ഏഷ്യാ കപ്പില്‍ ഈ വര്‍ഷം ജയിച്ച് ഇന്ത്യ കപ്പ് നിലനിര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ടൂര്‍ണമെന്റിലെ മികച്ച ടീമാണ് ഇന്ത്യയെന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു സേവാഗ്.
‘ഇന്ത്യ ലോക ചാമ്പ്യന്മാരാണ്. ഞങ്ങള്‍ ടി – 20 വേള്‍ഡ് കപ്പ് ഈ അടുത്താണ് നേടിയത്. അവര്‍ ഏഷ്യാ കപ്പിലെ മികച്ച ടീമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വര്‍ഷം ഇന്ത്യ ഏഷ്യാ കപ്പ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ഇന്ത്യ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അവന്‍ ടി – 20 ഫോര്‍മാറ്റിലെ മികച്ച താരമാണ്. സൂര്യയുടെ കീഴിയില്‍ അവര്‍ മികച്ച പ്രകടനം നടത്തി ഏഷ്യാ കപ്പ് നേടും,’ സേവാഗ് പറഞ്ഞു.
അടുത്ത ടി – 20 ലോകകപ്പിന് ഒരുങ്ങാന്‍ ഈ ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് മികച്ച അവസരമാണെന്നും സേവാഗ് പറഞ്ഞു. ഈ ടൂര്‍ണമെന്റ് ഒരു ടീമിനെ പടുത്തുയര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ടി -20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് മികച്ച അവസരമാണ്. അത് പുതിയ താരങ്ങളെയും ടീമില്‍ ഇടം നേടാന്‍ അര്‍ഹതയുള്ളവരെയും കണ്ടെത്താന്‍ സഹായിക്കും. ലോകകപ്പിനായി ഒരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഇവിടെ നിന്ന് അവര്‍ക്ക് ആരംഭിക്കാം. ഇന്ത്യയ്ക്ക് അവരുടെ ശക്തി വിലയിരുത്താനുള്ള ഒരു വേദി കൂടിയാണ് ഇത്,’ സേവാഗ് പറഞ്ഞു.
സെപ്റ്റംബര്‍ ഒമ്പത് മുതലാണ് ഏഷ്യാ കപ്പിന് തുടക്കമാവുക. ടി -20 ഫോര്‍മാറ്റില്‍ എത്തുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 28 വരെയാണുള്ളത്. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും യു.എ.ഇയിലാണ് നടക്കുക. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.