വൈറസ്; വെള്ളിത്തിരയില്‍ പടര്‍ന്ന നിപ കാലം
movie review
വൈറസ്; വെള്ളിത്തിരയില്‍ പടര്‍ന്ന നിപ കാലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th June 2019, 8:23 pm

”പേരാമ്പ്രയില്‍ എന്തോ അജ്ഞാത രോഗം ഉണ്ട് എന്ന് പറയുന്നു ഒരാളെ ആശുപത്രിയിലാക്കിയിട്ടുണ്ട്….. ഒന്ന് ചെക്ക് ചെയ്യണെ”….. ഡസ്‌കില്‍
വന്ന് എഡിറ്റര്‍ പറഞ്ഞ വാക്കുകളാണ് ഇത്. ആദ്യം വിശ്വസിച്ചില്ല. കാരണം അതിനും ഒരാഴ്ച മുമ്പാണ് പിണറായിയില്‍ ഒരമ്മ കുഞ്ഞുങ്ങളെ അടക്കം എലി വിഷം കൊടുത്ത് കൊന്നത്. അതും അജ്ഞാത രോഗം മൂലമാണെന്ന് തന്നെയായിരുന്നു ആദ്യം വാര്‍ത്ത വന്നത്….

പക്ഷേ അതൊരു തുടക്കമായിരുന്നു. പിന്നീട് ഒരോ മണിക്കൂറിലും കേട്ടത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത പേടിപ്പെടുത്തുന്ന കഥകള്‍, ഒരു നാട് മുഴുവന്‍ തകര്‍ന്നു പോകുന്ന അവസ്ഥ. ആളൊഴിയാത്ത കോഴിക്കോട് നഗരം നിശ്ചലമായി. മനുഷ്യര്‍ പരസ്പരം സംസാരിക്കാന്‍ പോലും കഴിയാതെ തളര്‍ന്നു പോയ അവസ്ഥ.

പരസ്പരം അടുത്തിരിക്കാത്ത, ഒന്ന് സംസാരിക്കുക കൂടി ചെയ്യാതെ പേടിയോടെ പരസ്പരം നോക്കുന്ന കുറെ മനുഷ്യര്‍. അതും കോഴിക്കോട് പോലെ ഒരു സ്ഥലം.

പുറത്തുവരുന്ന ചെറിയ വാര്‍ത്തകള്‍ പോലും ശരിയാണോ തെറ്റാണോ എന്ന് ഒരുപാട് തവണ ക്രോസ് ചെക്ക് ചെയ്ത് ഉറപ്പുവരുത്തി കൊടുക്കേണ്ട അവസ്ഥ. പേരാമ്പ്രയില്‍ മാത്രമല്ല മുക്കത്തും മലപ്പുറത്തും നിപ റിപ്പോര്‍ട്ട് ചെയ്തു എന്ന തുടര്‍വാര്‍ത്തകള്‍. പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കാന്‍ കഴിയാത്ത, ഒന്ന് ചുമയ്ക്കാന്‍ പോലും പേടിയാവുന്ന അവസ്ഥ.

ആളും ആരവവും ഉണ്ടായിരുന്ന മിഠായിത്തെരുവും മാനാഞ്ചിറയും ബീച്ചും വിജനമായി….. നെഞ്ചിലൊരു നോവായി ലിനി സിസ്റ്ററുടെ മരണം….. ആ കത്ത്.

ആഷിഖ് അബു നിപ കാലത്തെ സിനിമയാക്കുന്നു എന്ന വാര്‍ത്ത കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കേട്ടു. പ്രേക്ഷകന്‍ എന്ന നിലയിലുള്ള ആകാംക്ഷയും നിപ കാലത്ത് കോഴിക്കോട് ജീവിക്കുകയും ഒരു മാധ്യമസ്ഥാപനത്തില്‍ ആ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിന്റെ അനുഭവങ്ങളുമുള്ള ഒരാള്‍ എന്ന നിലയില്‍ സിനിമ എങ്ങിനെയായിരിക്കുമെന്നറിയാന്‍ വലിയ ആകാംഷയുണ്ടായിരുന്നു. അതിനുള്ള ഉത്തരം ഇന്ന്  ലഭിച്ചിരിക്കുകയാണ്.

