വിദ്യാര്‍ത്ഥി സംഘര്‍ഷം: വെട്ടേറ്റ എ.ബി.വി.പി പ്രവര്‍ത്തകന്‍ മരിച്ചു
Kerala
വിദ്യാര്‍ത്ഥി സംഘര്‍ഷം: വെട്ടേറ്റ എ.ബി.വി.പി പ്രവര്‍ത്തകന്‍ മരിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 17th July 2012, 8:52 am

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ കഴിഞ്ഞദിവസമുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ വെട്ടേറ്റ എ.ബി.വി.പി പ്രവര്‍ത്തകന്‍ മരിച്ചു. കോന്നി എന്‍.എസ്.എസ് കോളജിലെ വിദ്യാര്‍ഥിയായ മുളക്കുഴ കോട്ട സ്വദേശി വിശാല്‍ (20) ആണ് മരിച്ചത്. കോളേജ് കാമ്പസ് കവാടത്തിനു പുറത്ത് ഇന്നലെ രാവിലെയുണ്ടായ സംഘര്‍ഷത്തിലാണ് വിശാഖിന് വെട്ടേറ്റത്.

ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. എന്‍.എസ്.എസ് കോളേജിലെ ഒന്നാം വര്‍ഷം സുവോളജി വിദ്യാര്‍ത്ഥിയാണ് വിശാല്‍. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു വിശാല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.[]

കഴിഞ്ഞദിവസം കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ വിശാല്‍ അടക്കം മൂന്നു വിദ്യാര്‍ഥികള്‍ക്കു വെട്ടേറ്റിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് സ്വദേശി ശ്രീജിത്ത് (അമ്പിളി- 19), വെണ്‍മണി സ്വദേശി വിഷ്ണുപ്രസാദ് (20) എന്നിവര്‍ ആശുപത്രിയിലാണ്.

വിഷ്ണുപ്രസാദ് ക്രിസ്ത്യന്‍ കോളജിലെ അവസാനവര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ്. ഇവരെക്കൂടാതെ വിദ്യാര്‍ഥികളായ ആറുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും പറയുന്നു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കു ക്ലാസ് തുടങ്ങുന്ന ദിവസമായിരുന്നു ഇന്നലെ. ഇതിനോടനുബന്ധിച്ച് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളജ് കാമ്പസിനു പുറത്തു പ്രവേശനകവാടത്തിനു താഴെ പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടു സരസ്വതി പൂജ നടത്താന്‍ തയാറെടുത്തിരുന്നു.

സരസ്വതീദേവിയുടെയും വിവേകാനന്ദന്റെയും ഛായാചിത്രങ്ങള്‍ വച്ച് ഇവിടെ വിളക്കു തെളിച്ചു. കാമ്പസിലേക്കു കടന്നുവരുന്ന വിദ്യാര്‍ഥികളെ തട്ടത്തില്‍ കരുതിയിരുന്ന കുങ്കുമവും കളഭവും അണിയിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ കടത്തിവിട്ടിരുന്നത്.  ഇതുമായി ബന്ധപ്പെട്ട ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കമാണ് അക്രമത്തിന് പിന്നില്‍.

20 ഓളം പേരടങ്ങുന്ന സംഘമാണു അക്രമിച്ചതെന്നും ഇവരുടെ കൈവശം മാരകായുധങ്ങള്‍ ഉണ്ടായിരുന്നെന്നും  ചികിത്സയിലുള്ളവര്‍ പോലീസിനു മൊഴിനല്കി. ആക്രമണത്തില്‍ പരിക്കേറ്റവരുടെ നിലവിളി കേട്ടു സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു.

മൂന്നുപേരെ അക്രമിസംഘം വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി കാമ്പസുകളിലും മറ്റു വിദ്യാലയങ്ങളിലും പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എം. അനീഷ്‌കുമാര്‍ അറിയിച്ചു.