മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് നാടോടിക്കാറ്റ്. ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് സാധാരണ മലയാളിയുടെ ജീവിതമാണ് വരച്ച് കാട്ടിയത്. ദാസനും വിജയനുമായി മോഹന്‍ലാലും ശ്രീനിവാസനും അഭിനയിച്ച ചിത്രത്തില്‍ തിലകന്‍, ശോഭന, ഇന്നസെന്റ് തുടങ്ങിയ മലയാളത്തിലെ മികച്ച അഭിനേതാക്കളും ഒന്നിച്ചിരുന്നു.
ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ തിലകന്റെ കഥാപാത്രത്തെ കാണിക്കുന്നുണ്ടെങ്കിലും അത് യഥാര്‍ത്ഥത്തില്‍ തിലകന്‍ അല്ലായിരുന്നുവെന്ന് പറയുകയാണ് ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍.
തിലകന് അപകടം നടന്നതുകൊണ്ട് ഷൂട്ടിങ്ങിന് വരാന്‍ കഴിഞ്ഞില്ലെന്നും പകരം കോസ്റ്റ്യൂം ഡിസൈനറെ തിലകന്റെ വേഷം ഇടിയിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിപിന്‍ മോഹന്‍.
‘നാടോടിക്കാറ്റ് എന്ന സിനിമ എപ്പോള്‍ തുടങ്ങിയാലും രണ്ട് ദിവസം കഴിയുമ്പോള്‍ ബ്രേക്ക് ആകും, എന്തെങ്കിലും പ്രശ്‌നം വരും. അങ്ങനെ അഞ്ചാമത്തെ ഷെഡ്യൂള്‍ കോഴിക്കോട് നടന്നുകൊണ്ട് ഇരിക്കുകയായിരുന്നു. ഞങ്ങള്‍ എല്ലാവരും തിലകന്‍ ചേട്ടന്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു.
അപ്പോഴാണ് ഈ സിനിമയുടെ പ്രൊഡ്യൂസര്‍, കൊച്ചുമോന്‍ ചേട്ടന്‍ എന്നാണ് ഞങ്ങള്‍ വിളിച്ചുകൊണ്ടിരുന്നത്, പുള്ളി ഓടി വന്ന് തിലകന്‍ ചേട്ടന്‍ വരില്ലെന്ന് പറഞ്ഞു. സത്യന്‍ അന്തിക്കാട് എന്തുപറ്റിയെന്ന് ചോദിച്ചു. തിലകന്‍ ചേട്ടന്റെ വണ്ടി അപകടത്തില്‍ പെട്ടെന്നും ഇനി ഒരു മാസം കഴിഞ്ഞേ ശരിയാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിങ് നിര്‍ത്താം എന്ന രീതിയിലുള്ള സംസാരമെല്ലാം വന്നു. അപ്പോള്‍ സത്യന്‍ പറഞ്ഞു തീരുമാനിക്കാന്‍ വരട്ടെയെന്ന്. അന്ന് ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്‌തേ മതിയാകൂ. മൊത്തം സെറ്റും റെഡിയായി ഇരികുകയിരുന്നു. സത്യന്‍ എന്നോട് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ചു.
ഞങ്ങള്‍ നോക്കുമ്പോള്‍ നമ്മുടെ കോസ്റ്റ്യൂം ഡിസൈനറും തിലകന്‍ ചേട്ടനും ഒരേ പോലെ, ഒരേ പോലെ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഒരേ മുഖം എന്നല്ല, ശരീരം ഒരുപോലെ ഉണ്ടെന്ന് ആണ്. അങ്ങനെ അദ്ദേഹത്തെ തിലകന്‍ ചേട്ടന്റെ വേഷം ഇടിയിപ്പിച്ചാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്,’ വിപിന്‍ മോഹന്‍ പറയുന്നു.