കേരളം ഒറ്റക്കെട്ടായി നിന്ന് നിപ വൈറസിനെ ചെറുത്ത് തോല്‍പ്പിച്ചത് ആഷിഖ് അബുവും കൂട്ടരും സിനിമയാക്കിയത് കണ്ടപ്പോള്‍ ഒരു വര്‍ഷം മുമ്പ് അനുഭവിച്ച ഒരോന്നും വീണ്ടും അനുഭവിച്ചു

……………………………………

ഒരു ഫോണ്‍ വിളിയിലാണ് വൈറസ് ആരംഭിക്കുന്നത്. കോഴിക്കോട് കളക്ടറുടെ വീട്ടിലേക്ക് വരുന്ന ആ ഫോണ്‍വിളിയില്‍ നിന്ന് ആരംഭിക്കുന്ന ആദ്യ രംഗം മുതല്‍ പ്രേക്ഷകനും വെള്ളിത്തിരയും തമ്മിലുള്ള അകലം ഇല്ലാതാകുകയായിരുന്നു. അവിടെ നിന്ന് പ്രേക്ഷകനെയും കൊണ്ട് ക്യാമറ മെഡിക്കല്‍ കോളെജിലെ പി.ജി സ്റ്റുഡന്റായ ഡോക്ടര്‍ ആബിദിന്റെ ജീവിതത്തിലേക്കാണ് പോകുന്നത്.

അവിടെ നിന്ന് പതിയെ തിരിച്ചറിയാന്‍ കഴിയാത്ത ആ അജ്ഞാത രോഗത്തിന്റെ കടന്നുവരവിനെ കാണിക്കുന്നതോടെ ചിത്രം ട്രാക്കില്‍ കയറുകയാണ്. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും രാജീവ് രവി – ഷൈജു ഖാലിദ് ടീമിന്റെ ക്യാമറയും കൂടി ചേരുമ്പോള്‍ കഴിഞ്ഞ നിപ കാലം വീണ്ടും അറിഞ്ഞു.

സാജന്‍ വി നമ്പ്യാര്‍ എന്ന ഫോട്ടോഗ്രാഫറുടെ ചിത്രത്തോടെയായിരുന്നു ചിത്രത്തില്‍ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്. കോരി ചെരിയുന്ന മഴത്ത് ആശുപത്രി മാലിന്യങ്ങളുമായി പോകുന്ന രണ്ട് തൊഴിലാളികളുടെ ചിത്രം. സിനിമയിലും ആ ദൃശ്യങ്ങള്‍ പുനരവതരിപ്പിച്ചിട്ടുണ്ട്.

യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പലതരം പ്രശ്‌നങ്ങളുണ്ട്. ഒന്ന് പ്രേക്ഷകര്‍ക്ക് അറിയാവുന്ന ഒരു സംഭവം. അത് തനിമ ചോരാതെ അവതരിപ്പിക്കാന്‍ കഴിയണം. രണ്ട് അത് സിനിമാറ്റിക് ആവണം. ഡോക്യുമെന്ററികളുടെ വരണ്ട സ്വഭാവം വരാതെയും സൂക്ഷിക്കണം. ഈ അര്‍ത്ഥത്തില്‍ സിനിമാറ്റിക് ആയ ഡോക്യുഫിക്ഷന്‍ എന്ന നിലയില്‍ വൈറസിന്റെ അണിയറ പ്രവര്‍ത്തകര്‍ നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്.

ഒരുപാട് അഭിനേതാക്കള്‍ ചിത്രത്തില്‍ വന്നുപോകുന്നുണ്ട്. എന്നാല്‍ ആ വേഷങ്ങളിലേക്ക് മറ്റൊരാളെ ചിന്തിക്കാന്‍ കഴിയാത്തവിധം ജോജുവിന്റെ മെഡിക്കല്‍ കോളെജിലെ ശുചീകരണ തൊഴിലാളിയുടെ കഥാപാത്രം മുതല്‍ രേവതി അവതരിപ്പിച്ച ആരോഗ്യമന്ത്രി വരെ ഗംഭീരമായി.

ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം ആയിരുന്നിട്ടുകൂടി അതിന്റെ ബാധ്യതകള്‍ വൈറസ് നേരിട്ടിട്ടില്ല. വാണിജ്യ സിനിമകളുടെ കണ്ട് ശീലിച്ച ഫോര്‍മാറ്റില്‍ ചിന്തിക്കുമ്പോള്‍ ചിത്രത്തില്‍ ‘ഹീറോയിസം’ കാണിക്കാന്‍ പറ്റുന്ന താരങ്ങള്‍ ഉണ്ട്. എന്നാല്‍ ‘താര’ങ്ങളെ തോല്‍പ്പിച്ച് അവരിലെ അഭിനേതാക്കളെ ഉപയോഗപ്പെടുത്തി എന്നതാണ് ആഷിഖ് അബു എന്ന സംവിധായകന്റെ മിടുക്ക്.

