വിശാലിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍
Kerala
വിശാലിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2012, 1:52 pm

ചെങ്ങന്നൂര്‍: എ.ബി.വി.പി പ്രവര്‍ത്തകന്‍ വശാലിന്റെ കൊലപാതകവുമായി  ബന്ധപ്പെട്ട് മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയിലായതായി സൂചന. ഒന്നാം പ്രതി നാസിമിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ പന്തളം സ്വദേശിയാണ് പിടിയിലായത്.[]

നാസിമിനെക്കൂടാതെ അഞ്ചാംപ്രതി പന്തളം കുഴമ്പാല സ്വദേശി ഷെഫീഖി (22) നെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ നിലനിലക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ക്രിമിനല്‍ നടപടിക്രമം 144 വകുപ്പ് പ്രകാരം ചെങ്ങന്നൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് 23 വരെയാണ് നിരോധനാജ്ഞ.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ കഴിഞ്ഞ ദിവസം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റാണ് വിശാല്‍ മരിച്ചത്.

അക്രമം നടന്ന ദിവസം ബിരുദ വിദ്യാര്‍ഥികള്‍ക്കു ക്ലാസ് തുടങ്ങുന്നതോടനുബന്ധിച്ച് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളജ് കാമ്പസിനു പുറത്തു പ്രവേശനകവാടത്തിനു താഴെ പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടു സരസ്വതി പൂജ നടത്താന്‍ തയാറെടുത്തിരുന്നു.

സരസ്വതീദേവിയുടെയും വിവേകാനന്ദന്റെയും ഛായാചിത്രങ്ങള്‍ വച്ച് ഇവിടെ വിളക്കു തെളിച്ചു. കാമ്പസിലേക്കു കടന്നുവരുന്ന വിദ്യാര്‍ഥികളെ തട്ടത്തില്‍ കരുതിയിരുന്ന കുങ്കുമവും കളഭവും അണിയിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ കടത്തിവിട്ടിരുന്നത്.  ഇതുമായി ബന്ധപ്പെട്ട ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്.