ടെല്‍ അവീവ്: ഗസയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് തുറന്നുസമ്മതിച്ച് ഇസ്രഈല്‍. ഗസയില്‍ കഴിഞ്ഞദിവസം നടത്തിയ വ്യോമാക്രമണത്തെ കുറിച്ചാണ് ഇസ്രഈലിന്റെ ഏറ്റുപറച്ചില്‍. സേനയെ ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്രവാദിയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രഈല്‍ സൈന്യം പറഞ്ഞു.
‘മധ്യ ഗസ മുനമ്പ് നുസൈറാത്ത് പ്രദേശത്ത് കുറച്ച് മുമ്പ് ഇസ്രഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) വ്യക്തമായ ആക്രമണം നടത്തി. ഇസ്‌ലാമിക് ജിഹാദ് സംഘടനയിലെ ഒരു തീവ്രവാദിയെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണം.
ഐ.ഡി.എഫ് സൈനികര്‍ക്കെതിരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം’, ശനിയാഴ്ച ഇസ്രഈല്‍ സേന പറഞ്ഞു.
സുരക്ഷാ ഭീഷണി മറികടക്കാനായി ഗസയിലെ സൈനിക ഓപ്പറേഷുകള്‍ തുടരുമെന്നും ഇസ്രഈലി സൈന്യം പറഞ്ഞു.
തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും സ്വയം പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവകാശമുണ്ടെന്ന വാദം നിരത്തിയാണ് ഗസയിലെ ആക്രമണത്തിനെതിരായ വിമര്‍ശനങ്ങളെ ഇസ്രഈല്‍ പ്രതിരോധിക്കുന്നത്.
അതേസമയം, സമാധാനകരാറില്‍ മധ്യസ്ഥത വഹിച്ച യു.എസും ഇസ്രഈലിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ആക്രമണത്തെ കുറിച്ച് പരാമര്‍ശിക്കാതെ വെടിനിര്‍ത്തലിന് തൊട്ടുപിന്നാലെ നടന്ന സംഭവങ്ങളെ ‘സാധാരണ’മെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിശേഷിപ്പിച്ചു.
‘പ്രശ്‌നപരിഹാരത്തിലേക്ക് അടുക്കുന്തോറും എല്ലാദിവസവും പുതിയ വെല്ലുവിളികളുയരും. ഇക്കാര്യം മുമ്പ് തന്നെ തിരിച്ചറിഞ്ഞതാണ്. എങ്കിലും കഴിഞ്ഞ 12-13 ദിവസമായി ഗംഭീരമായ പുരോഗതിയുണ്ടായെന്നാണ് അനുഭവപ്പെടുന്നത്’, മാര്‍ക്കോ റൂബിയോ മാധ്യമങ്ങളോട് പറഞ്ഞു.
നുസൈറത്തിലെ വ്യോമാക്രമണം ഗസ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട് അല്‍-അവ്ദ ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ നാല് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ഗസയിലെ നുസ്രൈതത്ത് ക്യാമ്പിലെ അല്‍-അഹ്‌ലി ക്ലബ് പരിസരത്തുള്ള ഒരു കാറിനെ ലക്ഷ്യംവെച്ചാണ് ആക്രമണമുണ്ടായതെനന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
അതേസമയം, കരാര്‍ പ്രകാരം ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നത് മന്ദഗതിയിലാണെന്ന് ആരോപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഗസക്ക് നേരെ ഭീഷണി മുഴക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഗസയില്‍ അന്താരാഷ്ട്ര സൈന്യത്തെ ഉടന്‍ വിന്യസിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
Content Highlight: violation of peace agreement, Israeli army admits airstrikes in Gaza