സൗത്തിന്ത്യയിലെ ഏറ്റവും സുന്ദരിയായ നടി; അവള്‍ മരണപ്പെട്ടപ്പോള്‍ സങ്കടം തോന്നി: വിപിന്‍ മോഹന്‍
Entertainment
സൗത്തിന്ത്യയിലെ ഏറ്റവും സുന്ദരിയായ നടി; അവള്‍ മരണപ്പെട്ടപ്പോള്‍ സങ്കടം തോന്നി: വിപിന്‍ മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th March 2025, 2:40 pm

നാടോടിക്കാറ്റ് (1987), കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ (1988), പട്ടണപ്രവേശം (1988), വരവേല്‍പ്പ് (1989), തലയണമന്ത്രം (1990), സന്ദേശം (1991) തുടങ്ങി മലയാളത്തിലെ മികച്ച സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് വിപിന്‍ മോഹന്‍.

കന്നഡ ചിത്രങ്ങളിലൂടെ സ്വതന്ത്രഛായാഗ്രഹണം ആരംഭിച്ച അദ്ദേഹം സന്നാഹം എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. പിന്നീട് സത്യന്‍ അന്തിക്കാട് – വിപിന്‍ മോഹന്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചു. 2003ല്‍ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയുടെ ക്യാമറാമാനും വിപിന്‍ ആയിരുന്നു. ഇപ്പോള്‍ ഈ സിനിമയില്‍ നായികയായി എത്തിയ സൗന്ദര്യയെ കുറിച്ച് പറയുകയാണ് വിപിന്‍ മോഹന്‍.

സൗത്തിന്ത്യയിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു സൗന്ദര്യ എന്നാണ് വിപിന്‍ പറയുന്നത്. അതിനേക്കാള്‍ ഉപരി അവര്‍ നല്ലൊരു ആര്‍ട്ടിസ്റ്റായിരുന്നെന്നും വളരെ നല്ല സ്വഭാവമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സിനിമക്ക് വേണ്ടി വളരെ നന്നായി പ്രവര്‍ത്തിക്കുമെന്നും കൃത്യ സമയത്ത് നടി ലൊക്കേഷനില്‍ എത്തുമെന്നും വിപിന്‍ മോഹന്‍ പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൗന്ദര്യ സൗത്തിന്ത്യയിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. അതിനേക്കാള്‍ ഉപരി അവര്‍ നല്ലൊരു ആര്‍ട്ടിസ്റ്റായിരുന്നു. വളരെ നല്ല സ്വഭാവമായിരുന്നു സൗന്ദര്യക്ക്. സിനിമക്ക് വേണ്ടി വളരെ നന്നായി പ്രവര്‍ത്തിക്കും.

ചില ദിവസങ്ങളില്‍ വന്നിട്ട് ‘നാളെ എത്ര മണിക്കാണ് ഷൂട്ടിങ്ങിന് വരേണ്ടത്’ എന്ന് ചോദിക്കും. നാളെ ഒമ്പത് മണിക്ക് എത്തിക്കോളൂവെന്ന് പറഞ്ഞാല്‍ പിറ്റേന്ന് ഒമ്പതിന് മുമ്പ് സൗന്ദര്യ ലൊക്കേഷനില്‍ ഉണ്ടാകും. അങ്ങനെയൊരു കുട്ടിയായിരുന്നു അവര്‍. ആ കുട്ടി മരണപ്പെട്ടപ്പോള്‍ വലിയ സങ്കടമായിരുന്നു,’ വിപിന്‍ മോഹന്‍ പറഞ്ഞു.

Content Highlight: Vipin Mohan Talks About Soundarya Death