ജയ ജയ ജയ ജയ ഹേ; ആ സീനില്‍ ആര്‍ക്കും അധിക നേരം അങ്ങനെ നില്‍ക്കാന്‍ പറ്റില്ല, ബ്രൂസ് ലീക്ക് ചിലപ്പോള്‍ പറ്റുമായിരിക്കും: വിപിന്‍ ദാസ്
Entertainment
ജയ ജയ ജയ ജയ ഹേ; ആ സീനില്‍ ആര്‍ക്കും അധിക നേരം അങ്ങനെ നില്‍ക്കാന്‍ പറ്റില്ല, ബ്രൂസ് ലീക്ക് ചിലപ്പോള്‍ പറ്റുമായിരിക്കും: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 8:50 am

 

വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ഈ സിനിമ ആ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും തിരക്കഥ ഒരുക്കിയ സിനിമക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.

സിനിമയില്‍ ദര്‍ശനയുടെ കഥാപാത്രം ബേസിലിനെ ചവിട്ടുന്ന ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ വിപിന്‍ ദാസ്. ആ ഷോട്ട് ഒറ്റ ഷോട്ടല്ലെന്നും നാലില്‍ കൂടുതല്‍ ഷോട്ടുണ്ടെന്നും എന്നാല്‍ പെട്ടന്ന് കാണുമ്പോള്‍ മനസിലാകില്ലെന്നും വിപിന്‍ ദാസ് പറയുന്നു. കാരണം ചവിട്ടി കഴിഞ്ഞ് അതേ പൊസിഷനില്‍ തന്നെ കുറെ നേരം നില്‍ക്കാന്‍ ആര്‍ക്കും തന്നെ സാധിക്കില്ലെന്നും നാല് സെക്കന്‍ഡില്‍ കൂടുതല്‍ അങ്ങനെ നില്‍ക്കാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ട് തന്നെ പല ആംഗിളില്‍ നിന്ന് കട്ട് ചെയ്താണ് ആ ഷോട്ട് എടുത്തതെന്നും വിപിന്‍ ദാസ് പറഞ്ഞു. രണ്ടര സെക്കന്റില്‍ ഒരു ഷോട്ടൊക്കെ പോകുന്ന സിനിമയില്‍ പെട്ടെന്ന് അത്തരത്തില്‍ ഒരു സീന്‍ വന്നത് പ്രേക്ഷകരില്‍ ഒരു ഷോക്ക് ക്രിയേറ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു വിപിന്‍ ദാസ്.

‘അത് ഒരു ഷോട്ടല്ല, നാലോ അഞ്ചോ ഷോട്ടുണ്ട് അതിനകത്ത്. പക്ഷേ പെട്ടെന്ന് നമ്മള്‍ക്ക് കണ്ടാല്‍ മനസിലാകില്ല. ദര്‍ശനക്ക് അങ്ങനെ കുറെ നേരം സ്റ്റാന്‍ഡ് ചെയ്ത് നില്‍ക്കാന്‍ കഴിയില്ല. ദര്‍ശനക്ക് എന്നല്ല ആര്‍ക്കും അങ്ങനെ നില്‍ക്കാന്‍ കഴിയില്ല. ബ്രൂസ്‌ലിക്ക് ഒക്കെ ചിലപ്പോള്‍ അങ്ങനെ നില്‍ക്കാന്‍ കഴിയുമായിരിക്കും. ചവിട്ടി കഴിഞ്ഞ് അങ്ങനെ കുറെ നേരം നില്‍ക്കാന്‍ പറ്റില്ല. ഒരാളെ വെച്ച് പുഷ് ചെയ്ത് നിര്‍ത്താന്‍ പറ്റും. പക്ഷേ ഇങ്ങനെ നില്‍ക്കാന്‍ 10 സെക്കന്റില്‍ കൂടുതല്‍ എന്തായാലും പറ്റില്ല.

കിക്ക് ചെയ്യുന്ന സമയം കഴിഞ്ഞ് എടുക്കാന്‍ പറ്റും. നില്‍ക്കണമെങ്കില്‍ കുറച്ച് സമയം എടുക്കും. എനിക്ക് തോന്നുന്നു, മൂന്ന് നാല് സെക്കന്റ് നില്‍ക്കുമ്പോഴേക്കും പെട്ടന്ന് കാല് താഴും. അതുകൊണ്ട് വേറെ വേറെ ആംഗിളില്‍ നിന്ന് കട്ട് ചെയ്താണ് അത് എടുത്തത്. രണ്ടര സെക്കന്റിലൊക്കെ ഒരു ഷോട്ട് പോയികൊണ്ടിരുന്ന സിനിമയില്‍ പെട്ടെന്ന് ആ രണ്ടര സെക്കന്റില്‍ നാലും മൂന്നും ഷോട്ട് വരുമ്പോള്‍ പെട്ടെന്ന് ഒരു ഷോക് വരും. പിന്നെ ആ സൗണ്ട് എഫക്ടസും എല്ലാം കൂടെ വരുമ്പോള്‍ ഒരു ഷോക് ക്രിയേറ്റ് ചെയ്തിരുന്നു,’ വിപിന്‍ ദാസ് പറയുന്നു

Content Highlight: Vipin Das talks  about the shot in the film where Darshan’s character kicks Basil.