ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു; 24 ന്യൂസിനും സഹിന്‍ ആന്റണിയ്ക്കും എതിരെ ഒളിയമ്പുമായി വിനു വി. ജോണ്‍
Kerala News
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു; 24 ന്യൂസിനും സഹിന്‍ ആന്റണിയ്ക്കും എതിരെ ഒളിയമ്പുമായി വിനു വി. ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th October 2021, 3:37 pm

തിരുവനന്തപുരം: 24 ന്യൂസ് റിപ്പോര്‍ട്ടറായ സഹിന്‍ ആന്റണിക്ക് നേരെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി. ജോണിന്റെ ഒളിയമ്പ്. പുരാവസ്തു തട്ടിപ്പ് കേസില്‍ സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സംഭവം പരാമര്‍ശിച്ചുള്ള വിനുവിന്റെ ട്വീറ്റാണ് ചര്‍ച്ചയാവുന്നത്.

പൊലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി തന്നെ വീഴ്ത്താന്‍ കാത്തിരുന്നപ്പോള്‍ ക്രൈം ബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തത് അവനെയാണ് എന്നാണ് സഹിന്റെ പേര് പേര് പരാമര്‍ശിക്കാതെ വിനു ട്വീറ്റ് ചെയ്തത്.

മുട്ടില്‍ മരംമുറി കേസില്‍ 24 ചാനല്‍ റീജ്യണല്‍ ബ്യൂറോ ചീഫ് ദീപക് ധര്‍മ്മടം പ്രതികളുമായി സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തു വന്നത് ബ്രേക്കിംഗ് ന്യൂസായി ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാനല്‍ റേറ്റിംഗില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ഏഷ്യാനെറ്റും 24ഉം പരസ്യമായ ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്പരം ഏറ്റുമുട്ടിയത്.

മുട്ടില്‍ മരം മുറി കേസില്‍ ദീപക് ധര്‍മടം ഉള്‍പ്പെട്ടതോടെ മാധ്യമപ്രവര്‍ത്തകര്‍ പങ്കാളികളാകുന്ന കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുമെന്ന് 24 മേധാവി ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പില്‍ ആരോപണവിധേയനായ സഹിന്‍ ആന്റണിയുടെ പേര് പരാമര്‍ശിച്ച് കൊണ്ട് തന്നെ വിനു വി. ജോണ്‍ ന്യൂസ് അവര്‍ ചര്‍ച്ച നടത്തിയത്.

ഏഷ്യാനെറ്റില്‍ വിനു വി. ജോണ്‍ നയിച്ച ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സഹിന്‍ ആന്റണിയുടെ കുടുംബത്തിനെതിരെ പാനലിലിസ്റ്റായ റോയ് മാത്യു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. റോയ് മാത്യുവിനും ചാനലിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് സഹിന്റെ കുടുംബം പിന്നീട് 24 ചാനലിലൂടെ വ്യക്തമാക്കി. അടുത്ത ദിവസം തന്നെ ഖേദപ്രകടനവുമായി വിനു രംഗത്തെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം പരാമര്‍ശിച്ച് പ്രവാസി വനിതയോട് വിനു വി ജോണ്‍ നടത്തിയ പരാമര്‍ശവും ചോദ്യവും വലിയ വിവാദമായിരുന്നു.

പുരാവസ്തു തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ട്വന്റി ഫോറിന്റെ ജനപ്രീതി തകര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്ന് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ ചാനലിലൂടെ പ്രസ്താവന നടത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vinu V john’s tweet against Sahin Antony