില്ല. രാവണന്റെ വേഷത്തിലേക്ക് എന്റെ അച്ഛനെയായിരുന്നു ഉദ്ദേശിച്ചത്,’ വിഷ്ണു മഞ്ചു പറഞ്ഞു.

വിഷ്ണു നായകനായെത്തിയ കണ്ണപ്പ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ്. 200 കോടി ബജറ്റിലൊരുങ്ങി എന്ന് അവകാശപ്പെടുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് വെറും 46 കോടി മാത്രമാണ് നേടിയത്. അക്ഷയ് കുമാര്‍, പ്രഭാസ്, മോഹന്‍ലാല്‍, കാജല്‍ അഗര്‍വാള്‍ എന്നിവരുടെ അതിഥിവേഷത്തിന് കണ്ണപ്പയെ രക്ഷിക്കാനായില്ല.

Content Highlight: Vishnu Manchu saying he planned a movie telling the story of Ravana and Suriya as Rama