സര്‍വൈവല്‍ ത്രില്ലര്‍ എന്ന് ചിത്രത്തിനെ ഒറ്റവാക്കില്‍ ഒതുക്കാമെങ്കിലും അതിനുമപ്പുറം കുറെ അടരുകളിലൂടെ ചിത്രം സഞ്ചരിക്കുന്നുണ്ട്. വൈറസ് ബാധയ്ക്കും പ്രതിരോധത്തിനും അപ്പുറം അതില്‍ ഉള്‍പ്പെട്ട് കഥാപാത്രങ്ങളുടെ ഒരുപാട് ഉപകഥകള്‍ മുഖ്യകഥയുടെ തീവ്രത നഷ്ടപ്പെടാതെ വൈറസ് അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്റ്റര്‍ പുറത്തുവന്ന സമയത്ത് ഉയര്‍ന്ന പ്രധാനവിമര്‍ശങ്ങളില്‍ ഒന്ന് സര്‍ക്കാരിനെ ബൂസ്റ്റ് ചെയ്യുന്ന, പ്രത്യേകിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ ഹൈലൈറ്റ് ചെയ്യുന്ന ചിത്രമായിരിക്കും വൈറസ് എന്നതായിരുന്നു. എന്നാല്‍ ഇത്തരം പ്രവചനങ്ങളെ അസ്ഥാനത്ത് ആക്കുന്ന ചിത്രമാണ് വൈറസ്.

എന്താണ് സംഭവിക്കുന്നതെന്ന് പൂര്‍ണമായും അറിയാതെ ചുറ്റും നടക്കുന്നത് അവിശ്വസനിയതയോടെ നോക്കികണ്ട ഒരു ജനതയുടെ കഥകൂടിയാണ് വൈറസ്. ആരോഗ്യ വിദ്ഗധരും സര്‍ക്കാര്‍ മെഷിനറിയും മാത്രം കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തെ വഴി തെറ്റിക്കാനും ജനങ്ങളെ പേടിപ്പിക്കാന്‍ ചില സോഷ്യല്‍ മീഡിയ തിയറിക്കാരും ചില അശാസ്ത്രീയ വൈദ്യന്മാരും ഉണ്ടായിരുന്നു. പക്ഷേ അതിനെ എല്ലാം ഒറ്റക്കെട്ടായി നേരിട്ട് കേരളം ചെറുത്ത് തോല്‍പ്പിച്ചു.

അനാവശ്യമായി ഒരു പ്രധാന്യവും ഒരു കഥാപാത്രത്തിനും കൊടുത്തിട്ടില്ല. ഒരു കഥാപാത്രത്തിനും പ്രാധാന്യം കുറച്ചിട്ടുമില്ല. ഓരോ കഥാപാത്രത്തെയും എടുത്ത് പറയാനുണ്ട്. എങ്കിലും ചിലരെ മാത്രം പറഞ്ഞുപോകുന്നു. റിയല്‍ ലൈഫ് കഥാപാത്രങ്ങള്‍ക്കൊപ്പം ചില ഫിക്ഷണല്‍ കഥാപാത്രങ്ങളും സിനിമയില്‍ ഉണ്ട്.

നീണ്ട നാളത്തെ ഇടവേളക്ക് ശേഷമാണ് പൂര്‍ണിമ ഇന്ദ്രജിത് സിനിമയിലേക്ക് തിരിച്ചുവരുന്നത്. അതിമനോഹരമായിട്ടാണ് അവര്‍ ഡോക്ടര്‍ സ്മൃതി എന്ന തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. മറ്റൊരാള്‍ സക്കരിയയാണ്. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങിയ സക്കരിയ നല്ല അഭിനേതാവ് കൂടിയാണെന്ന് തെളിക്കുന്നു. പേരാമ്പ്രയില്‍ നിപ രോഗം ആദ്യമായി വന്ന സക്കരിയ എന്ന കഥാപാത്രമായിട്ടാണ് സക്കരിയ അഭിനയിക്കുന്നത്. കൂടുതല്‍ വിശദീകരിക്കുന്നില്ല അത് ചിലപ്പോള്‍ ചിത്രം കാണാനുള്ളവര്‍ക്ക് സ്‌പോയിലര്‍ ആയേക്കാം.

