പത്തനംതിട്ട: കിടങ്ങന്നൂര്‍ സ്വദേശിയായ വയോധികനില്‍ നിന്ന് 45 ലക്ഷം രൂപ തട്ടാനുള്ള ശ്രമം തടഞ്ഞ് ബാങ്ക് അധികൃതര്‍. ഫെഡറല്‍ ബാങ്കിലെ ഉദ്യോഗസ്ഥരാണ് വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടാനുള്ള ശ്രമം തടഞ്ഞത്. ആറന്മുള പൊലീസിന്റെ കൃത്യസമയത്തെ ഇടപെടലും തട്ടിപ്പ് തടയുന്നതിന് സഹായകമായി.
മകനെ കേസില്‍ കുടുക്കാതിരിക്കാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പ് സംഘം വയോധികനെ സമീപിച്ചത്. പണം നല്‍കാത്തപക്ഷം മകന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ട്രാന്‍സ്ഫര്‍ ചെയ്യണമെന്നായിരുന്നു തട്ടിപ്പുകാരുടെ ആവശ്യം. കമ്പ്യൂട്ടറിന്റ മുന്നില്‍ നിന്ന് മാറരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ബാങ്ക് അധികൃതരുടെയും പൊലീസിന്റെയും ഇടപെടല്‍ ഉണ്ടാകുന്നതുവരെയുള്ള 48 മണിക്കൂര്‍ തട്ടിപ്പ് സംഘത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് വയോധികന്‍ പ്രവര്‍ത്തിച്ചത്.
വയോധികന്റെ ബാങ്ക് അക്കൗണ്ടില്‍ 45 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്നു. തട്ടിപ്പ് സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് കഴിഞ്ഞ ദിവസം ബാങ്കിലെത്തിയ ഇയാള്‍, സ്ഥിരനിക്ഷേപം പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മകന്റെ അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതെന്നാണ് വയോധികന്‍ ബാങ്കിനെ ധരിപ്പിച്ചത്. എന്നാല്‍ അക്കൗണ്ട് വിവരങ്ങളില്‍ ബാങ്ക് അധികൃതര്‍ക്ക് സമയം തോന്നുകയായിരുന്നു. മുംബൈയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ അക്കൗണ്ടായിരുന്നു വയോധികന്‍ നല്‍കിയത്.
പിന്നീട് ഇത്രയും തുക ബാങ്കില്‍ ഇല്ലെന്നും അതുകൊണ്ട് പണം പിന്‍വലിക്കാനാകില്ലെന്നും പറഞ്ഞ് വയോധികനെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു. തുടര്‍ന്ന് വീട്ടിലെത്തി ഭാര്യയെ കാര്യം അറിയിക്കുകയും ചെയ്തു. ശേഷം ആറന്മുള പൊലീസിനെയും വിവരം അറിയിച്ചു.
സംഭവത്തില്‍ പൊലീസ് സൈബര്‍ അന്വേഷണം ആരംഭിച്ചു. അടുത്തിടെ തിരുവല്ലയിലും വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടാനുള്ള ശ്രമം നടന്നിരുന്നു. 21 ലക്ഷത്തിലധികം രൂപ തട്ടാനുള്ള ശ്രമം ബാങ്ക് ഓഫ് ബറോഡയുടെ ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെട്ട് തടസപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളത്തും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സി.ബി.ഐ ചമഞ്ഞാണ് പ്രതികള്‍ പണം തട്ടിയത്. എറണാകുളം ടൗണ്‍ സ്വദേശിയായ ഡോ. സെബാസ്റ്റ്യന്‍ വി.ജെയാണ് തട്ടിപ്പിന് ഇരയായത്. ഇയാളില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയത്.