ജാനകി vs സ്റ്റേറ്റ് ഓഫ് കേരള: കാലം ചെല്ലുന്തോറും പുറകിലേക്ക് പോവുകയാണെന്ന് തോന്നുന്നു, യുവാക്കള്‍ നാടുവിടുന്നതിന് ഇതും കാരണമാണ്: വിനു മോഹന്‍
Entertainment
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള: കാലം ചെല്ലുന്തോറും പുറകിലേക്ക് പോവുകയാണെന്ന് തോന്നുന്നു, യുവാക്കള്‍ നാടുവിടുന്നതിന് ഇതും കാരണമാണ്: വിനു മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 1:40 pm

ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരളക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഫെഫ്ക നടത്തുന്ന സമരം തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ജാനകി എന്ന പേര് സീതയുടെ പര്യായമാണെന്നും അത് മാറ്റാതെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. ഇത് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.

സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചലച്ചിത്രക്കൂട്ടായ്മയായ ഫെഫ്ക സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ ഒരുദിവസത്തെ സമരം നടത്തുമെന്ന് അറിയിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത നടന്‍ വിനു മോഹന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തന്റെ ആദ്യചിത്രമായ നിവേദ്യം ഇപ്പോഴായിരുന്നു റിലീസെങ്കില്‍ എന്താകുമെന്ന് തനിക്ക് പേടി തോന്നുന്നെന്ന് വിനു മോഹന്‍ പറഞ്ഞു.

ക്രിയേറ്റീവായ കാര്യങ്ങളുടെ മേലെ ഭരണകൂടവും മറ്റുള്ളവരും അനാവശ്യമായി ഇടപെടുന്ന കാലമാണ് ഇതെന്നും അത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും താരം പറയുന്നു. നാട്ടിലെ യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതിന് ഇത്തരം സംഭവങ്ങളും കാരണമാകുന്നുണ്ടെന്നും വിനു മോഹന്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിവേദ്യം എന്ന സിനിമ ഇന്നായിരുന്നു റിലീസെങ്കില്‍ അതിനെ എങ്ങനെ വ്യാഖ്യാനിക്കുമെന്ന് ആലോചിച്ച് പേടിയുണ്ട്. കാരണം, അതില്‍ കാണിച്ചിരിക്കുന്ന രംഗങ്ങളെ മറ്റൊരു തരത്തില്‍ വായിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇന്നുണ്ട്. സമരത്തിനിടയില്‍ ഞാനിത് മറ്റുള്ളവരോട് സംസാരിച്ചിരുന്നു. എന്റെ സിനിമക്ക് മാത്രമല്ല, പല സിനിമകള്‍ക്കും ഇതുപോലെ പ്രശ്‌നം വന്നേനെ.

നിര്‍മാല്യം എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ വിഗ്രഹത്തിലേക്ക് തുപ്പുന്ന സീനിനെ ഇന്നത്തെ കാലത്ത് പല രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്. സിനിമയെ സിനിമയായി കാണാന്‍ സാധിക്കാത്തവര്‍ക്കാണ് പ്രശ്‌നം. ക്രിയേറ്റിവിറ്റിയിലേക്ക് അനാവശ്യമായിട്ട് നടത്തുന്ന കൈകടത്തലുകളാണ് ഇതൊക്കെ. അതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്.

കാലം ചെല്ലുന്തോറും നമ്മുടെ സമൂഹം നന്നാകുമെന്ന് വിചാരിക്കുമ്പോള്‍ ഒരുപാട് വര്‍ഷം പിറകിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. അത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോഴത്തെ യുവാക്കള്‍ നാടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് ഇതുമൊരു കാരണമാണ്. അവര്‍ നോക്കുമ്പോള്‍ ഇവിടെ നടക്കുന്നത് ഇത്തരം കാര്യങ്ങളാണ്. അതില്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല,’ വിനു മോഹന്‍ പറയുന്നു.

Content Highlight: Vinu Mohan shares his opinion on Janaki vs State of Kerala and Censor Board issue