ഫഹദിന്റെയും എസ്.ജെ സൂര്യയുടെയും കോമ്പിനേഷൻ സീനുകളാണ് ഹൈലൈറ്റ്; അടുത്ത ഗ്യാങ്സ്റ്റർ ചിത്രത്തെ കുറിച്ച് വിപിൻ ദാസ്
Entertainment
ഫഹദിന്റെയും എസ്.ജെ സൂര്യയുടെയും കോമ്പിനേഷൻ സീനുകളാണ് ഹൈലൈറ്റ്; അടുത്ത ഗ്യാങ്സ്റ്റർ ചിത്രത്തെ കുറിച്ച് വിപിൻ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th May 2024, 11:37 am

ഈ വർഷം ഇറങ്ങി മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ആവേശം. രോമാഞ്ചത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശത്തിൽ പ്രേക്ഷകർ കണ്ടത് ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമായിരുന്നു.

മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത കോമഡി ഗ്യാങ്സ്റ്റർ ചിത്രമായിരുന്നു ആവേശം. അന്യഭാഷകളിലും ഗംഭീര വരവേൽപ്പായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ഈയിടെ സംവിധായകൻ വിപിൻ ദാസ് തന്റെ ഒരു പുതിയ ചിത്രത്തെ കുറിച്ച് അനൗൺസ് ചെയ്തിരുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഫഹദും തമിഴ് നടൻ എസ്.ജെ സൂര്യയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിപിൻ ദാസ്.

ആ ചിത്രം ഒരു കോമഡി ഗ്യാങ്സ്റ്റർ പടമായിരിക്കുമെന്നും എന്നാൽ അതിന്റെ ഴോണറിനെ കുറിച്ചൊന്നും തനിക്ക് വിവരിക്കാൻ കഴിയില്ലെന്നും വിപിൻ ദാസ് പറയുന്നു. ഫഹദ് ഫാസിലും എസ്. ജെ സൂര്യയും തമ്മിലുള്ള കോമ്പിനേഷൻ സീനുകളായിരിക്കും ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നും വിപിൻ ദാസ് കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതിനെ കുറിച്ച് ഒന്നും പറയാൻ ആയിട്ടില്ല. അതൊരു ആക്ഷൻ കോമഡി ഗ്യാങ്സ്റ്റർ പടം തന്നെയായിരിക്കും. അതിന്റെ ഴോണറിനെ കുറിച്ചൊന്നും എനിക്ക് വിവരിക്കാൻ അറിയില്ല.

ഗ്യാങ്സ്റ്റർ കോമഡി സിനിമകളുടെയൊക്കെ കൂടെ പോവുന്ന, എന്നാൽ രസമുള്ള എല്ലാ സാധനങ്ങളുമുള്ള ചിത്രമാണത്. ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഒരുപാടുണ്ട്.

അങ്ങനെയാണ് സിനിമ മുന്നോട്ട് പോവുന്നത്. അതിന്റേതായ രസമൊക്കെ ആ ചിത്രത്തിനുണ്ട്. ബാക്കിയൊക്കെ നമ്മൾ ഇനി ചെയ്ത് വരുമ്പോഴാണ് അറിയുക,’വിപിൻ ദാസ് പറയുന്നു.

അതേസമയം ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഗുരുവായൂരമ്പല നടയിൽ നാളെ തിയേറ്ററുകളിൽ എത്തും. ബേസിൽ ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ യോഗി ബാബുവും ഒരു വേഷത്തിൽ എത്തുന്നുണ്ട്.

 

Content Highlight: Vipin Das Talk About His Next Gangstar Film With Fahad Fazil and S.j Surya