ശ്രീനാഥ് ഭാസിയും ജോജു ജോര്‍ജുമാണ് എടുത്തുപറയേണ്ട മറ്റ് രണ്ട് പേര്‍. ഒരോ ചിത്രങ്ങള്‍ കഴിയുമ്പോഴും അത്ഭുതപ്പെടുത്തുന്ന നടന്‍മാരാണ് ഇവര്‍. ഒരു പക്ഷേ ശ്രീനാഥിന്റെ കരിയറിലെ തന്ന മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഡോക്ടര്‍ ആബിദ്. ഒരുപാട് ഇമോഷന്‍സിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണിത്. എത്ര മനോഹരമായിട്ടാണ് ആ മനുഷ്യന്‍ അത് അവതരിപ്പിച്ചിരിക്കുന്നത്.

ടൊവിനോ, പാര്‍വ്വതി, രേവതി, സെന്തില്‍, ഇന്ദ്രന്‍സ്, നിലമ്പൂര്‍ ആയിഷ, രമ്യ നമ്പീശന്‍, ഇന്ദ്രജിത്, പ്രകാശ്, ലുക്മാന്‍, ഉണ്ണിമായ, ആസിഫ് അലി, സൗബിന്‍, റഹ്മാന്‍, കുഞ്ചാക്കോ ബോബന്‍ … എന്നിങ്ങനെ അഭിനയിച്ച ഒരോ ആളെയും എടുത്ത് പറയുകയാണെങ്കില്‍ അതിന് മാത്രമേ സമയം തികയുകയുള്ളു.

നിപ കാലത്ത് കേട്ട ഭീതിയോടെ കേട്ട ഒന്നായിരുന്നു നിപയുടെ സ്ഥിരീകരണ വാര്‍ത്ത. അത് കുറച്ചുകൂടി ഡ്രാമാറ്റിക് ആക്കാമായിരുന്നുവെന്ന് തോന്നി. അവസാന ഭാഗത്തെ ആരോഗ്യമന്ത്രിയുടെ പ്രസംഗം ഷൈലജ ടീച്ചറെ അല്ല രേവതിയെത്തന്നെയാണ് ഓര്‍മിപ്പിച്ചത്.

നിപകാലത്ത് രോഗവ്യാപനം തടയുന്നത് പോലെതന്നെ ആരോഗ്യ വകുപ്പും സര്‍ക്കാരും കൈകാര്യം ചെയ്ത മറ്റുചില സംഭവങ്ങള്‍ കൂടിയുണ്ടായിരുന്നു. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളും ജനങ്ങളുടെ ഭീതിയെ ഇല്ലാതാക്കുന്നതിന് നടത്തിയ ശ്രമങ്ങളുമൊക്കെ ഇതില്‍ ചിലതാണ്. ആദ്യം മരിച്ച സാബിത്തിന്റെ (ചിത്രത്തില്‍ സക്കരിയ) മുസ്‌ലിം ഐഡന്റിറ്റിയും മലപ്പുറം ബന്ധവും വിദേശത്ത് ജോലിക്ക് പോയ വിഷയവുമെല്ലാം ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ മറ്റ് ചില ഉദ്ദേശത്തോടെ ഉപയോഗിക്കാന്‍ നോക്കിയതും മാധ്യമങ്ങളിലുടെ നമ്മള്‍ അറിഞ്ഞതാണ്. വളരെ ആധികാരികമായി തീവ്രവാദി ബന്ധം വരെ ആരോപിച്ചവരുണ്ട്. ഇതിനെയെല്ലാം വസ്തുനിഷ്ഠമായും ലോജിക്കലായും സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

മൂഹ്‌സിന്‍ പരാരി, ഷറഫ്, സുഹാസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒന്നിലധികം സിനിമകള്‍ പറയാനുള്ള ഒരു സംഭവത്തെ കൈയ്യടക്കത്തോടെ എന്നാല്‍ അതിന്റെ തീവ്രത നഷ്ടമാവാതെ അവതരിപ്പിക്കാന്‍ ഈ മൂവര്‍ സംഘത്തിനായി. കുറെ സംഭവങ്ങളെ എടുത്ത് തിരക്കഥാ രൂപത്തില്‍ അവതരിപ്പിക്കുന്നതായിരുന്നില്ല ഇവരുടെ രീതി. കൃത്യമായ പഠനം അവര്‍ നടത്തിയിട്ടുണ്ട്. സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള മെഡിക്കല്‍ വാക്കുകളിലുള്‍പ്പടെ ഈ ജാഗ്രത കൃത്യമായി കാണാന്‍ കഴിഞ്ഞു.

