മാധ്യമങ്ങളുടെ ഹൈപ്പില്ല, അതി നാടകീയതയില്ല, ധ്രുവ് ജുറലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍
Sports
മാധ്യമങ്ങളുടെ ഹൈപ്പില്ല, അതി നാടകീയതയില്ല, ധ്രുവ് ജുറലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th February 2024, 3:13 pm

ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റ് റാഞ്ചിയിലെ ജെ.എസ്.സി.എ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 353 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 307 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലുമാണ് മികച്ച പ്രകടനം നടത്തിയത്. ജയ്‌സ്വാള്‍ 76 റണ്‍സും, ജുറെല്‍ 90 റണ്‍സും നേടി പുറത്തായി. തന്റെ രണ്ടാം ടെസ്റ്റിനിറങ്ങിയ ജുറെല്‍ ടീമിന്റെ സമ്മര്‍ദ്ദഘട്ടത്തിലാണ് ചെറുത്തുനില്‍പ്പ് നടത്തിയത്.

രണ്ടാം ദിനം മൂന്ന് വിക്കറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ കുല്‍ദിപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ കൂടെ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയെടുത്ത് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ച ശേഷമാണ് താരം ഔട്ടായത്. അര്‍ഹിച്ച സെഞ്ച്വറി പത്ത് റണ്‍സിന് നഷ്ടമായെങ്കിലും താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് പലരും എത്തി. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ജുറെലിനെ പ്രശംസിച്ച് എക്‌സില്‍ പോസ്റ്റിട്ടു.

‘മാധ്യമങ്ങളുടെ ഹൈപ്പില്ല, അതിനാടകീയതയില്ല. മികച്ച കഴിവുകള്‍ മാത്രം. കഠിനമായ സഹചര്യത്തില്‍ നിശബ്ദനായി നിന്നുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചു. വെല്‍ ഡണ്‍ ജുറെല്‍, ആശംസകള്‍’, സെവാഗ് കുറിച്ചു.


അതേസമയം രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടിയിരിക്കുകയാണ്. 177 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ഓപ്പണര്‍ സാക് ക്രോളി 91 പന്തില്‍ നിന്ന് 60 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

ഇന്ത്യയുടെ ഇന്നിങ്സില്‍ 117 പന്തില്‍ നിന്ന് ഒരു സിക്‌സറും എട്ട് ബൗണ്ടറിയും നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. രോഹിത് രണ്ടു റണ്‍സിന് പുറത്തായതോടെ ശുഭ്മന്‍ ഗില്‍ 38 റണ്‍സ് നേടി ജയ്‌സ്വാളിന് കൂട്ടുനിന്നു. എന്നാല്‍ നാലാം നമ്പറില്‍ ഇറങ്ങിയ രജത് പാടിദര്‍ നാലു ബൗണ്ടറികള്‍ അടക്കം 17 റണ്‍സിനാണ് പുറത്തായത്.

 

രവീന്ദ്ര ജഡേജ 12 റണ്‍സില്‍ പുറത്തായപ്പോള്‍ സര്‍ഫറാസ് ഖാനും ഏറെ പ്രതീക്ഷ തന്നില്ല. 53 പന്തില്‍ നിന്ന് 14 റണ്‍സ് നേടി താരം പിടിച്ചു നിന്നിരുന്നു.

ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷോയിബ് ബഷീര്‍ 44 ഓവറില്‍ നിന്ന് എട്ട് മെയ്ഡന്‍ അടക്കം അഞ്ച് വിക്കറ്റുകളാണ് നേടിയത്. 2.90 എന്ന മികച്ച ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. ടോം ഹാര്‍ട്‌ലി ആറ് മെയ്ഡന്‍ അടക്കം മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. 2.49 എന്ന മികച്ച ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. കളിക്കളത്തിലേക്ക് റൂട്ടും പന്തെറിയാന്‍ എത്തിയിരുന്നു ഒരു ഓവറില്‍ ഒരു റണ്‍സ് വഴങ്ങി ഒരു ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.

Content Highlight: Virender Sehwag appreciated Dhruv Jurel on his X account