ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി
Sports News
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th February 2024, 12:32 pm

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 353 റണ്‍സിനാണ് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. രണ്ടാം ദിവസം 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടാണ് ഇംഗ്ലണ്ട് ഓള്‍ ഔട്ടിലേക്ക് വീണത്. അവസാന വിക്കറ്റായി ജെയിംസ് ആന്‍ഡേഴ്സണെ രവീന്ദ്ര ജഡേജ പവലിയനിലേക്ക് തിരിച്ചയക്കുമ്പോള്‍ 274 പന്തില്‍ 122 റണ്‍സുമായി ജോ റൂട്ട് പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ 103.2 ഓവറില്‍ 307 റണ്‍സിന് ഓള്‍ ഔട്ട് ആയി. 46 റണ്‍സ് ബാക്കിവെച്ചാണ് ഇന്ത്യ പുറത്തായത്.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ക്രീസില്‍ ഉണ്ടായിരുന്ന ധ്രുവ് ജുറലും കുല്‍ദീപ് യാദവുമാണ് പിടിച്ചു നിന്നത്. മൂന്നാം ദിനത്തില്‍ തുടര്‍ന്ന് ബാറ്റ് ചെയ്ത ധ്രുവ് 149 പന്തില്‍ നിന്ന് നാല് സിക്‌സറും ആറ് ബൗണ്ടറിയും അടിച്ച് 90 റണ്‍സാണ് താരം സ്വന്തമാക്കിയത്. തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. കുല്‍ദീപ് യാദവും സമാന രീതിയില്‍ അമ്പരപ്പിച്ചു. 131 പന്തില്‍ നിന്ന് 28 റണ്‍സാണ് താരം നേടിയത്. രണ്ട് ബൗണ്ടറിയും ചേര്‍ത്ത തകര്‍പ്പന്‍ ക്ലാസിക്കാണ് കുല്‍ദീപ് കാഴ്ച്ച വെച്ചത്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ വന്‍മതില്‍ വിശേഷണം അര്‍ഹിക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രകടനം.

ധ്രുവിനെ ടോം ഹാര്‍ട്‌ലി പറഞ്ഞയച്ചപ്പോള്‍ ജെയിംസ് ആന്റേഴ്‌സനാണ് കുല്‍ദിപിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ആകാശ് ദീപ് 29 പന്തില്‍ നിന്ന് 9 റണ്‍സ് നേടി പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാകുകയായിരുന്നു.

ഇന്ത്യയുടെ ഇന്നിങ്‌സില്‍ 117 പന്തില്‍ നിന്ന് ഒരു സിക്സറും എട്ട് ബൗണ്ടറിയും നേടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. രോഹിത് രണ്ടു റണ്‍സിന് പുറത്തായതോടെ ശുഭ്മന്‍ ഗില്‍ 38 റണ്‍സ് നേടി ജയ്സ്വാളിന് കൂട്ടുനിന്നു. എന്നാല്‍ നാലാം നമ്പറില്‍ ഇറങ്ങിയ രജത് പാടിദര്‍ നാലു ബൗണ്ടറികള്‍ അടക്കം 17 റണ്‍സിനാണ് പുറത്തായത്.

രവീന്ദ്ര ജഡേജ 12 റണ്‍സില്‍ പുറത്തായപ്പോള്‍ സര്‍ഫറാസ് ഖാനും ഏറെ പ്രതീക്ഷ തന്നില്ല. 53 പന്തില്‍ നിന്ന് 14 റണ്‍സ് നേടി താരം പിടിച്ചു നിന്നിരുന്നു.

ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷോയിബ് ബഷീര്‍ 44 ഓവറില്‍ നിന്ന് എട്ട് മെയ്ഡന്‍ അടക്കം അഞ്ച് വിക്കറ്റുകളാണ് നേടിയത്. 2.90 എന്ന മികച്ച ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. ടോം ഹാര്‍ട്ലി ആറ് മെയ്ഡന്‍ അടക്കം മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. 2.49 എന്ന മികച്ച ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. കളിക്കളത്തിലേക്ക് റൂട്ടും പന്തെറിയാന്‍ എത്തിയിരുന്നു ഒരു ഓവറില്‍ ഒരു റണ്‍സ് വഴങ്ങി ഒരു ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.

 

 

 

Content Highlight: India’s first innings against England is complete