ചിത്രത്തിലെ ഗ്രാഫിക്‌സിനും ടൈറ്റില്‍ ഫോണ്ടുകള്‍ക്കും ഉപയോഗിച്ചിട്ടുള്ള കളര്‍ പാറ്റേണ്‍ വിഷയത്തിന്റെ മുറുക്കം നിലനിര്‍ത്തുന്നതില്‍ ആദ്യാവസാനം സഹായിച്ചിട്ടുണ്ട്. പച്ച, ചുവപ്പ്, നീല എന്നീ ടോണുകളിലൂടെ ഒരേ സമയം ത്രില്ലിംങ്ങും ഭീതിയും കാണികളിലേക്ക് നേരിട്ട് നല്‍കാന്‍ സാധിച്ചു.

മലയാളസിനിമയിലെ രണ്ട് മികച്ച ഛായാഗ്രാഹകരാണ് വൈറസിന്റെ ക്യാമറ ചെയ്തത്. കോഴിക്കോടിന്റെ സ്ഥിരം ലാന്റ് സ്‌കേപ്പുകള്‍ക്ക് പകരം അധികം കണ്ട് പരിചയിക്കാത്ത അതേസമയം മനോഹരമായ വിഷ്വലുകളാണ് രാജീവ് രവിയും ഷൈജു ഖാലിദും ചേര്‍ന്ന് ഒരുക്കിയത്.

കോഴിക്കോട് അരയിടത്ത് പാലത്തിന്റെ ഏരിയല്‍ ഷോട്ടുകളും രാത്രികാല ദൃശ്യങ്ങളും എടുത്ത് പറയേണ്ടതാണ്. ആഷിഖ് എന്ന സംവിധായകന്റെ ബ്രില്ല്യന്‍സ് കൂടി ചേര്‍ന്നപ്പോള്‍ വൈറസ് മലയാള സിനിമയിലെ പുതിയ ഒരു വിസ്മയമാകുകയായിരുന്നു. ചിത്രത്തില്‍ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി കാണിക്കുന്ന ചില സീനുകളുണ്ട്. ഒരു രക്ഷയും ഇല്ലാത്ത സീനുകളാണ് അത്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഒരു വട്ടമെങ്കിലും പോയവര്‍ ആ സീനുകള്‍ കാണുകയാണെങ്കില്‍ മനസിലാകും ആ സീനുകള്‍ എത്ര റിയലിസ്റ്റിക് ആയിട്ടാണ് ചെയ്തിരിക്കുന്നതെന്ന്.

ഒറ്റപ്പെട്ടുപോയ ഒരു ജനതയെ ഒത്തൊരുമിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സംഭവ കഥകൂടിയാണ് വൈറസ്. പേരാമ്പ്രയും കോഴിക്കോടും മാത്രമല്ല കേരളം ഒന്നടങ്കം ആ ദൗത്യത്തില്‍ അണിചേര്‍ന്നു. ആ ദുരന്തവും നമ്മള്‍ അതിജീവിച്ചു.

……………………………………..

ഒരു വര്‍ഷത്തിനിപ്പുറം കേരളത്തില്‍ വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എന്നാല്‍ അന്നത്തെ പോലെ ഭയമില്ല. വേണ്ടത് ജാഗ്രതയാണെന്നും അറിയാം. പഴയ പോലെ പ്രകൃതി വൈദ്യന്മാരെന്ന് അവകാശപ്പെടുന്നവര്‍ വ്യാജ പ്രചരണങ്ങളുമായി ഇറങ്ങിയിട്ടുമുണ്ട്.

സിനിമയില്‍ നിന്ന് വ്യത്യസ്തമായിട്ടൊന്നുള്ളത് മെഡിക്കല്‍ കോളെജിലെ ശുചീകരണ തൊഴിലാളികളുടെ അവസ്ഥയാണ്.സിനിമയില്‍ നിപകാലത്ത് മെഡിക്കല്‍ കോളെജില്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുമെന്ന് പറയുന്നുണ്ട്. ജോജുവിന്റെ അറ്റന്റര്‍ കഥാപാത്രം മകന് പുതിയ ബാഗ് വാങ്ങി സന്തോഷത്തോടെയാണ് മടങ്ങുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങിനെ സംഭവിച്ചിട്ടില്ല. നിപ കാലത്തെ ശുചീകരണ തൊഴിലാളികള്‍ സ്ഥിരനിയമനം ആവശ്യപ്പെട്ട് മെഡിക്കല്‍ കോളെജിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 12 ദിവസം പിന്നിട്ടു.

DoolNews Video